പകുതിയോളം ഇന്ത്യൻ കുടുംബങ്ങളും ദൈനംദിന ആവശ്യങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ ഉപയോഗിക്കുന്നു: എസ്.ബി.ഐ റിപ്പോർട്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 45.6 ശതമാനം കുടുംബങ്ങളും കുറഞ്ഞത് ഒരു സാധനം വാങ്ങുന്നതിനെങ്കിലും ഓൺലൈൻ ഷോപ്പിങ്ങോ ഡിജിറ്റൽ പേയ്മെന്റോ ഉപയോഗിക്കുന്നുണ്ട്. ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്കായി ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് ഇത് കാണിക്കുന്നത്.
അതേസമയം, വലിയൊരു വിഭാഗം കുടുംബങ്ങളും ഇന്നും പരമ്പരാഗത പണമിടപാട് രീതികളെത്തന്നെയാണ് ആശ്രയിക്കുന്നത്. 54.4 ശതമാനം കുടുംബങ്ങളും സാധനങ്ങൾ വാങ്ങാൻ ഡിജിറ്റൽ പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി തുക ചെലവഴിക്കുന്നതിൽ ഡിജിറ്റൽ രീതികളുടെ ഉപയോഗത്തിൽ വലിയ വ്യത്യാസമുണ്ട്. ഉപഭോഗ വസ്തുക്കളും സേവനങ്ങളും വാങ്ങുന്നതിലാണ് ഏറ്റവും ഉയർന്ന ഡിജിറ്റൽ പങ്കാളിത്തം (39.68%).
തൊട്ടുപിന്നിൽ ഗാർഹിക ഉപകരണങ്ങളും വസ്ത്രങ്ങളും (Durable goods - 23.3%) വരുന്നു. എന്നാൽ ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ പങ്ക് 7.10 ശതമാനം മാത്രമാണ്. കുടുംബങ്ങളുടെ ആകെ ചെലവിന്റെ 32.82 ശതമാനവും ഭക്ഷണത്തിന് വേണ്ടിയാണെന്നും അടിസ്ഥാന ആവശ്യങ്ങൾക്കാണ് ഇന്നും കുടുംബങ്ങൾ പ്രധാനമായും പണം ചെലവഴിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭക്ഷണ മേഖലയിൽ സാധാരണ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനാണ് ഡിജിറ്റൽ രീതികൾ കൂടുതൽ ഉപയോഗിക്കുന്നത് (4.29%). തയാറാക്കിയ ഭക്ഷണം വാങ്ങുന്നതിന് 2.6 ശതമാനവും, പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്ക് 1.65 ശതമാനവുമാണ് ഡിജിറ്റൽ പേയ്മെന്റ് നിരക്ക്. പെട്ടെന്ന് കേടാകുന്ന ഭക്ഷണസാധനങ്ങൾ ഇന്നും നേരിട്ട് പോയി പണം നൽകിയാണ് വാങ്ങുന്നത്. പച്ചക്കറികൾക്ക് 1.32 ശതമാനവും, ഫ്രഷ് പഴവർഗങ്ങൾക്ക് 1 ശതമാനവും, മുട്ട, മീൻ, ഇറച്ചി എന്നിവയ്ക്ക് 0.59 ശതമാനവും മാത്രമാണ് ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കുന്നത്.
സേവന മേഖലയിലാണ് ഡിജിറ്റൽ ചെലവഴിക്കൽ കൂടുതൽ
ഉപഭോഗ വസ്തുക്കളും സേവനങ്ങളും അടങ്ങുന്ന വിഭാഗത്തിൽ, പൊതു സേവനങ്ങൾക്കാണ് ഏറ്റവും ഉയർന്ന ഡിജിറ്റൽ വിഹിതമുള്ളത് (37.93%). ഇന്ധനം, വൈദ്യുതി എന്നിവയ്ക്കായി 15.96 ശതമാനവും ഡിജിറ്റൽ പേയ്മെന്റുകൾ ഉപയോഗിക്കുന്നു. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഓൺലൈൻ പേയ്മെന്റുകൾ പരിമിതമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 1.83 ശതമാനവും ചികിത്സാ ചെലവുകൾക്ക് 1.69 ശതമാനവുമാണ് ഡിജിറ്റൽ നിരക്ക്.
ഉപഭോഗ വസ്തുക്കളിൽ വസ്ത്രങ്ങൾ വാങ്ങുന്നതിനാണ് ഓൺലൈൻ പേയ്മെന്റുകൾ കൂടുതൽ ഉപയോഗിക്കുന്നത് (19.97%). തൊട്ടുപിന്നിൽ ചെരുപ്പുകളും പാദരക്ഷകളുമാണ് (12.05%). ഉയർന്ന വിലയുള്ള ഉൽപ്പന്നങ്ങളിൽ ഡിജിറ്റൽ ഉപയോഗം വളരെ കുറവാണ്. ഫർണിച്ചർ, ഫിക്സ്ചറുകൾ എന്നിവയ്ക്ക് 0.18 ശതമാനവും മെഡിക്കൽ ഉപകരണങ്ങൾക്ക് 0.32 ശതമാനവും മാത്രമാണ് ഡിജിറ്റൽ പങ്കാളിത്തം.
വിവിധ വരുമാന വിഭാഗക്കാർക്കിടയിൽ ഡിജിറ്റൽ ഉപയോഗത്തിൽ വലിയ വ്യത്യാസമുള്ളതായി എസ്.ബി.ഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിമാസ തലാ ഉപഭോഗ ചെലവ് (MPCE) ഉയരുന്നതിനനുസരിച്ച് ഓൺലൈൻ വാങ്ങലുകളുടെ തോതും വർധിക്കുന്നു.
വരുമാനത്തിൽ താഴെയുള്ള 20 ശതമാനം കുടുംബങ്ങളിൽ ഡിജിറ്റൽ പേയ്മെന്റ് ഉപയോഗം 25.3 ശതമാനം മാത്രമാണ്. എന്നാൽ ഉയർന്ന വരുമാനക്കാരായ 20 ശതമാനം കുടുംബങ്ങളിൽ ഇത് 69.5 ശതമാനമായി ഉയരുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിൽ 44.3 ശതമാനത്തിന്റെ വലിയ വ്യത്യാസമാണുള്ളത്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണ് സാധനങ്ങൾ വാങ്ങാൻ ഓൺലൈൻ മാർഗ്ഗങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളിൽ, ഭക്ഷണം, സേവനങ്ങൾ, ഉപഭോഗ വസ്തുക്കൾ എന്നിവയിലെ പ്രതിമാസ ശരാശരി ചെലവഴിക്കലിൽ ഹരിയാനയാണ് ഒന്നാമത്. ഗോവ, നാഗാലാൻഡ്, കേരളം എന്നീ സംസ്ഥാനങ്ങളും ഈ പട്ടികയിൽ മുൻനിരയിലുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന കുടുംബങ്ങൾ പരമ്പരാഗത രീതി പിന്തുടരുന്നവരെക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ പേയ്മെന്റുകൾ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് 7.5 ശതമാനം ഉയർന്ന MPCE (പ്രതിമാസ തലാ ഉപഭോഗ ചെലവ്) ഉള്ളതായി എസ്.ബി.ഐ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.