കൊച്ചി: കോവിഡ് കാലത്ത് കോയാനെ തേടിയെത്തുന്നവർക്ക് എല്ലാം നാടൻ വേണം. നാടൻ മഞ്ഞൾ, ചെറുകിഴങ്ങ്, ഇഞ്ചി, ചേമ്പ് എന്നിങ്ങനെ ആവശ്യക്കാരുടെ ലിസ്റ്റ് നീളും. 85ാം വയസ്സിലും പരസഹായമില്ലാതെ കൃഷിയോ എന്ന് ചോദിച്ചാൽ ''എഴുന്നേറ്റ് നടക്കുംവരെ സ്വന്തം വരുമാനം ഇതിലൂടെ കണ്ടെത്തും'' -എന്നാകും കോതമംഗലം കുറ്റിലഞ്ഞി മേക്കക്കുടിയിൽ കോയാെൻറ പ്രതികരണം.
''16ാം വയസ്സിൽ തുടങ്ങിയതാണ് കൃഷി. ആദ്യം പാടത്തും പറമ്പിലും കന്നുപൂട്ടി. കഴിഞ്ഞ വർഷം വരെ പാട്ടത്തിന് ഭൂമിയെടുത്ത് വാഴ കൃഷി ചെയ്തിരുന്നു. 400 വാഴ വരെ വെച്ച് കോതമംഗലം മാർക്കറ്റിലും മറ്റും വിറ്റു. വലിയ കൃഷി ഏറ്റെടുക്കാൻ പറ്റാതായതോടെ ഇപ്പോൾ സ്വന്തം പറമ്പിലെ ഇരുപത്തിമൂന്നര സെൻറിലേക്ക് ഒതുക്കി'' -അദ്ദേഹം പറയുന്നു.
ചേന, പാവൽ, കുരുമുളക്, മധുരക്കിഴങ്ങ്, വാഴ, കപ്പ, വെറ്റില, കമുക് തുടങ്ങിയവ കോയാെൻറ പറമ്പിൽ കാണാം. കോവിഡ് കാലത്ത് 18 കിലോ മഞ്ഞൾ പുഴുങ്ങി പൊടിച്ച് തേടിവന്നവർക്കായി നൽകി. രാസവളവും കീടനാശിനിയും പറമ്പിലേക്ക് അടുപ്പിക്കില്ല. ചാരം, ആട്ടിൻകാട്ടം, ചാണകം എന്നിവയൊക്കെയാണ് വളം. നേരം പുലർന്നാൽ വൈകീട്ടുവരെ വിളകളെ തൊട്ടും പരിപാലിച്ചുമൊക്കെ കോയാൻ പറമ്പിലുണ്ടാകും.
സ്വന്തം മരുന്നും ആവശ്യങ്ങളും കൃഷി വരുമാനത്തിൽ നിന്നാണ് കോയാൻ കണ്ടെത്തുന്നത്. പശുവിനെയും മറ്റും വളർത്തിയ കാലത്ത് ക്ഷീരകർഷകനുള്ള പഞ്ചായത്തിെൻറ അവാർഡ് ലഭിച്ചിരുന്നു. ആറുമക്കളുടെയും വിവാഹം കഴിഞ്ഞു. ഭാര്യ കുഞ്ഞാമ്മയും മകൻ ജലാലും കുടുംബവും കോയാനൊപ്പമുണ്ട്. പരേതരായ മുറിക്കാടൻ ബാപ്പുവിെൻറയും മീരാമ്മയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.