ഓണ്‍ലൈന്‍ വിലക്കിഴിവില്‍ സര്‍ക്കാര്‍ പിടിമുറുക്കി; സ്മാര്‍ട്ട് ഫോണ്‍ കച്ചവടക്കാര്‍ക്ക് തിരിച്ചുവരവ്

മുംബൈ: ഓണ്‍ലൈന്‍ വിപണിയിലെ വിലക്കിഴിവുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഓണ്‍ലൈന്‍ വില്‍പനക്കാരുമായുള്ള മത്സരത്തില്‍ പിന്നോട്ടുപോയ സാധാരണ കച്ചവടക്കാര്‍ തിരിച്ചുവരുന്നു. ജൂണിലെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പന ഏഴു ശതമാനം ഇടിഞ്ഞ് വിപണിയുടെ 28 ശതമാനമായി. വിലകളിലുള്ള അന്തരം കാര്യമായി കുറഞ്ഞതോടെ ഉപഭോക്താക്കള്‍ വീണ്ടും സമീപത്തെ കച്ചവടക്കാരിലേക്ക് തിരിഞ്ഞതോടെയാണിത്. രണ്ടു സാമ്പത്തിക പാദങ്ങളിലെ മോശം പ്രകടനത്തിനുശേഷം സ്മാര്‍ട്ട്ഫോണ്‍ വിപണി 17 ശതമാനമുയര്‍ന്ന് 2.75 കോടി യൂനിറ്റുകളിലത്തെിയ സമയത്താണിതെന്നും വിപണി ഗവേഷകരായ ഐ.ഡി.സി പറയുന്നു. 
ഇ-കോമേഴ്സ് വിപണികളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ആമസോണും ഫ്ളിപ്കാര്‍ട്ടും പോലുള്ള ഓണ്‍ലൈന്‍ വിപണികള്‍ തങ്ങളുടെ വിപണിയിലെ വിലയില്‍ സ്വാധീനം ചെലുത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് ഓണ്‍ലൈന്‍-ഓഫ്ലൈന്‍ വിപണികള്‍ തമ്മിലുള്ള മത്സര ക്ഷമത വര്‍ധിപ്പിച്ചെന്ന് ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ജയ്ദീപ് മത്തേ പറയുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വില്‍പനയുടെ 35 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരുന്നു. ഓണ്‍ലൈനില്‍മാത്രം വിറ്റിരുന്ന ഷിയോമി, ലീകോ തുടങ്ങിയവ മറ്റു വില്‍പനക്കാരിലേക്കും തിരിഞ്ഞതും മാറ്റത്തിന് കാരണമാണ്. 320ഓളം കടകളുള്ള സംഗീത മൊബൈല്‍സ് അവകാശപ്പെടുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ -ആഗസ്റ്റ് കാലയളവില്‍ 20 ശതമാനം വില്‍പന വര്‍ധനവുണ്ടെന്നാണ്. ജനുവരി മാര്‍ച്ച് പാദത്തില്‍ ഇ-കോമേഴ്സ് കമ്പനികളുടെ വില്‍പനയില്‍ 49 ശതമാനവും സ്മാര്‍ട്ട്ഫോണുകളായിരുന്നുവെന്ന് റെഡ്സീര്‍ കണ്‍സള്‍ട്ടിങ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.