ആതുരാലയമുറ്റത്തെ പച്ചക്കറി വിപ്ളവത്തിന് സര്‍ക്കാര്‍ അംഗീകാരം

അടിമാലി ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പച്ചക്കറി വിപ്ളവം സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ അംഗീകാരം. സംസ്ഥാന കൃഷിവകുപ്പിന്‍െറ അവാര്‍ഡ് തേടിയത്തെിയ സന്തോഷത്തിലാണ് ആരോഗ്യ കേന്ദ്രത്തിലെയും പള്ളിവാസല്‍ കൃഷിഭവനിലെയും ജീവനക്കാര്‍.
വിനോദസഞ്ചാര കേന്ദ്രമായ ചിത്തിരപുരത്ത് ആശുപത്രിയുടെ ഭൂമി വന്‍തോതില്‍ കൈയേറിയിരുന്നു. ഇത് എങ്ങനെ പരിഹരിക്കാം എന്ന ചിന്തയില്‍നിന്നാണ് മൂന്നുവര്‍ഷം മുമ്പ് 25 സെന്‍റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറിയും ജമന്തിയും നട്ടത്. അടുത്തവര്‍ഷം പള്ളിവാസല്‍ കൃഷി ഓഫിസര്‍ സിജി പിന്തുണയുമായത്തെി. പിന്നീട് ചിത്തിരപുരം ആശുപത്രി പരിസരത്തെ പച്ചക്കറി കൃഷി സംസ്ഥാനത്തിനുതന്നെ മാതൃകയായി മാറുകയായിരുന്നു. ഇപ്പോള്‍ രണ്ടേക്കര്‍ സ്ഥലത്തായി വിദേശത്ത് മാത്രം കണ്ടുവരുന്നവ മുതല്‍ നാടന്‍ പച്ചക്കറികള്‍ വരെ ഉണ്ട്. ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനകാരണം വിഷ പച്ചക്കറിയാണെന്ന തിരിച്ചറിവ് ജൈവ പച്ചക്കറി കൃഷിക്ക് ഊര്‍ജം പകര്‍ന്നു.  
ഉരുളകിഴങ്ങ്, പയര്‍, പടവലം, പാവല്‍, ബീന്‍സ്, കാബേജ്, വഴുതന, വെണ്ട, വിദേശ പച്ചക്കറികളായ ബ്രോക്കോളി, കെയിന്‍, ചൈനീസ് കാബേജ്, പക്കോയി എന്നിവക്ക് പുറമെ 1200 ഓറഞ്ചുമരങ്ങളും 300 ടിഷ്യുകള്‍ച്ചര്‍ വാഴകളും നട്ടുവളര്‍ത്തുന്നുണ്ട്. പുറമെനിന്ന് കൃഷിയിടത്തിലെ ജോലിക്ക് വിളിക്കുന്നവര്‍ക്ക് കൂലിനല്‍കാന്‍ ഓരോ മാസവും ആരോഗ്യവകുപ്പ് ജീവനക്കാര്‍ 250 രൂപ വീതം പൊതു ഫണ്ടിലേക്ക് നീക്കിവെക്കും. പച്ചക്കറി വിറ്റുകിട്ടുന്ന ലാഭം നിര്‍ധനര്‍ക്ക് മരുന്നുവാങ്ങാന്‍ വിനിയോഗിക്കും. ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ഗ്രീന്‍ ക്ളബ് വഴിയാണ് പ്രവര്‍ത്തനങ്ങള്‍. നൂതന കൃഷിരീതികളായ പെര്‍ട്ടിനേഷന്‍, റെയിന്‍ ഷെല്‍ട്ടര്‍, മല്‍സി, വെര്‍മി കമ്പോസ്റ്റ് എന്നിവക്ക് പുറമെ കീടനിയന്ത്രണത്തിന് ജമന്തിയും ഇവിടെ വിജയകരമായി പരീക്ഷിച്ചു. അടിമാലി ബ്ളോക് കൃഷി അസി. ഡയറകട്ര്‍ വല്‍സലകുമാരി ആഴ്ചയിലൊരിക്കലത്തെി കൃഷി വിലയിരുത്തും. ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്‍ജയ് കബീര്‍, സാബു ജോസഫ്, ടോണി, ഷിനാജ്, ബിജുമോന്‍, അസി. കൃഷി ഓഫിസര്‍മാരായ പി.ബി. അബു, പി.ടി. വിനോദ്, കെ.കെ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സ്വന്തമായി 13.5 ഏക്കര്‍ സ്ഥലമാണുള്ളത്.

 

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT