10, 20, 50 രൂപ നോട്ടുകൾക്ക് ക്ഷാമം നേരിടുമോ? വാട്സാപ്പ് സന്ദേശത്തിന് പിന്നിലെ യാഥാർഥ്യം
ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 10, 20, 50 രൂപ നോട്ടുകൾക്ക് ക്ഷാമം ഉണ്ടാകുമെന്ന തരത്തിൽ വാട്സാപ്പ് അക്കൗണ്ട് വഴി വ്യാപകമായി സന്ദേശം പ്രചരിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) പേരിൽ പ്രചരിക്കുന്ന ഈ വൈറൽ സന്ദേശത്തിൽ പുതിയനോട്ടുകൾ ആവശ്യത്തിന് ലഭ്യമായേക്കില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദം പൂർണ്ണമായും വ്യാജമാണ്. നോട്ട് ക്ഷാമത്തെ കുറിച്ച് ആർ.ബി.ഐയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല.
വാട്സാപ്പ് സന്ദേശം
ദീപാവലി ഉത്സവ കാലത്ത് പുതിയ 10, 20, 50 രൂപ നോട്ടുകളുടെ വിതരണം പര്യാപ്തമല്ലെന്നാണ് സന്ദേശത്തിൽ പറയുന്നത്. കുറഞ്ഞ തുക ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇത്തരം ചെറിയ നോട്ടുകളുടെ അച്ചടി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടു വരികയാണെന്നും വ്യാജ സന്ദേശത്തിൽ പറയുന്നു.
കൂടാതെ പണത്തെ ആശ്രയിക്കുന്നതിന് പകരം യു.പി.ഐ. കാർഡുകൾ, നെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിക്കാനും സന്ദേശത്തിൽ പറയുന്നുണ്ട്. ആർ.ബി.ഐയുടെ പേരും ലോഗോയും വ്യാജ പ്രസ് റിലീസ് നമ്പറും ഗവർണറുടെ ഒപ്പും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇത് ഔദ്യോഗിക ആശയവിനിമയമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം.
വ്യാജ ആർ.ബി.ഐ സന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയാം?
സർക്കാർ അല്ലെങ്കിൽ നിയന്ത്രണ ഏജൻസികളുടെ ലോഗോകൾ ഉപയോഗിക്കുന്ന സന്ദേശങ്ങൾ യഥാർഥമാണെന്ന് തോന്നാമെങ്കിലും, അവയുടെ രൂപം മാത്രം വച്ച് അത് ആധികാരികമാണെന്ന് കരുതാനാകില്ല. കറൻസി നോട്ടുകൾ, ബാങ്കിങ് നിയമങ്ങൾ, മറ്റ് സാമ്പത്തിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്ക് ആളുകൾ ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കണം.
പണത്തിന്റെ ലഭ്യതയെക്കുറിച്ചോ ബാങ്കിങ് സേവനങ്ങളെക്കുറിച്ചോ അനാവശ്യ ആശങ്കയുണ്ടാക്കുന്ന സന്ദേശങ്ങൾ, പ്രത്യേകിച്ച് സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ അടങ്ങിയവ ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.