മുംബൈ: സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ ഡിസൈനുകൾ ജനപ്രിയമാക്കിയ ആപ് ആണ് കാൻവ. ഒരു കുഞ്ഞ് ആസ്ട്രേലിയൻ സ്റ്റാർട്ട്അപിൽനിന്ന് കോടികളുടെ വരുമാനമുള്ള അന്താരാഷ്ട്ര കമ്പനിയായി കാൻവ വളർന്നു. ഏറ്റവും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി രൂപകൽപന ചെയ്യാനുള്ള 544 കോടിയുടെ കരാർ ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിരിക്കുകയാണ് അവർ. നേരത്തെ അപോളോ ടയേസിന്റെ 579 കോടി രൂപയുടെ കരാർ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയാണ് കമ്പനിയുടെ ഏറ്റവും വലിയ നാലാമത്തെ വിപണി. രാജ്യത്ത് ഇനിയും വളരാനുള്ള അവസരങ്ങളാണ് കാൻവ തിരയുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ‘ഗുഡ്മോണിങ്’ മെസേജുകളാണ് കാൻവയെ ഇത്രയേറെ വലിയ കമ്പനിയായി വളർത്തിയത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർക്കിടയിൽ മാത്രമുള്ള വേറിട്ട സ്വഭാവ സവിശേഷത കാൻവ അവസരമാക്കുകയായിരുന്നു. ‘ഗുഡ്മോണിങ്’ മെസേജുകൾ മാത്രമല്ല, വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ഓരോ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും വാട്സ്ആപിലൂടെയും മറ്റും ആശംസയർപ്പിക്കാൻ ഇന്ത്യക്കാർക്ക് കാൻവയുടെ ഡിസൈനുകൾ വേണം.
ഭൂരിഭാഗം പേരും മൊബൈൽ ഫോണിലാണ് കാൻവ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഓരോ ഇന്റർനെറ്റ് ഉപഭോക്താവിന്റെയും പ്രിയപ്പെട്ട ആപ് ആയി മാറുകയാണ് ലക്ഷ്യമെന്ന് കൻട്രി മാനേജർ ചന്ദ്രിക ദേബ് പറയുന്നു. 25 ലക്ഷം ഡിസൈനുകളാണ് ഒരോ ദിവസവും ഇന്ത്യക്കാർ പടച്ചുവിടുന്നത്. ആഭ്യന്തര വിപണിയിലെ ഉപഭോക്താക്കൾ ജന്മം നൽകിയ 280 കോടി ഡിസൈനുകൾ സ്റ്റോറേജിലുണ്ടെന്നാണ് കാൻവയുടെ കണക്ക്. മൂന്ന് വർഷമായി വർഷം തോറും ഇരട്ടയക്ക വളർച്ച കൈവരിക്കുന്നു. 13 പ്രശേിക ഭാഷകളിൽ ലഭ്യമാണെങ്കിലും ഭാഷക്ക് അപ്പുറം സർഗാത്മക ഉള്ളടക്കങ്ങൾക്കാണ് ഇന്ത്യക്കാർ താൽപര്യം നൽകുന്നതെന്നാണ് കാൻവയുടെ കണ്ടെത്തൽ.
ഇനി വ്യത്യസ്ത നാടുകളിലെ സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊണ്ട് വിവാഹ ആശംസകളുടെ രൂപകൽപനകളിൽ പുതിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. ഒപ്പം ഇ-മെയിലുകളുടെയും വിഡിയോകളുടെയും പരസ്യങ്ങളുടെയും രൂപകൽപനക്ക് എ.ഐ സാങ്കേതിക വിദ്യയുടെ ചായക്കോപ്പുകൾ ഒരുക്കാനുള്ള ശ്രമവും ഊർജിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.