അപൂർവ ഫലങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ് സത്യന്‍റെ വീട്

ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ഇനം ഫലങ്ങളും ഔഷധ സസ്യങ്ങളുമാണ് വെള്ളകുളങ്ങര കിടങ്ങില്‍ സത്യന്‍റെ വീടിന്‍റെ മുന്നില്‍ നമ്മെ വരവേല്‍ക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് സ്‌പെഷ്യല്‍ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫിസര്‍ തസ്തികയില്‍ വിരമിച്ച ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് സത്യന്‍റെ മുന്നില്‍ പ്രസക്തിയില്ലായിരുന്നു. വീടിന് ചുറ്റുമുള്ള സ്ഥലത്ത് അപൂര്‍വയിനം സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും നട്ടുവളര്‍ത്തി ഹരിതാഭമാക്കിയിരിക്കുകയാണ് ഇദ്ദേഹം.

പ്രകൃതിയോട് കൂടുതല്‍ ഇണങ്ങി ജീവിക്കുക എന്ന ചിന്തയാണ് ഔഷധ സസ്യ പരിപാലനത്തിനൊപ്പം അവയെകുറിച്ച് ബോധവല്‍കരണവും നടത്തുന്ന സത്യന്‍റെ ലക്ഷ്യം. പുറംതോട് ചുവന്നയിനത്തില്‍പെട്ട ഡ്രാഗണ്‍ ഫ്രൂട്ടാണ് തൊടിയില്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമായപ്പോഴേയ്ക്കും ഇവയില്‍ കായ്ഫലമായി.

കല്‍തൂണും കോണ്‍ക്രീറ്റ് തൂണും കുഴിച്ചിട്ട് ആറടി ഉയരത്തില്‍ മുകളില്‍ കയര്‍ വെച്ചുകെട്ടി അതിലാണ് ഡ്രാഗണ്‍ ഫ്രൂട്ട് പടര്‍ത്തിയിരിക്കുന്നത്. 20 സെന്‍റിമീറ്റര്‍ നീളമുള്ള കാണ്ഡഭാഗങ്ങള്‍ മുളപ്പിച്ചെടുത്താണ് തൈകള്‍ ഉല്പ്പാദിപ്പിക്കുന്നത്.

മൊട്ട് വന്ന് 25 ദിവസത്തിനകം പൂവും തുടര്‍ന്ന് 25-30 ദിവസത്തിനിടയില്‍ പഴമാവുകയും ചെയ്യുന്ന ഗ്രാഗണ്‍ ഫ്രൂട്ട് 20-30 സെന്‍റിഗ്രേഡ് കാലാവസ്ഥയില്‍ നന്നായി വളരും. ഒരു കായ് 400 മുതല്‍ 450 ഗ്രാം വരെയുണ്ടാകും. വെള്ളം കെട്ടിക്കിടക്കാത്ത നീര്‍വാഴ്ചയും ജൈവാംശവുമുള്ള മണല്‍ കലര്‍ന്ന മണ്ണും ഇതിന്‍റെ വളര്‍ച്ചക്ക് ആവശ്യമാണ് എന്ന് സത്യന്‍ പറയുന്നു.

പഴങ്ങള്‍ വില്‍പന നടത്താറില്ല. വീട്ടിലേക്കുള്ള ആവശ്യം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ് പതിവ്. കൂടാതെ കസ്തൂരി മഞ്ഞള്‍, കരി മഞ്ഞള്‍, മിറക്കിള്‍ ഫ്രൂട്ട്, ഇന്ത്യന്‍ മള്‍ബറി എന്നറിയപ്പെടുന്ന നോനി ഫ്രൂട്ട്, വെല്‍വറ്റ് ആപ്പിള്‍, ആഫ്രിക്കന്‍ പഴമായ അവക്കാഡോ, ചക്കര കൊല്ലി, പ്രത്യേകതരം നാരകം, ചായ മന്‍സ, തായ്‌ലന്‍റ് ഇഞ്ചി, 25 വര്‍ഷം പഴക്കമുള്ള അരയാല്‍, പേരാല്‍ ബോണ്‍സായി വൃക്ഷങ്ങള്‍, അന്യംനിന്ന് പോകുന്ന നാട്ട്, ഔഷധ സസ്യങ്ങളായ കിരിയാത്ത്, ഞാറ, കച്ചോലം, കാട്ട് പാഷന്‍ ഫ്രൂട്ട് തുടങ്ങിയവയുടെ ശേഖരവും ഇവിടെ ഉണ്ട്.

Tags:    
News Summary - Sathyan's house is full of rare fruits and herbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT