ഗസ്സയിലെ ഇസ്രായേൽ അധിനിവേശം: ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഐ.എം.എഫ്

വാഷിങ്ടൺ: ഇസ്രായേലിന്റെ ഗസ്സ അധിനിവേശം ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന സൂചന നൽകി ഐ.എം.എഫ്. ഫലസ്തീനിലും ഇസ്രായേലിന് പുറമേ ഇവരുടെ അയൽ രാജ്യങ്ങളിലും പ്രതിസന്ധി കനക്കുമെന്ന സൂചനയാണ് ഏജൻസി നൽകുന്നത്. പുതിയ സാഹചര്യത്തിൽ ഈജിപ്തിനുള്ള സഹായം വർധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്നും ഐ.എം.എഫ് ഡയറക്ടർ ​ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.

ഈജിപ്തിന് അനുവദിച്ച 3 ബില്യൺ ഡോളറിന്റെ ധനസഹായം വർധിപ്പിക്കുന്നത് പരിഗണിക്കുകയാണെന്നാണ് ഐ.എം.എഫ് ഡയറക്ടറുടെ പരാമർശം. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീനുമായി അതിർത്തി പങ്കിടുന്ന ഈജിപ്തിലും പ്രതിസന്ധി രൂക്ഷമാവുമെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ. ഈയൊരു സാഹചര്യത്തിലാണ് സഹായം വർധിപ്പിക്കുന്നത് ഏജൻസി ഗൗരവമായി പരിഗണിക്കുന്നത്.

ഒക്ടോബറിലാണ് ഐ.എം.എഫുമായുള്ള വായ്പ ഇടപാട് ഈജിപ്ത് പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ അധിനിവേശം വെസ്റ്റ് ബാങ്കിന്റെ സമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ടൂറിസം വ്യവസായത്തെ അത് ഗുരുതരമായി ബാധിക്കും. ഊർജ ചെലവുകൾ ഉയരാനും അധിനിവേശം കാരണമായേക്കും. ലെബനാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേൽ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഐ.എം.എഫ് ഡയറക്ടർ പറഞ്ഞു.

കനത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇസ്രായേൽ ഗസ്സയിലെ റിസർവ് സൈനികരുടെ എണ്ണം കുറക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹമാസുമായുള്ള യുദ്ധം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു.

3,60,000 സൈനികരെ യുദ്ധമുഖത്തിറക്കുമെന്നാണ് ഇസ്രായേൽ ആദ്യം പ്രഖ്യാപിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം സൈനികർ ഇപ്പോൾ ഗസ്സയിലുണ്ട്. റിസർവ് സൈനികർക്കായി 130 കോടി ഡോളർ ശമ്പള ഇനത്തിൽമാത്രം ചെലവുണ്ട്. ആവശ്യത്തിന് സൈനികരെമാത്രം നിലനിർത്തി ബാക്കിയുള്ളവരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഏറെ നാൾ നീണ്ടുനിൽക്കുന്നതാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - IMF official says conflict ‘devastating’ Gaza’s population and economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.