ഒരു ലിറ്റർ പെട്രോളിന് ആറ് കിലോമീറ്റർ! വില 12 കോടി; കാറല്ല, സഞ്ചരിക്കുന്ന കൊട്ടാരം
"The best things in life are not things." എന്ന ആശയത്തോട് ചേർന്നുനിൽക്കുന്ന ആഡംബര സങ്കൽപ്പമാണ് റോൾസ് റോയിസിന്റേത്. മഹാഭാരതം ആദിപർവം 1.56.33-ൽ വ്യാസമഹർഷി പറയുന്ന പ്രസിദ്ധമായ വരികളുണ്ട്: "യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത്" (ഇവിടെ ഉള്ളതെല്ലാം മറ്റിടങ്ങളിലും കാണാം, എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റൊരിടത്തും കാണാനാവില്ല). ഈ വരികൾ ഓർമിപ്പിക്കുന്നതാണ് റോൾസ് റോയിസ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II.അതായത്, മഹാഭാരതത്തിൽ പറയാത്ത ഒരു ജീവിതാനുഭവമോ മനുഷ്യസ്വഭാവമോ മറ്റെവിടെയും കണ്ടെത്താനാവില്ല എന്നത്രയും വിശാലമാണ് ഈ ഇതിഹാസത്തിന്റെ ഉള്ളടക്കമെന്ന് സാരം.
മറ്റൊരു കാറിനെക്കാൾ വേഗത്തിൽ ഓടുകയോ കൂടുതൽ കരുത്ത് പ്രകടിപ്പിക്കുകയോ ചെയ്യുക മാത്രമല്ല ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന റോൾസ് റോയിസിന്റെ ലക്ഷ്യം. പണംകൊണ്ട് വാങ്ങാൻ കഴിയാത്തത്ര അപൂർവമായൊരു അനുഭവം സൃഷ്ടിക്കുക കൂടിയാണ്. അതുകൊണ്ടാണ് റോൾസ് റോയിസ് പുറത്തിറക്കുന്ന ഓരോ കാറും വാഹനലോകത്ത് വലിയ ചർച്ചയാകുന്നത്. പുറത്തിറങ്ങി പ്രകൃതിഭംഗി ആസ്വദിക്കണമെന്ന് തോന്നിയാൽ കാറിന്റെ പിൻഭാഗത്തുനിന്ന് രണ്ട് ആഡംബര കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. ഡാഷ്ബോർഡിൽ ഒരു ക്ലോക്കിന് താഴെ പ്രകാശിക്കുന്ന നിലയിൽ സ്വന്തം ബ്രാൻഡിന്റെ ചിഹ്നം സൂക്ഷിച്ചിരിക്കും. കേൾക്കുമ്പോൾ ഒരു സിനിമയിലെ സങ്കൽപ്പലോകമെന്ന് തോന്നാം. എന്നാൽ ഇതെല്ലാം അത്യത്ഭുതകരമായ യാഥാർഥ്യമാണ്. കേട്ടാൽ അവിശ്വസനീയമെന്ന് തോന്നുന്ന പല സൗകര്യങ്ങളും ഈ വാഹനത്തിലുണ്ട്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര കാർ നിർമാതാക്കളിലൊന്നായ റോൾസ് റോയിസ് ഒരുക്കിയ ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് IIഎന്ന എസ്.യു.വിയിലാണ് ഈ വിസ്മയങ്ങളെല്ലാം ഒരുമിക്കുന്നത്. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II ആണ് നിലവിൽ കമ്പനിയുടെ ഏറ്റവും പുതിയ കള്ളിനൻ ജനറേഷൻ. 2024 മേയ് 7-നാണ് കള്ളിനൻ സീരീസ് II ആഗോളതലത്തിൽ അവതരിപ്പിച്ചത്. പഴയ മോഡലിന്റെ ചെറിയൊരു രൂപമാറ്റം മാത്രമല്ല ഇത്. പുറം ഡിസൈൻ, അകത്തളത്തിലെ ആഡംബര ക്രമീകരണങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ തുടങ്ങി ശ്രദ്ധേയമാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തിയത്.
സാധാരണ ലക്ഷ്വറി എസ്.യു.വികളായ മെഴ്സിഡസ് ബെൻസ് മെയ്ബാക്ക്, ബി.എം.ഡബ്ല്യു എക്സ്.എം, എക്സ്7, ഔഡി ആർ.എസ് ക്യൂ8 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കള്ളിനൻ വേറെ ലെവലാണ്. അവിടെ പെർഫോമൻസിനും സാങ്കേതികവിദ്യക്കും പ്രാധാന്യമുണ്ടെങ്കിൽ ഇവിടെ കൈകൊണ്ടുള്ള നിർമാണത്തിനും വ്യക്തിഗത ആഡംബരത്തിനും യാത്രാസുഖത്തിനുമാണ് മുൻഗണന.
കറുപ്പിൽ പൊതിഞ്ഞ അധികാരത്തിന്റെ അടയാളം
റോൾസ് റോയിസിന്റെ ബ്ലാക്ക് ബാഡ്ജ് എന്നത് സാധാരണ കാറിന്റെ കറുത്ത നിറത്തിലുള്ള ഒരു പതിപ്പ് മാത്രമല്ല. കൂടുതൽ പ്രകടമായ ഡിസൈൻ, ശക്തമായ പെർഫോമൻസ്, വ്യത്യസ്തമായ ഇന്റീരിയർ എന്നിവയിലൂടെ ബ്രാൻഡിന്റെ കൂടുതൽ ധീരമായ മുഖം അവതരിപ്പിക്കുന്ന ശ്രേണിയാണിത്.കള്ളിനൻ സീരീസ് II-ന്റെ മുൻഭാഗത്ത് തന്നെ ഈ മാറ്റം തിരിച്ചറിയാം. റോൾസ് റോയിസിന്റെ പ്രശസ്തമായ പാന്തിയോൺ ഗ്രിൽ പ്രകാശിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ബാഡ്ജിൽ ഗ്രില്ലും പുറംഭാഗത്തെ പ്രധാന ക്രോം ഘടകങ്ങളും കറുപ്പ് ഫിനിഷിലാണ്. ബോണറ്റിന് മുകളിൽ തലയുയർത്തി നിൽക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി പ്രതിമയ്ക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നൽകിയിട്ടുണ്ട്.പുതിയ രൂപത്തിലുള്ള എയർ ഇൻടേക്കുകൾ, കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയർ വിശദാംശങ്ങൾ, 23 ഇഞ്ച് കൂറ്റൻ അലോയി വീലുകൾ എന്നിവ വാഹനത്തിന് കൂടുതൽ കരുത്തുറ്റ രൂപം നൽകുന്നു. ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകളും കറുത്ത ബോഡിയുമായി ചേരുമ്പോൾ പറയേണ്ടതില്ലല്ലോ. ആവശ്യമെങ്കിൽ ബ്രേക്ക് കാലിപ്പറുകൾക്ക് മറ്റ് നിറങ്ങളും തിരഞ്ഞെടുക്കാം.
ഡാഷ്ബോർഡിൽ നാല് വർഷംകൊണ്ട് ഒരുക്കിയ വിസ്മയം!
ഈ കാറിന്റെ അകത്തളത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ക്ലോക്ക് കാബിനറ്റാണ്. ഡാഷ്ബോർഡിലെ അനലോഗ് ക്ലോക്കിന് താഴെ ചെറിയൊരു ഗ്ലാസ് കാബിനറ്റിനുള്ളിൽ റോൾസ് റോയിസിന്റെ പ്രശസ്തമായ പ്രതിമ സ്ഥാപിച്ചിരിക്കുന്നു.കാറിൽ പ്രവേശിക്കുമ്പോൾ ലൈറ്റുകൾ ഓരോന്നായി തെളിയുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. ആദ്യം ഡ്രൈവർ ഡിസ്പ്ലേ, തുടർന്ന് ഇല്യൂമിനേറ്റഡ് ഫാസിയ, ഒടുവിൽ ക്ലോക്ക് കാബിനറ്റ്. പ്രതിമയുടെ താഴെനിന്ന് പ്രകാശം തെളിയുമ്പോൾ ഒരു വേദിയിൽ അവതരിപ്പിക്കുന്ന കലാസൃഷ്ടിയെ ഓർമിപ്പിക്കും. ഈ സംവിധാനം വികസിപ്പിക്കാൻ നാല് വർഷത്തെ പരിശ്രമമാണ് വേണ്ടിവന്നത്.മറ്റൊരു കൗതുകം ഇല്യൂമിനേറ്റഡ് ഫാസിയയാണ്. മുൻവശത്തെ പാസഞ്ചർ ഡാഷ്ബോർഡിലെ ഗ്ലാസ് പ്രതലത്തിൽ 7,000 ലേസർ-എച്ച്ഡ് ഗ്രാഫിക് ഘടകങ്ങൾ ഉപയോഗിച്ചാണ് പ്രകാശിക്കുന്ന നഗരദൃശ്യം ഒരുക്കിയിരിക്കുന്നത്. രാത്രിയിൽ പ്രകാശിക്കുന്ന ഒരു നഗരത്തിന്റെ കാഴ്ചയാണ് ഇതിലൂടെ പുനഃസൃഷ്ടിക്കുന്നത്.
സീറ്റുകളിൽ ഒരു ലക്ഷത്തിലധികം സൂക്ഷ്മ സുഷിരങ്ങൾ!
കള്ളിനന്റെ സീറ്റുകൾ വെറുമൊരു ഇരിപ്പിടമല്ല; കരകൗശലത്തിന്റെ മറ്റൊരു ഉദാഹരണമാണ്. മേഘങ്ങളുടെ രൂപവും നിഴലുകളും പ്രചോദനമാക്കി ലെതർ സീറ്റുകളിൽ 1,07,000 വരെ സൂക്ഷ്മ സുഷിരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ സുഷിരവും കൃത്യമായ സ്ഥാനത്താണെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനയും നടത്തുന്നു.ബ്ലാക്ക് ബാഡ്ജ് സീരീസ് II-ൽ ഡ്യുവാലിറ്റി ട്വിൽ എന്ന പ്രത്യേക തുണിത്തരവും ലഭ്യമാണ്. മുളയിൽനിന്നുള്ള നാരുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഈ റയോൺ ഫാബ്രിക്കിൽ ഏകദേശം 22 ലക്ഷം തുന്നലുകളും 11 മൈലോളം നൂലും ഉപയോഗിക്കുന്നു. സാധാരണ കാറുകളിൽ കാണുന്ന സീറ്റ് അപ്ഹോൾസ്റ്ററിയിൽനിന്ന് എത്രത്തോളം വ്യത്യസ്തമാണ് ഈ നിർമാണമെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
ബൂട്ട് തുറന്നാൽ പുറത്തുവരുന്നത് രണ്ട് കസേരകൾ!
ഈ കാറിന്റെ ഏറ്റവും കൗതുകകരമായ സൗകര്യങ്ങളിലൊന്നാണ് വ്യൂയിങ് സ്യൂട്ട്. വാഹനത്തിന്റെ പിൻഭാഗത്തെ ബൂട്ട് തുറന്ന് സംവിധാനം പ്രവർത്തിപ്പിച്ചാൽ രണ്ട് ആഡംബര ലെതർ കസേരകളും ഒരു ചെറിയ ടേബിളും പുറത്തേക്ക് വരും.ഒരു തടാകത്തിന്റെ കരയിലോ മലനിരകളുടെ കാഴ്ചയുള്ള സ്ഥലത്തോ കാർ നിർത്തിയെന്ന് കരുതുക. വാഹനത്തിൽനിന്ന് പുറത്തിറങ്ങി കസേരകൾ ഒരുക്കേണ്ടതില്ല. കാറിന്റെ പിൻഭാഗത്തുതന്നെ ഇരിപ്പിടം തയ്യാറാകും. പ്രകൃതിഭംഗി ആസ്വദിക്കാനും ഔട്ട്ഡോർ പരിപാടികൾ കാണാനും ഉപയോഗിക്കാവുന്ന ഈ സൗകര്യം കള്ളിനന്റെ യാത്രാനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു.ഇതിനൊപ്പം സ്റ്റാർലൈറ്റ് ഹെഡ്ലൈനറും ശ്രദ്ധേയമാണ്. വാഹനത്തിന്റെ മേൽക്കൂരയിൽ നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയാകാശത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന ഫൈബർ ഒപ്റ്റിക് ലൈറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കേട്ടിട്ടുതന്നെ കണ്ണ് മഞ്ഞളിച്ച് വല്ലാത്ത അവസ്ഥയിലായി, അപ്പോ ഇതിലൊന്ന് സഞ്ചരിക്കാൻ അവസരം കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും.
പിന്നിലെ യാത്രക്കാർക്കായി മറ്റൊരു ലോകം
റോൾസ് റോയിസിൽ ഡ്രൈവർക്ക് മാത്രമല്ല, പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. യാത്രക്കാരുടെ താൽപര്യത്തിനനുസരിച്ച് പിൻഭാഗത്തെ സീറ്റുകളുടെ ക്രമീകരണം, കൺസോൾ, വിനോദ സംവിധാനങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.റിയർ തിയറ്റർ സംവിധാനത്തിൽ പിന്നിലെ യാത്രക്കാർക്ക് പ്രത്യേക സ്ക്രീനുകളും വിനോദ സൗകര്യങ്ങളും ലഭിക്കും. വ്യക്തിഗത ഓഡിയോ, ഡിജിറ്റൽ വിനോദ സംവിധാനങ്ങൾ, മസാജ് സീറ്റുകൾ, വിവിധ ഇന്റീരിയർ ഫിനിഷുകൾ എന്നിവയും ആവശ്യാനുസരണം ഒരുക്കാം.വാഹനത്തിന്റെ പിൻവാതിലുകൾ സാധാരണ കാറുകളിലേതുപോലെ മുന്നോട്ട് തുറക്കുന്നതല്ല. പിന്നിലേക്ക് തുറക്കുന്ന കോച്ച് ഡോറുകളാണ് ഇതിലുള്ളത്. അതിനാൽ കാറിൽ കയറുന്നതും ഇറങ്ങുന്നതും കൂടുതൽ സൗകര്യപ്രദമാകുന്നു. വാതിലുകൾ സ്വയം അടയ്ക്കുന്ന സംവിധാനവും ലഭ്യമാണ്. വാതിലിനുള്ളിൽ കുടകൾ സൂക്ഷിക്കാനുള്ള പ്രത്യേക ഇടവുമുണ്ട്.
5.2 സെക്കൻഡിൽ 100 കിലോമീറ്റർ!
ഇനി കാറിന്റെ കരുത്തിലേക്ക് വരാം. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II-ന്റെ ഹൃദയം 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 പെട്രോൾ എൻജിനാണ്. 12 സിലിണ്ടറുകളുള്ള ഈ എൻജിൻ 600 പി.എസ്. കരുത്തും 900 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബി.എച്ച്.പി കണക്കിൽ ഇത് ഏകദേശം 592 ആണ്.എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ഓൾ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 5.2 സെക്കൻഡ് മതി.ബ്ലാക്ക് ബാഡ്ജിന്റെ ലോ മോഡ് പ്രവർത്തിപ്പിക്കുമ്പോൾ എൻജിന്റെ പ്രതികരണത്തിലും ഗിയർ മാറ്റത്തിന്റെ വേഗത്തിലും മാറ്റമുണ്ടാകും. 1,700 ആർ.പി.എമ്മിൽ തന്നെ 900 എൻ.എം ടോർക്ക് ലഭ്യമാകുന്നതിനാൽ വലിയ വാഹനമാണെങ്കിലും ആവശ്യപ്പെടുമ്പോൾ ശക്തമായ ആക്സിലറേഷൻ നൽകാൻ കഴിയും.എന്നാൽ ഇതിന്റെ പ്രത്യേകത വേഗത മാത്രമല്ല. റോഡിന്റെ സ്വഭാവത്തിനനുസരിച്ച് സസ്പെൻഷൻ ക്രമീകരിച്ച് യാത്രക്കാർക്ക് പരമാവധി സുഖം നൽകുന്ന മാജിക് കാർപെറ്റ് റൈഡ് അനുഭവമാണ് റോൾസ് റോയിസ് പ്രധാനമായി ഉയർത്തിക്കാട്ടുന്നത്. എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ഡാംപിങ്, മുൻ-പിൻ വീൽ സ്റ്റിയറിങ് സംവിധാനങ്ങൾ എന്നിവയും യാത്രയെ കൂടുതൽ സുഗമമാക്കുന്നു.
പെട്രോൾ വണ്ടിയാണോ? മൈലേജ് എത്ര? ടാങ്കിൽ എത്ര ലിറ്റർ കൊള്ളും?
കോടികൾ വിലയുള്ള കാർ എന്നറിയുമ്പോൾ സാധാരണക്കാരായ വാഹന പ്രേമികൾക്ക് സ്വാഭാവികമായി തോന്നുന്ന ചില ചോദ്യങ്ങളുണ്ട്. ഇതൊരു ഇലക്ട്രിക് വാഹനമാണോ? ഡീസലാണോ? പെട്രോൾ അടിക്കേണ്ടിവരുമോ? ഒരു ലിറ്റർ ഇന്ധനത്തിന് എത്ര ദൂരം സഞ്ചരിക്കാം? ഉത്തരം ലളിതമാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II ഒരു പെട്രോൾ വാഹനമാണ്. റോൾസ് റോയിസ് കാറുകളുടെ ചരിത്രത്തിൽ ഡീസൽ എൻജിന് ഇടം ലഭിച്ചിട്ടില്ല. 2011ൽ റോൾസ് റോയിസ് മോട്ടോർ കാർസിന്റെ അന്നത്തെ സി.ഇ.ഒ ടോർസ്റ്റൺ മുള്ളർ-ഒറ്റ്വോസ് ഒരു അഭിമുഖത്തിൽ ഇതിന് വ്യക്തമായ മറുപടി നൽകിയിരുന്നു. ഡീസൽ എൻജിനുകളുടെ ശബ്ദവും വൈബ്രേഷനും റിഫൈൻമെന്റും റോൾസ് റോയിസ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന നിലവാരവുമായി ചേരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
6.75 ലിറ്റർ ട്വിൻ ടർബോ വി12 എൻജിനാണ് ഇതിലുള്ളത്. പെട്രോൾ ടാങ്കിന്റെ ശേഷി 90 ലിറ്ററാണ്.കമ്പനി പുറത്തുവിട്ട ഡബ്ല്യു.എൽ.ടി.പി സംയോജിത ഇന്ധന ഉപഭോഗ കണക്കുകൾ പ്രകാരം 100 കിലോമീറ്റർ സഞ്ചരിക്കാൻ ഏകദേശം 16 മുതൽ 16.8 ലിറ്റർ വരെ പെട്രോൾ ആവശ്യമാണ്. അതായത് ഒരു ലിറ്ററിന് ഏകദേശം 6 കിലോമീറ്ററാണ് ലഭിക്കുന്ന ഏകദേശ മൈലേജ്. എന്നുവെച്ചാൽ നമ്മുടെ കെ.എസ്.ആർ.ടി.സി ബസിനേക്കാൾ അൽപ്പം കൂടുതൽ കിട്ടിയാലായി.
90 ലിറ്റർ ടാങ്ക് പൂർണമായി നിറച്ചാൽ ഏകദേശം 540 മുതൽ 558 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യഥാർഥ ഉപയോഗത്തിൽ ഡ്രൈവിങ് രീതി, റോഡിന്റെ അവസ്ഥ, ട്രാഫിക്, വാഹനത്തിന്റെ ഭാരം തുടങ്ങിയവ അനുസരിച്ച് മൈലേജിലും സഞ്ചരിക്കാവുന്ന ദൂരത്തിലും വ്യത്യാസമുണ്ടാകും.അതായത് സാധാരണ കുടുംബ കാർ വാങ്ങുമ്പോൾ മൈലേജ് കണക്കുകൂട്ടുന്നതുപോലെ ഈ വാഹനത്തിന്റെ ഉടമകൾ ഇന്ധനച്ചെലവ് പ്രധാന പരിഗണനയാക്കാറില്ല.
സുരക്ഷയിലും സാങ്കേതികവിദ്യയിലും വിട്ടുവീഴ്ചയില്ല
ആഡംബരത്തിനൊപ്പം സുരക്ഷാ സംവിധാനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിങ് സഹായ സംവിധാനങ്ങൾ തുടങ്ങിയവ ലഭ്യമാണ്.നൈറ്റ് വിഷൻ, പെഡസ്ട്രിയൻ അലേർട്ട്, വൈൽഡ് ലൈഫ് അലേർട്ട്, ലെയ്ൻ ഡിപാർച്ചർ വാണിങ്, ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ സംവിധാനങ്ങളും വിപണിയിലെയും വാഹനത്തിന്റെ കോൺഫിഗറേഷനിലെയും ലഭ്യത അനുസരിച്ച് ലഭിക്കും. ഏറ്റവും പ്രധാനം മിക്കതും കസ്റ്റമൈസ്ഡായിരിക്കുമെന്നതാണ്. ഇതിലില്ലാത്ത ഒന്നും മറ്റൊരു കാറിലും കിട്ടില്ല. ഇതിലെന്തുവേണമെന്ന് വാങ്ങുന്നയാൾക്ക് തീരുമാനിക്കാം. അത്രമാത്രം ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്.
സാധാരണക്കാർക്ക് സ്വപ്നം മാത്രം
ഇന്ത്യയിൽ റോൾസ് റോയിസ് കള്ളിനൻ സീരീസ് II-ന്റെ ബ്ലാക്ക് ബാഡ്ജ് പതിപ്പിന്റെ എക്സ്-ഷോറൂം വില ഏകദേശം 11.92 കോടി രൂപയാണ്. നികുതികളും ഇൻഷുറൻസും മറ്റ് ചെലവുകളും ചേരുമ്പോൾ ഓൺ-റോഡ് വില ഇതിലും ഗണ്യമായി ഉയരും. വ്യക്തിഗതമായി തിരഞ്ഞെടുക്കുന്ന നിറങ്ങളും ഇന്റീരിയർ സൗകര്യങ്ങളും അധിക ഉപകരണങ്ങളും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാം.നിർമാണം മാത്രമല്ല. ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് നിറം, ലെതർ, തുണിത്തരങ്ങൾ, അലങ്കാരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവയിൽ മാറ്റം വരുത്താൻ കഴിയുന്ന ബെസ്പോക്ക് സംവിധാനമാണ് ബ്രാൻഡിന്റെ പ്രധാന ആകർഷണം.മെഴ്സിഡസ് മെയ്ബാക്ക് ജി.എൽ.എസ്, ബി.എം.ഡബ്ല്യു എക്സ്.എം, ഔഡി ആർ.എസ് ക്യൂ8 തുടങ്ങിയവ മികച്ച എൻജിനുകളും സാങ്കേതികവിദ്യയും പെർഫോമൻസും നൽകുന്ന വാഹനങ്ങളാണ്. എന്നാൽ കള്ളിനൻ സീരീസ് II-ന്റെ ലക്ഷ്യം അതിനപ്പുറമാണ്. വാഹനത്തിന്റെ ഓരോ ഭാഗവും ഉടമയുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കുക എന്നതാണ്.
90 ലിറ്റർ പെട്രോൾ ടാങ്ക്, 600 പി.എസ് കരുത്ത്, 12 കോടി രൂപയോളം വില. കണക്കുകൾക്കപ്പുറത്ത് കള്ളിനനെ വേറിട്ടുനിർത്തുന്നത് പണംകൊടുത്ത് വാങ്ങാൻ കഴിയുന്ന സൗകര്യങ്ങൾ മാത്രമല്ല; മറ്റൊരു കാറിൽ അതേപടി പകർത്താനാകാത്ത അനുഭവം സൃഷ്ടിക്കാനുള്ള റോൾസ് റോയിസിന്റെ കഴിവാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒരു കാറിന് പിന്നിൽ പറയാൻ ഒരു കഥയുണ്ടാകും. ചിലർക്ക് അത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ്. മറ്റു ചിലർക്ക് ജീവിതത്തിലെ കഷ്ടപ്പാടുകൾക്കൊടുവിൽ നേടിയെടുത്ത ആദ്യത്തെ വലിയ സമ്മാനം.
കുടുംബത്തോടൊപ്പമുള്ള യാത്രകളും പ്രിയപ്പെട്ടവരുമായുള്ള മറക്കാനാകാത്ത നിമിഷങ്ങളും ആ കാറിനൊപ്പം ചേർന്നുകിടക്കും. അതുകൊണ്ടുതന്നെ ഒരു വാഹനം സ്വന്തമാക്കുമ്പോൾ ലഭിക്കുന്നത് ജീവിതകാലം മുഴുവൻ ചേർത്തുപിടിക്കാനുള്ള ഒരുപിടി ഓർമകൾ കൂടിയാണ്. എന്നാൽ അത്ഭുതം എന്ന വാക്കുപോലും നാണിച്ചുപോകുന്ന ആഡംബരങ്ങളാണ് ഈ കാറിന്റെ ഓരോ മുക്കിലും മൂലയിലും ഒളിഞ്ഞിരിക്കുന്നത്.
നീളൻ കാലൻ കുട പോലും പുറത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ കാറിന്റെ ഡോറിനുള്ളിൽ ഭദ്രമായി സൂക്ഷിക്കാനുള്ള സംവിധാനം മുതൽ യാത്രക്കാരുടെ ഓരോ ചെറിയ ആവശ്യവും മുൻകൂട്ടി കണ്ടറിഞ്ഞ് ഒരുക്കിയ സൗകര്യങ്ങൾ വരെ. പുറമെ കാണുന്ന ആഡംബരത്തേക്കാൾ അകത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഇത്തരം സൂക്ഷ്മതകളാണ് റോൾസ് റോയിസിനെ മറ്റെല്ലാ കാറുകളിൽനിന്നും വേറിട്ടുനിർത്തുന്നത്.
റോൾസ് റോയിസ് പോലെയുള്ളവ എല്ലാവർക്കും സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ സ്വപ്നം കാണാൻ വിലയുടെ പരിധികളില്ലല്ലോ. ചില സ്വപ്നങ്ങൾ അങ്ങനെയാണ്, സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും മനസ്സിൽനിന്ന് മായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.