ജപ്തി ചെയ്ത വസ്തുക്കൾ വായ്പക്കാർക്ക് തന്നെ വിൽക്കാൻ പാടില്ല: ബാങ്കുകൾക്ക് നിർദേശവുമായി ആർ.ബി.ഐ

ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത് സ്വത്തുക്കൾ വായ്പയെടുത്തയാൾക്കോ ​​അതുമായി ബന്ധപ്പെട്ട കക്ഷികൾക്കോ ​​തിരികെ വിൽക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വായ്പയെടുത്തവർക്ക് മുൻഗണന നൽകുന്നത് ധനകാര്യ അച്ചടക്കം ലംഘിക്കുമെന്നും, ബാങ്കുകൾ പരസ്യ ലേലത്തിൽ കൂടി മാത്രമേ അവ വിൽക്കാവൂ എന്നുമാണ് ആർ.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ ഗതിയിൽ, ബാങ്കുകൾ അവരുടെ വായ്പാ ഇടപാടുകൾക്ക് പകരമായി ധനേതര ആസ്തികൾ  കൈവശം വെക്കാൻ പാടുള്ളതല്ല. എന്നാൽ, വായ്പകൾ നിഷ്ക്രിയ ആസ്തികളായി മാറുകയും നിയമപരമോ കരാർപരമോ ആയ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യങ്ങളിൽ, കടം തിരിച്ചുപിടിക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമായി ബാങ്കുകൾക്ക് ഈടായി നൽകിയിട്ടുള്ള സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാവുന്നതാണ്.

പരമാവധി ഏഴ് വർഷത്തിനുള്ളിൽ, ബാങ്ക് ജപ്തി ചെയ്ത ആസ്തി വിറ്റഴിക്കണണമെന്നും പൊതു ലേലത്തിലൂടെ ഇത്തരം ആസ്തികൾ എത്രയും വേഗം വിറ്റഴിക്കാൻ ബാങ്ക് പരമാവധി ശ്രമിക്കണമെന്നുമാണ് ആർ.ബി.ഐ നിർദേശം. നേരത്തെ മെയ് മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും മറ്റ് പങ്കാളികളുടെയും അഭിപ്രായങ്ങൾക്കായി ഒരു കരട് ചട്ടം പുറപ്പെടുവിച്ചിരുന്നു.

ലഭിച്ച പ്രതികരണങ്ങളിൽ ഒന്ന് വായ്പക്കാർക്ക് തന്നെ പ്രസ്തുത സ്വത്ത് തിരികെ വാങ്ങാൻ അനുമതി നൽകണം എന്നതായിരുന്നു. എന്നാൽ,  വായ്പ തുക തിരിച്ചടയ്ക്കാത്തവർക്ക് ആസ്തി വീണ്ടെടുക്കാൻ മുൻഗണനാപരമായ അവസരം നൽകുന്നതിലൂടെ വിപണിയിൽ തെറ്റായ പ്രവണതകൾക്ക് കാരണമാകുകയും വായ്പാ അച്ചടക്കത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് കാണിച്ച്  ആർ.ബി.ഐ ഈ ആവശ്യം നിരസിച്ചു. നിർദേശങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.




Tags:    
News Summary - Attached properties must not be sold back to the borrowers themselves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.