റബര്‍വില വീണ്ടും താഴേക്ക്

കോട്ടയം: സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നില്‍ക്കെ വീണ്ടും റബര്‍ വില ഇടിയുന്നു. വെള്ളിയാഴ്ച ആര്‍.എസ്.എസ് 4 ഗ്രേഡ് റബറിന്‍െറ കോട്ടയത്തെ വ്യാപാരി വില 112 ആയി താഴ്ന്നു. റബര്‍ ബോര്‍ഡ് വില 115 രൂപയാണ്. ആര്‍.എസ്.എസ് 5 ഗ്രേഡിന് 106 രൂപയാണ് വില. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍. വില താഴുന്നതോടെ റബര്‍ വാങ്ങുന്നത് വ്യാപാരികള്‍ നിര്‍ത്തിവെച്ചത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കി.

അന്താരാഷ്ട്ര വില താഴേക്ക് പോകുന്നതാണ് ആഭ്യന്തര വിലയിടിവിന് പ്രധാന കാരണം. വിലയിടിവിന്‍െറ ശക്തി വര്‍ധിപ്പിച്ച് ടയര്‍ കമ്പനികള്‍ സംസ്ഥാനത്തുനിന്ന് റബര്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. റബര്‍ വില വീണ്ടും താഴ്ത്താന്‍ ലക്ഷ്യമിട്ടാണ് വിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. അന്താരാഷ്ട്ര വിലയിടിവ് മുതലാക്കി വന്‍തോതില്‍ വ്യവസായികള്‍ റബര്‍ സംഭരിക്കുന്നുമുണ്ട്. ഇതുമൂലം അടുത്തെങ്ങും റബര്‍ വില ഉയരുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കില്ല. റബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

നേരത്തേ റബര്‍ വിലയിടിവ് രൂക്ഷമായപ്പോള്‍ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി രണ്ട് തുറമുഖങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഇടപെടലെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വിലയിടിവില്‍ തകര്‍ന്ന കര്‍ഷകരുടെ രക്ഷക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച വില സ്ഥിരതാ പദ്ധതിയുടെ ഗുണവും കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല. ഈമാസം മധ്യത്തോടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സബ്സിഡി തുക എത്തുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.