വിപണിയിൽ ഉണർവായി യു.പി.ഐ വായ്പകൾ
വായ്പയെടുക്കാതെ ജീവിത സൗകര്യങ്ങളും ബിസിനസുകളും മെച്ചപ്പെടുത്താൻ ചിലപ്പോൾ വായ്പയെടുക്കേണ്ടിവരും. തിരിച്ചടവിനുള്ള മാർഗം ഉറപ്പാക്കി വായ്പയെടുക്കുന്നത് ശീലമാക്കുന്നവരാണ് ഉയരങ്ങൾ കയറിപോകുക. വായ്പയെന്ന് കേട്ടാലേ ലഡു പൊട്ടുന്നവർ പലപ്പോഴും പൊട്ടി വീഴുന്നതാണ് കാണാറുള്ളത്.
വായ്പ നൽകാൻ സഹകരണ സംഘങ്ങൾ മുതൽ യു.പി.ഐവരെ
സഹകരണ സംഘങ്ങൾ മുതൽ യു.പി.ഐ ആപ്പുകൾ വരെ വായ്പാ സേവനങ്ങൾ വ്യാപിക്കുന്നു. ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വായ്പ, ഇൻഷുറൻസ്, നിക്ഷേപം തുടങ്ങിയ സാമ്പത്തിക സേവനങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണെന്ന് പാഹ്ലെ ഇന്ത്യ ഫൗണ്ടേഷനും ആമസോൺ പേയും നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഡിജിറ്റൽ ക്രെഡിറ്റിന്റെ വിശ്വാസ്യത
ഡിജിറ്റൽ വായ്പയുടെ വ്യാപനം വർധിക്കുന്നതിനൊപ്പം സുരക്ഷ, സുതാര്യത, ഉപഭോക്തൃവിശ്വാസം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കുള്ള തവണവായ്പാ ഉപയോഗം കോയമ്പത്തൂരിൽ 70 ശതമാനം രേഖപ്പെടുത്തിയപ്പോൾ കൊച്ചിയിൽ ഇത് 45ശതമാനം ആണ്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിലൂടെ പ്രവർത്തനക്ഷമതയിലും വിൽപ്പനയിലും നേട്ടമുണ്ടായതായി 79.5ശതമാനം വ്യാപാരികൾ അഭിപ്രായപെട്ടു. ടയർ-3 നഗരങ്ങളിലെ വ്യാപാരികളാണ് ഡിജിറ്റൽ പേയ്മെന്റുകളോട് ഏറ്റവും കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചത്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ മടിക്കുന്ന വ്യാപാരികളിൽ 72.1ശതമാനം പേർ സെറ്റിൽമെന്റ് വൈകുന്നതാണ് പ്രധാന ആശങ്കയായി ചൂണ്ടിക്കാട്ടിയത്.
സാമ്പത്തിക ശീലങ്ങളിൽ വ്യത്യസ്തത
പഠനത്തിൽ 41ശതമാനം പേർ ചെലവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവരും 33ശതമാനം പേർ സമ്പാദ്യത്തിന് മുൻഗണന നൽകുന്നവരുമാണ്. 15ശതമാനം പേർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ 7ശതമാനം പേർ ആഗ്രഹിക്കുന്നവ ഉടൻ വാങ്ങുന്നു. ആത്മവിശ്വാസത്തോടെ വായ്പയെടുക്കുന്നവർ 4ശതമാനം മാത്രം. ഓൺലൈൻ ഷോപ്പിങ്ങിൽ 71ശതമാനം പേരും ഭക്ഷണം, യാത്ര എന്നിവക്ക് 54ശതമാനം പേരും ഇന്ധനം, മെഡിക്കൽ ഇടപാടുകൾക്ക് 53ശതമാനം പേരും യു.പി.ഐ ഉപയോഗിക്കുന്നു. 52ശതമാനം പേർ ഒറ്റ ആപ്പിൽ വിവിധ സാമ്പത്തിക സേവനങ്ങൾ ആഗ്രഹിക്കുന്നു. ഡിജിറ്റൽ ക്രെഡിറ്റിനെക്കുറിച്ച് 88ശതമാനം പേർക്ക് അറിവുണ്ടെങ്കിലും ഉപയോഗിക്കുന്നത് 31ശതമാനം പേർ മാത്രം.
പ്രധാന കണ്ടെത്തലുകൾ
75ശതമാനം നഗരവാസികളും പേയ്മെന്റ് ആപ്പിലൂടെ കുറഞ്ഞത് ഒരു സാമ്പത്തിക സേവനമെങ്കിലും ഉപയോഗിക്കുന്നു.
സുരക്ഷ ഉറപ്പുണ്ടെങ്കിൽ 51.5ശതമാനം പേർ ആപ്പിലൂടെ വായ്പയെടുക്കാൻ താൽപ്പര്യപ്പെടുന്നു.
77ശതമാനം പേർ ഉത്സവകാലത്ത് 50ശതമാനം അധികം ചെലവഴിക്കുന്നു.
ഫാഷൻ, സൗന്ദര്യവർധക ഉൽപ്പന്നങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും മുന്നിൽ.
അടിയന്തര പണാവശ്യത്തിന് 23ശതമാനം ഗിഗ് തൊഴിലാളികളും ആദ്യം ഡിജിറ്റൽ വായ്പാ ആപ്പുകളെ സമീപിക്കുന്നു.
80ശതമാനം വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നു.
ഗൂഗിൾ പേയിൽ പണമയച്ചത് കിട്ടിയില്ലേ!
ഗൂഗിൾ പേ ഉൾപ്പെടെ യു.പി.ഐ പ്ലാറ്റ്ഫോമുകളിൽ പണമയക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും എന്നാൽ, പണം അക്കൗണ്ടിൽനിന്ന് പോവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടോ? സാങ്കേതിക പിഴവ് കൊണ്ട് ഇടക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസത്തിനകം പണം തിരികെ അക്കൗണ്ടിൽ വരാറുണ്ട്. വരാതിരുന്നാൽ, എന്ത് ചെയ്യണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരം ബാങ്കുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തുക തിരികെ നൽകണം. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഒരു ദിവസത്തിനകം തിരികെ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. വ്യാപാരി പേയ്മെന്റുകൾക്ക് അഞ്ച് ദിവസമാണ് സമയ പരിധി. ഈ സമയ പരിധിക്കുള്ളിൽ പണം തിരികെ അക്കൗണ്ടിൽ വന്നില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും ബാങ്ക് ഉപഭോക്താവിന് 100 രൂപ വീതം നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം ലഭിക്കാൻ പ്രത്യേകമായി ഒരു ക്ലെയിം ഫയൽ ചെയ്യേണ്ടതില്ല. ഓരോ ദിവസത്തിനും 100 രൂപ നഷ്ടപരിഹാരം സ്വയമേവ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യണമെന്നാണ് ആർ.ബി.ഐ വ്യവസ്ഥ.
എന്തുകൊണ്ട് സംഭവിക്കുന്നു?
ഒരോ യു.പി.ഐ ഇടപാടും അയച്ചയാളുടെ ബാങ്ക്, സ്വീകർത്താവിന്റെ ബാങ്ക്, സ്വിച്ചിങ് നെറ്റ്വർക്ക്, ആപ് തുടങ്ങി നിരവധി സംവിധാനങ്ങളിലൂടെ കടന്നുപോകുന്നു. ഈ ശൃംഖലയിൽ എവിടെയെങ്കിലും ഒരു തകരാർ ഉണ്ടായാൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം കട്ട് ചെയ്തതിന് ശേഷവും ഇടപാട് പൂർത്തിയാകാതെ കിടക്കാം.പണമയക്കൽ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും അയക്കരുത്. സ്റ്റാറ്റസ് പരിശോധിക്കുകയും റഫറൻസ് നമ്പർ സേവ് ചെയ്ത് സ്വീകർത്താവുമായി സ്ഥിരീകരിക്കുകയും ചെയ്യുക. പണം മറ്റേയാൾക്ക് കിട്ടിയിട്ടില്ല എന്ന് ഉറപ്പാക്കിയ ശേഷം യു.പി.ഐ ആപ്പിൽ തന്നെ പരാതി നൽകുക. പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബാങ്കിൽ ഔദ്യോഗികമായി പരാതി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.