ഫോണ്‍ വിളിയുടെ  നിലവാരവും ഇനി  ട്രായ് പറഞ്ഞുതരും

ന്യുഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഇനി ഫോണ്‍ വിളികളുടെ നിലവാരവും പറഞ്ഞുതരും. ട്രായ് മൈസ്പീഡ് അനലിറ്റിക്കല്‍ പോര്‍ട്ടലാണ് (http://analytics.trai.gov.in) ഇതിനായി കഴിഞ്ഞയാഴ്ച തുറന്നത്. വിളികളുടെ ശബ്ദ മേന്മ വിലയിരുത്താനുള്ള സംവിധാനമുള്‍പ്പെടെ പോര്‍ട്ടല്‍ വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉപഭോക്താവിന്‍െറ പ്രദേശത്തെ ഓരോ കമ്പനികളുടെയും ടവര്‍, നെറ്റ്വര്‍ക്  വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി അറിയാം. വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ മൈസ്പീഡ്, ഡ്രൈവ് ടെസ്റ്റ്, ക്വാളിറ്റി ഓഫ് സര്‍വിസ് എന്നീ മൂന്നു വിഭാഗങ്ങളാണുള്ളത്. ക്വാളിറ്റി ഓഫ് സര്‍വിസ് പോര്‍ട്ടലാണിതില്‍ പ്രധാനം. സിഗ്നല്‍ ശക്തി, വിളി മുറിയല്‍ നിരക്ക്, ടവറുകളുടെ എണ്ണം, ഒരു മേഖലയിലെ സേവനദാതാക്കളുടെ പ്രകടനം എന്നിവയാണിതില്‍ വ്യക്തമാവുക. സിം ഏതുവേണമെന്ന് തെരഞ്ഞെടുക്കുന്നതിന് മുമ്പ് കമ്പനികളുടെ വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ മനസ്സിലാക്കാം. നേരത്തേ ഡേറ്റ വേഗം വ്യക്തമാക്കുന്ന മൈ സ്പീഡ് ആപ്പും ട്രായ് പുറത്തിറക്കിയിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.