അടൂർ പഴകുളം കെ.വി.യു.പി സ്കൂൾ കുട്ടികളുടെ സൂര്യകാന്തി കൃഷി 

കണ്ണിനും മനസ്സിനും കുളിർമ പകർന്ന് സൂര്യകാന്തി പൂവുകൾ; ഇത് കുട്ടികളൊരുക്കിയ വിരുന്ന് -VIDEO

ഗ്രാമത്തിലെ വിദ്യാലയത്തിൽ കുട്ടികളൊരുക്കിയത് ഒന്നാന്തരമൊരു സൂര്യകാന്തിപ്പാടം. അടൂർ പഴകുളം കെ.വി.യു.പി സ്കൂൾ കുട്ടികളാണ്  കൃഷിക്കൂട്ടം പദ്ധതിയിൽ സൂര്യകാന്തി കൃഷി ചെയ്തത്. പഠനത്തോടൊപ്പം വിദ്യാർഥികളിൽ കൃഷിയോടുള്ള താല്പര്യവും സ്നേഹവും നിലനിർത്തി കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കൃഷി. 

വേനലിലും നിറയെ പൂത്തുനില്‍ക്കുന്ന സൂര്യകാന്തി പൂവുകൾ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചയാണ്. സൂര്യകാന്തി കൃഷിയിൽ, പൂവുകളിൽ നിന്ന് ലഭിക്കുന്ന വിത്തുകൾ ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലുമാണ് ഉപയോഗിക്കുന്നത്. പേപ്പര്‍ നിര്‍മിക്കാനും, കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വാലാച്ചിറ എന്ന സ്ഥലത്ത് മറ്റുള്ള കാര്‍ഷിക വിളകളുടെ നേരെയുള്ള കീടങ്ങളുടെ ആക്രമണത്തെ തടയാനായി സൂര്യകാന്തി കൃഷി ചെയ്തിട്ടുണ്ട്. ഇലയും തണ്ടും പൂവും കായുമെല്ലാം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സൂര്യകാന്തി ഒരു വാർഷിക സസ്യമാണ്. ഇവയുടെ പൂവിന്‍റെ തണ്ട് മൂന്ന് മീറ്റർ ഉയരത്തിൽ വരെ വളരുന്നു. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ പൂവിൽ വലിയ വിത്തുകൾ കാണാം.

 

സ്കൂളിൽ കൃഷിചെയ്ത രീതി

ഒന്നര മീറ്റർ വീതിയിൽ മണ്ണിളക്കി കുമ്മായമിട്ട് 15 ദിവസങ്ങൾക്ക് ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിവളം എന്നിവ അടിവളമായി നൽകി 15 സെൻ്റിമീറ്റർ പൊക്കത്തിൽ താവരണകൾ (വാരം) കോരി വിത്ത് പാകിയാണ് സൂര്യകാന്തി കിളിർപ്പിച്ചത്. ജൈവവളമാണ് പൂർണ്ണമായും ഉപയോഗിച്ചത്.

കൃഷിക്കാവശ്യമായ ഹൈബ്രിഡ് വിത്തുകൾ ഓൺലൈനായി വരുത്തി. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്നാണ് കൃഷി ആരംഭിച്ചത്. 45 ദിവസമാണ് പൂവിടാനായി വേണ്ടത്. ഈ കാലയളവിൽ വെള്ളവും വളവും നൽകി പരിപാലിച്ചു.  

 

പൂക്കളിൽ വിത്തുകൾ പാകമാകുമ്പോൾ വിത്ത് ആട്ടി എണ്ണയുണ്ടാക്കുന്ന രീതി കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനും പദ്ധതിയുണ്ട്. വരും തലമുറ കൃഷിയെ സ്നേഹിക്കുന്നതിനും, അവരിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിക്കൂട്ടം പദ്ധതി ഉപകരിക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. വന്ദന പറഞ്ഞു. ഗുരുശ്രേഷ്ഠാ അധ്യാപക അവാർഡ് ജേതാവായ കെ.എസ്. ജയരാജാണ് പദ്ധതിയുടെ കോഓർഡിനേറ്റർ. 


Tags:    
News Summary - sunflower farming in pazhakulam kvup school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT