'സാധാരണക്കാർക്ക്​ ഒന്നും നൽകിയില്ല'; കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ധനമന്ത്രിയും പ്രധാനമന്ത്രിയും ശമ്പളക്കാരെയും ഇടത്തരക്കാരെയും നിരാശരാക്കിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

'ഇന്ത്യയിലെ ശമ്പളക്കാരും ഇടത്തരക്കാരും മഹാമാരി, ശമ്പളം വെട്ടിക്കുറക്കൽ, പണപ്പെരുപ്പം എന്നിവയിൽ ആശ്വാസം പ്രതീക്ഷിച്ചു. നേരിട്ടുള്ള നികുതി നടപടികളിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശരാക്കി. ഇത് ഇന്ത്യയിലെ ശമ്പളക്കാരോടും മധ്യവർഗത്തോടുമുള്ള വഞ്ചനയാണ്' -സുർജേവാല ട്വീറ്റ് ചെയ്തു.

'ക്രിപ്​റ്റോ കറൻസി ബിൽ കൊണ്ടുവരുന്നതിന്​ മുമ്പേ എങ്ങനെയാണ്​ അതിന്​​ നികുതി ചുമത്തുന്നത്​? ​ക്രിപ്​റ്റോ കറൻസി നിയമപരമാക്കിയോ? ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങൾ ചോദിക്കുക്കയാണ്​: ഇതിന്‍റെ നിയന്ത്രണം എങ്ങനെയാണ്​? ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ നിയന്ത്രക്കുക ആരാണ്​​? നിക്ഷേപകർക്ക്​ എങ്ങനെയാണ്​ സംരക്ഷണം ലഭിക്കുക?' -രൺദീപ് സിംഗ് സുർജേവാല ചോദിച്ചു.

ബജറ്റ്​ അങ്ങേയറ്റം നിരാശാജനകമാണെന്ന്​ ശശി തരൂർ എം.പി പറഞ്ഞു. 'ഈ ബജറ്റിൽ ഒന്നുമില്ല. നിരാശാജനകമായ ബജറ്റാണിത്. 'തൊഴിലുറപ്പ്​ പദ്ധതിയേക്കുറിച്ചോ പ്രതിരോധത്തെക്കുറിച്ചോ പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റ് അടിയന്തിര മുൻഗണനകളെക്കുറിച്ചോ പരാമർശിക്കുന്നില്ല. അച്ഛേ ദിൻ വരാൻ ഇനിയും 25 വർഷം കാത്തിരിക്കേണ്ടി വരും. ജനം ഭയാനകമായ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുകയാണ്, മധ്യവർഗത്തിന് നികുതിയിളവില്ല' -തരൂർ കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം തകർന്നുകൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് ബജറ്റ് ഒന്നും നൽകിയല്ലെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇതൊരു പെഗാസസ് സ്പിൻ ബജറ്റാ​ണെന്നും അവർ ട്വീറ്റ്​ ചെയ്തു.

ശമ്പളക്കാർ, ഇടത്തരക്കാർ, ദരിദ്രർ, യുവാക്കൾ, കർഷകർ, സംരംഭകർ എന്നിവർക്ക്​ ബജറ്റിൽ ഒന്നുമില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - ‘Nothing given to the common man’; Opposition to the Union Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.