മട്ടുപ്പാവിൽ സിമി ഷാജി

150 ഓളം പഴങ്ങളും, പച്ചക്കറികളും, ഈ ടെറസിൽ ഇല്ലാത്തതൊന്നുമില്ല

മട്ടുപ്പാവിൽ ഇതൊക്കെ വളരുമോ എന്ന്​ സംശയിക്കുന്നവർ ഈ വീട്ടിലെത്തണം. വീട്ടുജോലി കാരണം കൃഷിക്ക്​ സമയമില്ലെന്നു​ പറയുന്നവരും ഇവിടെ വന്നുനോക്കണം. തിരുവനന്തപുരം കുറ്റിച്ചൽ കല്ലോട്​ സിമി ഷാജിയുടെ വീടിന്‍റെ 1300 ചതുരശ്രയടി മട്ടുപ്പാവിൽ പച്ചക്കറിയും പഴച്ചെടികളും നിറഞ്ഞു​ വളരുകയാണ്​.

ഇല്ലാത്തതൊന്നുമില്ല

വെണ്ട, തക്കാളി, പാവൽ, പടവലം, പയർ, 18 ഇനം പച്ചമുളക്, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, ചോളം, ചീര, മത്തൻ, കത്തിരി, കറിവേപ്പ്, ഇഞ്ചി, കുരുമുളക് എന്നിവ വിളയുന്നു. പ്രത്യേക ഇരുമ്പ്​ സ്റ്റാൻഡുകൾക്ക് മുകളിൽ ഗ്രോബാഗുകളിലാണ് കൃഷി.


150 ഓളം ഫലവർഗങ്ങളും ഇതേ മട്ടുപ്പാവിലാണ്. പ്ലം, മിറാക്കിൾ ഫ്രൂട്ട്, ഏഴിനം പേര, അഞ്ചിനം നാരകം, ആപ്പിൾ, അസാൽബെറി, ചെറി, അത്തി, അഞ്ചിനം ഓറഞ്ചുകൾ, ഏഴിനം മുസമ്പി, ചാമ്പ, രണ്ടിനം നെല്ലി, മാവ്, പ്ലാവ്, ഇലുമ്പിക്ക, മൾബറി, അമ്പഴം, നാലിനം ഞാവൽ എന്നിവയുണ്ട്​. പെയിന്‍റ്​ ബക്കറ്റുകളിൽ മണ്ണു നിറച്ച് കണിക ജലസേചനം നൽകിയാണ്​ വളർത്തുന്നത്​. അങ്കോലം, അമൃതവള്ളി, വള്ളിപ്പാല, ആടലോടകം, ആനച്ചുവടി, ആര്യവേപ്പ്, കൂവരക്, ഞാവൽ, ഗരുഡക്കൊടി, ഉമ്മം, ഓരില, കച്ചോലം, കസ്​തൂരിമഞ്ഞൾ, കയ്യോന്നി, കറ്റാർവാഴ, കുടങ്ങൽ, ചിറ്റരത്ത, കരിനൊച്ചി, വെള്ളനൊച്ചി, കുറുന്തോട്ടി, നീലനൊച്ചി, ചങ്ങലംപരണ്ട, തിപ്പലി, പനിക്കൂർക്ക, മൈലാഞ്ചി, ചേന്തോന്നി, സർപ്പഗന്ധി, തുളസി, അടപതിയൻ, അശോകം, കിരിയാത്ത്, വേങ്ങ, തുമ്പ, കടലാടി തുടങ്ങി ഔഷധ സസ്യങ്ങളും ഇവിടെ നിറഞ്ഞുവളരുന്നു.

പരീക്ഷണങ്ങൾ

മുഞ്ഞയുടെ ആക്രമണം തടയാൻ കറ്റാർവാഴ മിക്​സിയിൽ അരച്ച്​ ജെല്ലാക്കിയതിൽ അരിച്ചെടുത്ത തീരെ ചെറിയ മണൽതരി ചേർക്കുക. ഈ മിശ്രിതം മുഞ്ഞയുടെ ആക്രമണം കാണുന്ന ഭാഗത്ത് ചെറിയ വാട്ടർ കളറിങ്​ ബ്രഷ് ഉപയോഗിച്ച് പുരട്ടിക്കൊടുക്കും. ഇത്​ ഫലപ്രദമാണെന്നാണ്​ സിമിയുടെ അനുഭവം. ഉണക്കമീൻ 250 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ മുക്കിവെക്കുക. അതു കഴിഞ്ഞ് അരിച്ചെടുത്ത ശേഷം ലഭിക്കുന്ന ലായനി ചെടികളിൽ തളിക്കുക. ചാഴിയെ നിയന്ത്രിക്കാൻ ഇതുമതി.

വിൽക്കാൻ കട

കാർഷിക വിളകളും തൈകളും വിത്തുകളും അലങ്കാര സസ്യങ്ങളും തേൻ, മുട്ട തുടങ്ങിയവ വിൽക്കാൻ സ്വന്തം കടയുണ്ട്. സമൂഹമാധ്യമ കൂട്ടായ്മകളും വിപണിക്കായി പ്രയോജനപ്പെടുത്തുന്നു. തിരുവനന്തപുരം മിത്രനികേതനിൽ കാർഷിക പഠനത്തിന്​ എത്തുന്ന വിദേശ വിദ്യാർഥികൾ സിമി ഷാജിയുടെ കൃഷിപാഠം കണ്ടറിയാനെത്തുന്നു. ആട്​, കന്നുകാലി, മുയൽ, മത്സ്യകൃഷിയും സിമിക്കുണ്ട്. അയൽക്കാരിൽ കൃഷി അനുഭാവം വളർത്താൻ ഒരു സംഘം സിമി ഷാജിയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ചിട്ടുണ്ട്​.

സംസ്​ഥാന കൃഷിവകുപ്പിന്‍റെ 2017–18 ലെ മികച്ച മട്ടുപ്പാവ് കർഷകക്കുള്ള രണ്ടാംസ്​ഥാനം ഇവർക്ക്​ ലഭിച്ചതാണ്​ പുരസ്​കാരങ്ങളിൽ പ്രധാനം. സിമി ഷാജി ഫോൺ: 79074 80021.

Tags:    
News Summary - terrace fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT