പന്തീരാങ്കാവ്: അധ്വാനശേഷിയും ധൈര്യവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും നേരിടാമെന്ന് മലമുകളിൽ മത്സ്യ, വാഴ കൃഷിയൊരുക്കി അബ്ദുൽ ഗഫൂർ എന്ന അമ്പതുകാരൻ തെളിയിക്കുന്നു. വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വന്നതോടെ പെരുമണ്ണ പുതുമ ലൈറ്റ് ആൻഡ് സൗണ്ട് നടത്തിപ്പുകാരനായ വെള്ളായിക്കോട് പടിഞ്ഞാറക്കര മേത്തൽ അബ്ദുൽ ഗഫൂറിനും കുടുംബത്തിനും ജീവിതം വഴിമുട്ടിയിരുന്നു. കുടുംബസ്വത്തായ പടിഞ്ഞാറക്കര മലയിലെ 55 സെൻറിൽ വാഴ കൃഷിയിറക്കാനാണ് ആദ്യം തീരുമാനിച്ചത്. ചെങ്കുത്തായ കുന്നിലെ പാഴ്മരങ്ങൾ നീക്കി നിലമൊരുക്കി വാഴ നട്ടു. നേന്ത്ര, പൂവൻ ഇനങ്ങളാണ് കൃഷി ചെയ്തത്. താഴെനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമടിക്കാൻ ശ്രമിച്ചെങ്കിലും ഇത് പ്രയാസകരമായതോടെ കുന്നിൻപുറത്ത് ജലസംഭരണി പണിതു.
കുഴിയിൽ മഴക്കാലത്ത് വെള്ളം ശേഖരിച്ച് മത്സൃ കൃഷിയും തുടങ്ങി. കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് അരികുകൾ മണ്ണ് നിറച്ച ചാക്കുകൾ നിരത്തി ഉയരം കൂട്ടി. 20,000 ലിറ്ററിെൻറയും താഴെ 10,000 ലിറ്ററിെൻറയും ഓരോ കുഴികൾ ഒരുക്കി. രണ്ടിലുമായി നാന്നൂറോളം വാള കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. വാഴക്ക് പുറമെ, കപ്പ, പയറ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ ഇടവിളകൃഷിയായി ചെയ്തിട്ടുണ്ട്.
ദിവസം ഒരു തവണ കയറാൻ പ്രയാസപ്പെടുന്ന കുന്നിൽ ചുരുങ്ങിയത് മൂന്നു നേരമെങ്കിലും ഗഫൂർ കയറിയിറങ്ങുന്നുണ്ട്. ജോലിയെല്ലാം ഒറ്റക്കാണ് ചെയ്യുന്നത്. പെരുമണ്ണ ഇ.എം.എസ് ഗവ. ഹൈസ്കൂൾ വിദ്യാർഥിയായ രണ്ടാമത്തെ മകൻ നസ്റുൽ ഫഹദും മത്സ്യകൃഷിയിൽ താൽപര്യം കാട്ടി മലകയറാറുണ്ട്.
വീടിനോട് ചേർന്ന പുരയിടത്തിലും സഹോദരിമാരുടെ ഭൂമിയിലും ഗഫൂർ ഇഞ്ചിയും മഞ്ഞളും കപ്പയുമൊക്കെ കൃഷി ചെയ്തിട്ടുണ്ട്. വീടിനോട് ചേർന്ന് 15,000 ലിറ്റർ കൊള്ളുന്ന രണ്ട് ടാങ്കുകളിലായി കരിമീൻ, തിലോപ്പി തുടങ്ങിയവയുമുണ്ട്. മലയിലെ മുള്ളൻപന്നികളുടെ സാന്നിധ്യമാണ് ആശങ്കപ്പെടുത്തുന്നത്. ഇത് കാരണം, പലപ്പോഴും രാത്രിയിലും കൃഷിസ്ഥലത്ത് കാവലിരിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.