റഷ്യൻ എണ്ണ ഇറക്കുമതി നിരോധിച്ച് യു.എസ്; ഘട്ടമായി ഒഴിവാക്കാൻ ബ്രിട്ടനും

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചു. യുക്രെയ്ൻ അധിനിവേശത്തിന് പ്രതികാരമായി റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചത്. റഷ്യയിൽനിന്നുള്ള എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു.

റഷ്യയിൽനിന്നുള്ള ഓയിൽ, ഗ്യാസ്, കരിക്കരി എന്നിവയുടെ ഇറക്കുമതി പൂർണമായും നിരോധിക്കുന്നതായി ബൈഡൻ അറിയിച്ചു. പുടിന്റെ നേതൃത്വത്തിന് അമേരിക്കൻ ജനത മറ്റൊരു ശക്തമായ തിരിച്ചടി നൽകുന്നുവെന്നാണ് ബൈഡൻ പ്രതികരിച്ചത്. രാജ്യത്ത് ഇന്ധന വില ഗണ്യമായി വർധിക്കുമെന്ന ആശങ്കകൾക്കിടയിലും, ഇറക്കുമതി നിരോധിക്കാനുള്ള നീക്കത്തിന് അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണയുണ്ട്.

ബ്രിട്ടന്‍റെ എണ്ണ ആവശ്യത്തിന്‍റെ എട്ടു ശതമാനം റഷ്യയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വ്യാപാരികൾ, വിതരണ ശൃംഖലകൾ എന്നിവക്ക് റഷ്യൻ കമ്പനികൾക്കു പകരം പുതിയ കമ്പനികളുമായി കരാറിൽ എത്തുന്നതിനാണ് നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി, യു.എസ്, പാശ്ചാത്യരാജ്യങ്ങളോട് അഭ്യർഥിച്ചതിന് മറുപടിയെന്നോണമാണ് ഈ നീക്കം.

റഷ്യക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും ഊർജ കയറ്റുമതിയിലൂടെ റഷ്യയി​ലേക്ക് പണമൊഴുകുന്നതായാണ് വിലയിരുത്തൽ. യുക്രെയ്‌നിലെ യുദ്ധസാഹചര്യത്തിൽ ഉടനൊരു മാറ്റം വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഊർജോൽപാദക രാജ്യമായ റഷ്യയുടെ എണ്ണ, പ്രകൃതിവാതക ആശ്രയത്വം കുറക്കാനുള്ള വഴികൾ തേടുകയാണ് യു.എസും യൂറോപ്പും. യൂറോപ്പിലെ ഫോസിൽ ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയിൽനിന്നുള്ള പ്രകൃതിവാതകമാണ്. എണ്ണ ഇറക്കുമതിയുണ്ടെങ്കിലും പ്രകൃതിവാതകം യു. എസ് ഇറക്കുമതി ചെയ്യുന്നില്ല.

അതേസമയം, റഷ്യൻ പെട്രോളിയം ഉൽപന്നങ്ങൾ നിരോധിക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ നീക്കം ആഗോളവിപണിയിൽ വൻ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ക്രൂഡ് ഓയിൽ വില 300 ഡോളറായി വർധിപ്പിച്ചേക്കാമെന്നും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇനി റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് ആഗോള എണ്ണ കമ്പനി ഷെൽ വ്യക്തമാക്കി.

വാരാന്ത്യത്തിൽ റഷ്യൻ ക്രൂഡ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയതിനാൽ ഷെൽ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. മറ്റിടങ്ങളിൽനിന്ന് കൃത്യസമയത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിതരണ തടസ്സം ഒഴിവാക്കാനായിരുന്നു ഇടപാടെന്നാണ് ഷെല്ലിന്റെ വിശദീകരണം. നിലവിൽ ഷെൽ വിതരണം ചെയ്യുന്നതിൽ എട്ട് ശതമാനം റഷ്യൻ എണ്ണയാണ്. 

Tags:    
News Summary - US announces ban on Russian oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.