പണം ചോരാതിരിക്കാന്‍ ആവാം അല്‍പം സൂക്ഷ്മത

പണം കൈയില്‍ കൊണ്ടുനടന്നാല്‍ നാട്ടിലെ കള്ളന്മാര്‍ പോക്കറ്റടിക്കുമെന്ന് ഭയന്നാണ് അലമാരയിലോ ലോക്കറിലോ ഒക്കെ വെക്കാന്‍ തുടങ്ങിയത്. അപ്പോള്‍ നാടന്‍ മുതല്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാര്‍വരെ എത്തി വീടും അലമാരയും ലോക്കറും കുത്തിത്തുറന്ന് പണവുമായി പോയി. ഇത് ഭയന്നാണ് പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ അന്താരാഷ്ട്ര കവര്‍ച്ചക്കാര്‍ എത്തി പാസ്വേഡ് കവര്‍ന്ന് പണവുമായി പോവുകയാണ്. 
നാട്ടിലെ ഈച്ചയെ പേടിച്ച് ഇംഗ്ളണ്ടില്‍ പോയ ആളെ വ്യാളി പിടിച്ചു എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. അത്യാവശ്യത്തിനുള്ള പണം എവിടെ സൂക്ഷിക്കുമെന്നറിയാതെ നെട്ടോട്ടത്തിലാണ് സാധാരണക്കാര്‍. പോക്കറ്റും വീടും ബാങ്കും ഒന്നും പൂര്‍ണ സുരക്ഷിതമല്ലാത്ത കാലത്ത് സ്വന്തം പണം സൂക്ഷിക്കാന്‍ സ്വയം മുന്‍കരുതല്‍ എടുക്കുകയാണ് കരണീയം. 
തട്ടിപ്പ് വരുന്ന വഴി
നമ്മുടെ പണം കവരാന്‍ പല രീതിയിലാണ് ആളുകള്‍ എത്തുന്നത്. ഫോണ്‍ സന്ദേശങ്ങളായും വ്യാജ ഡ്രാഫ്റ്റുകളായും ഇ-മെയിലുകളായും നമ്മെ കവരാന്‍ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 
കുറച്ചുമാസം മുമ്പ് വ്യാപാരികള്‍ക്ക് പണം നഷ്ടമായത് വ്യാജ ഡ്രാഫ്റ്റ് വഴിയായിരുന്നു. ഡല്‍ഹിയില്‍നിന്ന് വന്‍ ഓര്‍ഡറാണ് അന്ന് ചില വ്യാപാരികള്‍ക്ക് എത്തിയത്. അയക്കുന്ന ചരക്കിന്‍െറ വിലയായി മുന്‍കൂര്‍ ഡ്രാഫ്റ്റും എത്തി. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഡ്രാഫ്റ്റ് നമ്പറും ശാഖയുമെല്ലാം കൃത്യം. തുക ഒത്തുനോക്കാന്‍ മിക്കവരും സമയം കളഞ്ഞില്ല; കിട്ടിയ ഓര്‍ഡര്‍ വഴിമാറിപ്പോകും മുമ്പ് സാധനം കയറ്റിയയച്ചു. പലര്‍ക്കും ഏഴ് മുതല്‍ പത്ത് ലക്ഷം രൂപയുടെവരെ ഓര്‍ഡറും അതിനുള്ള ഡ്രാഫ്റ്റുമാണ് ലഭിച്ചത്. 
ഡ്രാഫ്റ്റ് ബാങ്കില്‍ സമര്‍പ്പിച്ചപ്പോഴാണ് ഞെട്ടിയത്; മൊത്തം മൂല്യം അഞ്ഞൂറ് രൂപ!  കല്‍ക്കത്തയില്‍ മാറാവുന്ന 500 രൂപയുടെ ഡി.ഡിയെടുത്ത് അതില്‍ കൃത്രിമം നടത്തി തുകയും പണം കൈപ്പറ്റേണ്ടയാളുടെ വിലാസവുമെല്ലാം വിദഗ്ധമായി മാറ്റിയാണ് ലക്ഷങ്ങളുടെ ഡി.ഡിയാക്കി മാറ്റിയത്. ഓര്‍ഡറിനൊപ്പം നല്‍കിയ വിലാസവും തെറ്റായിരുന്നു. 
ഡല്‍ഹിയിലെ ഒരു ഏജന്‍സിയുടെ വിലാസത്തിലാണ് വസ്തുക്കള്‍ അയക്കാന്‍ നിര്‍ദേശിച്ചിരുന്നത്. 
ചതി മനസ്സിലായതിനെതുടര്‍ന്ന് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴേക്കും വസ്തുക്കള്‍ കൈപ്പറ്റി തട്ടിപ്പ് സംഘം നാടുകടന്നിരുന്നു. ബില്‍ഡിങ് പാനലുകള്‍, എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍ എന്നിവയായിരുന്നു വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടത്. ഒരിക്കല്‍ കൈപൊള്ളിയ വ്യാപാരികള്‍ ഉത്തമ വിശ്വാസമുള്ളവരില്‍നിന്നല്ലാതെ ഡി.ഡി കൈപ്പറ്റി സാധനങ്ങള്‍ അയക്കില്ളെന്ന് തീരുമാനിച്ചു. 
ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുള്ളവരില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന രീതി വന്നത്. ബാങ്കില്‍നിന്ന് അക്കൗണ്ട് വെരിഫിക്കേഷന് എന്നു പറഞ്ഞും എ.ടി.എം കാര്‍ഡ് പുതുക്കാനെന്ന പേരിലും ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും എ.ടി.എം കാര്‍ഡ് നമ്പര്‍, പാസ്വേഡ്, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ചോദിക്കുക എന്നതായി അടുത്ത തന്ത്രം. 
ദോഷം പറയരുതല്ളോ, ആരാണ് വിളിച്ചതെന്നുപോലും അന്വേഷിക്കാതെ പലരും കൃത്യമായി വിവരങ്ങള്‍ നല്‍കി. തെറ്റായ വിവരങ്ങള്‍ കിട്ടി മോഷ്ടാവ് ബുദ്ധിമുട്ടരുതല്ളോ. 
പുതിയ ട്രെന്‍ഡായ സ്മാര്‍ട്ട്  ഫോണ്‍വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും തട്ടിപ്പില്‍ കുടുങ്ങുന്നുണ്ട്. ഇന്‍റര്‍നെറ്റില്‍ കിട്ടുന്ന ഒരുവിധപ്പെട്ട സൗജന്യ ആപ്പുകളെല്ലാം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തില്ളെങ്കില്‍ കുറച്ചിലാണെന്ന് കരുതുന്ന ‘ന്യൂ ജന്‍ ബ്രോ’സാണ് ഇത്തരത്തില്‍ തട്ടിപ്പില്‍ കുടുങ്ങുന്നത്.  
സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വിവിധ ആപ്ളിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവവഴി ഉടമയറിയാതെതന്നെ, ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന പേര്, ഫോണ്‍ നമ്പര്‍, ഓണ്‍ലൈന്‍ പണമിടപാട് വിവരങ്ങള്‍, അക്കൗണ്ട് നമ്പര്‍, പാസ്വേഡ് തുടങ്ങിയവ മറ്റു പല കേന്ദ്രങ്ങളുമായി പങ്കുവെക്കപ്പെടുന്നുണ്ട്. ഇത് തട്ടിപ്പുകാരിലേക്കും എത്തും. 

കൂടുതല്‍ വിദഗ്ധര്‍ വിദേശികള്‍
ഫോണിലും ഇ-മെയിലും വിവരങ്ങള്‍ കൈമാറാത്തവരെ തേടിയാണ് വിദേശികള്‍ നേരിട്ട് അവതരിക്കുന്നത്. തട്ടിപ്പ് നടത്താന്‍ റുമാനിയക്കാര്‍ മാത്രമല്ല, നൈജീരിയക്കാരും കെനിയക്കാരുമെല്ലാം ഇവിടേക്ക് വണ്ടിപിടിച്ചിട്ടുണ്ട്. അവരുടേത് ഹൈടെക് തട്ടിപ്പാണെന്നുമാത്രം. അക്കൗണ്ട് നമ്പറും പിന്‍ നമ്പറുമൊക്കെ പറഞ്ഞുകൊടുക്കാത്തവരില്‍നിന്ന് അത് ചോര്‍ത്തിയെക്കുന്നതില്‍ വിദഗ്ധരാണിവര്‍. നിങ്ങളുടെ പോക്കറ്റിലുള്ള എ.ടി.എം കാര്‍ഡിന്‍െറ പിന്‍ഭാഗത്ത് ഒരു കറുത്ത ഭാഗമുണ്ട്. അതാണ്  മാഗ്നറ്റിക് സ്ട്രിപ്. മലയാളത്തില്‍ പറഞ്ഞാല്‍ എ.ടി.എം കാര്‍ഡിന്‍െറ തലവര. എ.ടി.എമ്മില്‍ ഉപയോഗിക്കുന്ന രഹസ്യ പിന്‍ നമ്പര്‍ ഒഴികെ അക്കൗണ്ടിനെ  സംബന്ധിച്ച സകല വിവരവും അതിലുണ്ട്. അതിന് എന്തെങ്കിലും പോറല്‍ സംഭവിച്ചാല്‍ കാര്‍ഡ് പ്രവര്‍ത്തിക്കില്ല, പണവും കിട്ടില്ല. 
എ.ടി.എം മെഷീനില്‍ സ്ഥാപിച്ച സ്കിമ്മര്‍ വഴി മാഗ്നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വായിച്ച് ഉറപ്പുവരുത്തിയശേഷം അതും പിന്‍ നമ്പറും ഒത്തുവന്നാലേ പണം ‘അനുവദിക്കൂ’. അല്ളെങ്കില്‍ ക്ഷമാപണത്തോടെ എ.ടി.എം കാര്‍ഡ് തിരിച്ചുതരും. വിദഗ്ധരായ വിദേശി പോക്കറ്റടിക്കാര്‍ ചെയ്തത് എ.ടി.എമ്മില്‍ സ്കിമ്മര്‍ സ്ഥാപിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുകയാണ്. 
ഈ വിവരങ്ങള്‍ കിട്ടിയതുകൊണ്ടുമാത്രം കാര്യമില്ല, പിന്‍ നമ്പറും കിട്ടണം. അതിനാണ് എ.ടി.എം കൗണ്ടറില്‍ സ്വന്തം നിലക്ക് കാമറകള്‍ സ്ഥാപിച്ചത്. കാമറകള്‍ ഉപയോഗിച്ച് ഇടപാടുകാരന്‍െറ വിരല്‍ ചലനങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കി പിന്‍ നമ്പറും പണവും ചോര്‍ത്തി. കാര്യം സിമ്പിള്‍.

സൂക്ഷിക്കണം സന്ദേശങ്ങളെയും
അടുത്ത ദിവസങ്ങളിലായി ബാങ്കുകളില്‍നിന്ന് നിരവധി സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ചിലത്, നിങ്ങളുടെ എ.ടി.എം കാര്‍ഡിന്‍െറ വിവരങ്ങള്‍ ചോദിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ളെന്ന പതിവ് സന്ദേശങ്ങള്‍. വേറെ ചിലത്, സ്റ്റേറ്റ് ബാങ്കിന്‍െറ ലയനവുമായി ബന്ധപ്പെട്ട് പുതിയ കാര്‍ഡ് തയാറാക്കാന്‍ നിലവിലുള്ള അക്കൗണ്ടിന്‍െറ വിവരങ്ങള്‍ ആവശ്യപ്പെടുന്നവ. ഇത് തട്ടിപ്പാണ്. ഒരുകാരണവശാലും നല്‍കരുത്. ബാങ്കിനെ വിവരമറിയിക്കണം. പണമെടുത്താലും ഷോപ്പിങ് നടത്തിയാലും വരും സന്ദേശം. ഇതും ശ്രദ്ധിക്കുക. നിങ്ങള്‍ എടുക്കാത്തതോ ചെലവഴിക്കാത്തതോ ആയ  പണം സംബന്ധിച്ചാണ് സന്ദേശം വരുന്നതെങ്കില്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടണം. 

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

  • ബാങ്കില്‍നിന്ന് എന്ന പേരില്‍ വരുന്ന ഫോണ്‍കാളുകള്‍ക്ക്  മറുപടിയായി പാസ്വേഡ് പറഞ്ഞുകൊടുക്കാതിരിക്കുക. ഒരു ബാങ്കും ഫോണില്‍ രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെടാറില്ല. 
  • രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശം വന്നാല്‍ ഉടന്‍ ബാങ്കിന്‍െറ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടുക.
  • ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, രഹസ്യ നമ്പര്‍ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക.
  • കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡ് കണ്‍മുന്നില്‍വെച്ചുതന്നെ സൈ്വപ്പ് ചെയ്യാന്‍ നിര്‍ദേശിക്കുക.
  • കാര്‍ഡ് വഴി പണമടക്കുമ്പോള്‍ ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക.
  • സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ തുടങ്ങിയവക്കായി വ്യാപാര സ്ഥാപനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ കൈമാറരുത്. പകരം  നേരിട്ട് ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തുക.
  • സ്മാര്‍ട്ട് ഫോണുകളില്‍ ആപ്ളിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നില്ളെന്ന് ഉറപ്പുവരുത്തുക. 
  • നിശ്ചിത കാലയളവില്‍ പിന്‍നമ്പറുകള്‍ മാറ്റുക. 
  • പിന്‍ നമ്പര്‍ ചോര്‍ന്നുവെന്ന് സംശയം തോന്നിയാല്‍ ഉടന്‍ മാറ്റുക. 
  • ബാങ്കില്‍ അക്കൗണ്ടെടുക്കുന്ന സമയത്ത്  നല്‍കിയ ഫോണ്‍ നമ്പറില്‍ മാറ്റം വന്നാല്‍  ബാങ്കിനെ അറിയിക്കുക. പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് ആ നമ്പറിലേക്കാണ് സന്ദേശമായി അയക്കുന്നത്. 
  • എ.ടി.എം കൗണ്ടറില്‍ കയറിയാല്‍ ചുറ്റുവട്ടം നിരീക്ഷിക്കുക. അപരിചിത വ്യക്തികള്‍ മാത്രമല്ല; പരിചയമില്ലാത്ത ഉപകരണങ്ങളും സമീപത്തുണ്ടോ എന്ന് നോക്കാം 
  • രഹസ്യകോഡ് അടിക്കുന്ന ഡയല്‍ പാഡ് കാണാന്‍ പാകത്തിലാകും പലപ്പോഴും ഒളികാമറ. അത്തരം എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ബാങ്കിനെ അറിയിക്കുക. 
  • കാര്‍ഡ് ഇന്‍സെര്‍ട്ട് ചെയ്യുന്ന ഭാഗവും പരിശോധിക്കുക. അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ബാങ്കിനെ അറിയിക്കുക.
  • പെട്രോള്‍ പമ്പിലും മറ്റും ഇന്ധനം നിറക്കുന്നതിന് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ മടി വിചാരിക്കാതെ നേരിട്ട് പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. പലരും ഇതിന് ജീവനക്കാരുടെ സഹായം തേടാറുണ്ട്. 
  • ബാക്കിയെല്ലാം ഭാഗ്യം പോലെ!
     
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.