ബജറ്റ്​: 80 ലക്ഷം വീടിനുള്ള തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല -ഡോ. വി. ശിവദാസന്‍ എം.പി

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ്​ യോജന പദ്ധതിക്ക്​ അനുവദിച്ച തുകയുപയോഗിച്ച്​ 80 ലക്ഷം കക്കൂസ്​ പോലും നിർമിക്കാനാകില്ലെന്ന്​ ഡോ. വി. ശിവദാസന്‍ എം.പി. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതി. എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വായ്താരികള്‍കൊണ്ട് വീട്​ നിർമിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് മണലും സിമന്‍റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാധ്വാനവും വേണം. അതിനെല്ലാമായി എത്ര രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നത് നോക്കുക. പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താൽ തന്നെ 48,000 കോടി രൂപ മാത്രമാണ്. ആ തുകയെന്തിനു തികയുമെന്നത് നോക്കുക.

പ്രൊജക്ട് അഡ്മിനിസ്ട്രേഷന് തുകയൊന്നും ചെലവഴിക്കേണ്ടി വരില്ലെന്ന് കൂട്ടിയാല്‍ തന്നെ ഈ തുക 80 ലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല. ഇത്രയും വീടുകള്‍ നിർമിക്കാനായി അനുവദിച്ച തുകയെ 80 ലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് 60,000 രൂപ മാത്രമാണുണ്ടാകുക. ഈ തുക കൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഈ തുക കൊണ്ട് കക്കൂസുണ്ടാക്കാന്‍ തികയുമോയെന്നതാണ് പരിശോധിക്കേണ്ടത്. അതിലൂടെ ആവാസ് യോജന പദ്ധതിയിലൂടെ 80 ലക്ഷം വീടുകള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാനാകും. അതിനർത്ഥം വീടുണ്ടാക്കാനാകുമോ എന്നല്ല മറിച്ച് നിർദ്ദിഷ്ട തുകക്ക് നല്ലൊരു കക്കൂസ് എങ്കിലും ഉണ്ടാക്കാനാകുമോ എന്നാണ് സംശയിക്കേണ്ടത്.

തൊഴിലുറപ്പ്​ തൊഴിലാളികളുടെ ​ജോലി നഷ്ടപ്പെടും

രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടിയോളം തൊഴിലാളികളുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നണിയില്‍ നിൽക്കുന്ന ജനവിഭാഗമാണ് അവർ. അവര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതിന് ഈ ബജറ്റ് കാരണമാകും. എം.ജി.എൻ.ആര്‍.ഇ.ജി.എ പദ്ധതിയുടെ തുക വലിയ നിലയിലാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം അനുവദിച്ചതായി പറഞ്ഞിരുന്നത് 98,000 കോടി രൂപയായിരുന്നു. എന്നാലത്​ 73,000 കോടി രൂപയായി വെട്ടിക്കുറച്ചിരിക്കുകയാണ്. നിലവില്‍തന്നെ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുത്തവര്‍ക്ക് കൂലി കൊടുക്കാത്തതിന്‍റെ ഗുരുതര പ്രശ്‌നം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുകയാണ്.

സംസ്ഥാന സര്‍ക്കാറുകളുടെ കരുതലിലാണ് പലയിടത്തും പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലെടുക്കാന്‍ അവസരം കിട്ടുന്നത്. അതിനിടയിലാണ് നിലവില്‍ ഉണ്ടായിരുന്ന തുകയും കുറച്ചിരിക്കുന്നത്. ബജറ്റ് ദിവസം നിലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡ് (എൻ.ഐ.എന്‍.എല്‍) വില്‍പനയിലൂടെ കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ ടാറ്റ കമ്പനിക്ക് നല്‍കിയവര്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരോട് എത്രമാത്രം ക്രൂരമായ സമീപനമാണ് കൈകൊള്ളുന്നതെന്നാണ് ബജറ്റ് കാണിക്കുന്നതെന്നും ഡോ. വി. ശിവദാസന്‍ എം.പി പറഞ്ഞു

Tags:    
News Summary - Budget: money won't essential for 80 lakh house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.