മിടുക്കുണ്ടെങ്കില്‍ കാലിഫോര്‍ണിയയില്‍  ഫേസ്ബുക് അധികൃതരുമായി സംവദിക്കാം

മിടുക്കരായ വിദ്യാര്‍ഥി സംരംഭകര്‍ക്ക് ഫേസ്ബുക് അധികൃതരുമായി കാലിഫോര്‍ണിയയില്‍ സംവദിക്കാന്‍ അവസരമൊരുങ്ങുന്നു. സംസ്ഥാനത്തെ അമ്പത് വിദ്യാര്‍ഥി സംരംഭകര്‍ക്കാണ് അവസരം.  
കൊച്ചി സ്റ്റാര്‍ട്ടപ് വില്ളേജിന്‍െറ ഡിജിറ്റല്‍ രൂപത്തിലുള്ള രണ്ടാം ഘട്ടമായ തിരുവനന്തപുരത്തെ സ്റ്റുഡന്‍റ്സ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായ എസ്വി. കോ (SV.CO) ആണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇവര്‍ സംഘടിപ്പിക്കുന്ന ആറു മാസത്തെ സിലിക്കണ്‍വാലി വിദ്യാര്‍ഥി സംരംഭക പരിശീലന ഭാഗമായാണ് രാജ്യാന്തര ഐ.ടി സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കുമായി സഹകരിക്കുന്നത്. എസ്വി.കോ തെരഞ്ഞെടുക്കുന്ന 50 സ്റ്റാര്‍ട്ടപ് ടീമുകളിലെ വിദ്യാര്‍ഥികള്‍ക്ക് കാലിഫോര്‍ണിയയില്‍ ഫേസ്ബുക് ആസ്ഥാനമായ മെന്‍ലോ പാര്‍ക്കില്‍ പരിശീലനം നല്‍കും. 
മെന്‍ലോ പാര്‍ക്കില്‍ ആറുദിവസം ഫേസ്ബുക്കിന്‍െറ ഡെവലപ്പര്‍ ടീമുകളുമായി ആശയവിനിമയം നടത്താനും സ്വന്തം സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ അവര്‍ക്കുമുന്നില്‍ അവതരിപ്പിച്ച് മാര്‍ഗനിര്‍ദേശം തേടാനും പരിശീലനത്തിന്‍െറ ഭാഗമായി അവസരം ലഭിക്കുമെന്ന് സ്റ്റാര്‍ട്ടപ് വില്ളേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറയുന്നു. ആതിഥേയരെന്ന നിലയില്‍ ഫേസ്ബുക് ഈ വിദ്യാര്‍ഥികളെ അതിന്‍െറ സ്റ്റാര്‍ട്ടപ് പ്രോഗ്രാമിന്‍െറ ഭാഗമാക്കും. 
ഉല്‍പന്നങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാത്രമല്ല, എസ്വി.കോയുടെ പ്രോഗ്രാമുകളിലെ കോഴ്സ് വികസനത്തിനും ഫേസ് ബുക്കിന്‍െറ സഹായം ലഭിക്കും. 
ലോകമെങ്ങുമുള്ള മികച്ച പ്രതിഭകളുമായി ആശയവിനിമയം നടത്താനും വിജയകരമായി സ്റ്റാര്‍ട്ടപ്പുകളെ രൂപപ്പെടുത്താനും ഈ പരിശീലനം വിദ്യാര്‍ഥികളെ സഹായിക്കുമെന്ന്  സഞ്ജയ് വിജയകുമാര്‍ വ്യക്തമാക്കി. എന്‍ജിനീയറിങ് സാങ്കേതികവിദ്യാ മേഖലകളില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയും നൂതനാശയങ്ങളും വികസിപ്പിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് ഫേസ്ബുക് പ്രോഡക്ട് പാര്‍ട്ണര്‍ഷിപ് വിഭാഗത്തിലെ സത്യജിത് സിങ് അറിയിച്ചു.
എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളില്‍നിന്ന് മികച്ച 50 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് ആറുമാസത്തെ പരിശീലനം നല്‍കുന്ന പരിപാടിയാണ് എസ്വി.കോ നടത്തുന്നത്. ഓരോ സ്റ്റാര്‍ട്ടപ് ടീമിലും മൂന്നു മുതല്‍ അഞ്ചുവരെ വിദ്യാര്‍ഥികളുണ്ടാകും. 
3500 കോളജുകളിലെ 50 ലക്ഷം വിദ്യാര്‍ഥികളെയാണ് സിലിക്കണ്‍വാലി പരിശീലന പരിപാടി ലക്ഷ്യംവെക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.