യുവസംരംഭകര്‍ വീണ്ടും ഒരുമിക്കുന്നു; ആശയങ്ങള്‍ പങ്കുവെക്കാന്‍

സംസ്ഥാനത്തെ യുവസംരംഭകര്‍ ഇയാഴ്ച വീണ്ടും ഒത്തുകൂടുന്നു; ആശയങ്ങള്‍ പങ്കുവെക്കാന്‍. ഒപ്പം വിജയികളുടെ അനുഭവങ്ങള്‍ക്കും അവര്‍ കാതോര്‍ക്കും. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് (കെ.എസ്.ഐ.ഡി.സി) വേദിയൊരുക്കുന്നത്. സെപ്റ്റംബര്‍ 12ന് എറണാകുളം ക്രൗണ്‍ പ്ളാസയില്‍ നടക്കുന്ന യുവസംരംഭകത്വ സംഗമം ആശയങ്ങളുടെ കൈമാറ്റ വേദിയാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ യുവസംരംഭകത്വ സംഗമം വന്‍ വിജയമായിരുന്നു. ‘കണക്ടിവിറ്റി ആന്‍ഡ് നെറ്റ്വര്‍ക്കിങ് (ക്യാന്‍)’ എന്നതാണ് ഇത്തവണത്തെ ഒത്തുചേരലിന്‍െറ പ്രമേയം. 
വിദ്യാര്‍ഥികളിലും യുവാക്കളിലും സംരംഭകത്വ സംസ്കാരം വളര്‍ത്തുക ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം തുടക്കമിട്ട യുവസംരംഭകത്വ സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം 4800 ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. സംഗമത്തിന്‍െറ വിജയത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും വ്യവസായ വകുപ്പും വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു. കെ.എസ്.ഐ.ഡി.സി വഴി രൂപംനല്‍കിയ പദ്ധതികള്‍ക്ക്  കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും കേരള സ്റ്റാര്‍ട്ടപ് മിഷനും പങ്കാളിത്തം വഹിക്കുന്നുണ്ട്. യുവപ്രതിഭകള്‍ക്കും സംരംഭകര്‍ക്കും ഇന്‍കുബേഷന്‍ സൗകര്യം, സാമ്പത്തിക പിന്തുണ, ഉപദേശ നിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് ഇതിന്‍െറ ഭാഗമായി നടപ്പാക്കുന്നത്. 
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ 4200 ചതുരശ്രമീറ്ററിലായി സജ്ജീകരിക്കുന്ന ഇന്‍കുബേഷന്‍ സെന്‍ററില്‍ 120 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഇപ്പോള്‍ 12 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 25 കമ്പനികള്‍ക്ക് ഇവിടെ പ്രവര്‍ത്തന സൗകര്യമുണ്ടാകും. ഇതിനു പുറമേ സംസ്ഥാനത്തെ ഐ.ടി, എന്‍ജിനീയറിങ് ഇതര കോളജുകളില്‍ ഇന്‍കുബേഷന്‍ സെന്‍ററുകളും നൈപുണ്യ വികസനകേന്ദ്രങ്ങളും സജ്ജീകരിക്കുന്നുമുണ്ട്. ഇതോടൊപ്പം, കോളജുകള്‍ വഴി യുവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി ഒരു കമ്പനിക്ക് 25 ലക്ഷം രൂപവരെ സഹായധനം നല്‍കുന്ന സീഡ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 10 കമ്പനികള്‍ ഇതിന്‍െറ അടിസ്ഥാനത്തില്‍ ധനസഹായം സ്വീകരിച്ചതായി കെ.എസ്.ഐ.ഡി.സി വിശദീകരിക്കുന്നു. 
കളമശ്ശേരിയില്‍ 13.2 ഏക്കറില്‍ കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണിന്‍െറ നിര്‍മാണം കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചുലക്ഷം ചതുരശ്ര അടിയില്‍ വിവിധ മേഖലകളില്‍നിന്നുള്ള ഇന്‍കുബേറ്ററുകള്‍ സജ്ജീകരിക്കുന്നതിനാണിത്. ഓഫിസ്, ഡിസൈന്‍ സ്റ്റുഡിയോകള്‍, ഓഡിറ്റോറിയങ്ങള്‍, താമസസൗകര്യം തുടങ്ങിയവയും ഒരുക്കും. 
12ന് നടക്കുന്ന ‘യുവസംരംഭകത്വ സംഗമം-2015’ല്‍ പങ്കെടുക്കുന്നതിന് ഓരോ കോളജില്‍ നിന്നും 10 വിദ്യാര്‍ഥികളെയും മൂന്ന് പ്രതിനിധികളെയും പ്രത്യേകം ക്ഷണിച്ചിച്ചുണ്ട്. യുവസംരംഭകരുമായി സംവദിക്കാന്‍ പ്രമുഖ സ്റ്റാര്‍ട്ടപ് സ്ഥാപകരെയും സംരംഭകരെയും പങ്കെടുപ്പിക്കുകയും ചെയ്യും. 
ബിസിനസ് പ്രമുഖര്‍, വെന്‍ച്വര്‍ കാപിറ്റലിസ്റ്റുകള്‍, എയ്ഞ്ചല്‍ ഫണ്ടുകള്‍ തുടങ്ങിയവരുമായി സംവദിക്കാനും പ്രതിനിധികള്‍ക്ക് അവസരം നല്‍കും. ഇതോടൊപ്പം ഇത്തവണയും  പുതുമയുള്ള ആശയങ്ങള്‍ക്ക് മത്സരവുമുണ്ട്. ഇതിനകം ലഭിച്ച 517 നൂതന ആശയങ്ങളില്‍നിന്ന് പത്തെണ്ണം തെരഞ്ഞെടുത്ത് ഏറ്റവും മികച്ച ആശയത്തിന് ഒരുലക്ഷം രൂപയും രണ്ടാമത്തേതിന് 50,000 രൂപയും മൂന്നാമത്തേതിന് 30,000 രൂപയും സമ്മാനം നല്‍കും. മറ്റ് ഏഴ് ആശയങ്ങള്‍ക്ക് 25,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.