ആടുകളെ പരിപാലിച്ച് അതില്‍ ഉല്ലാസവും വരുമാനവും കണ്ടെത്തി ജീവിക്കുന്ന യുവാവ്. ആടുകളെ അവയുടെ ഇഷ്ടാനുസരണം യഥേഷ്ടം ജീവിക്കാന്‍ അനുവദിക്കുന്നതിനാല്‍ ആടുകള്‍ക്കും ഇത് 'സന്തോഷജീവിതം'. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പതിന്നാലാംമൈല്‍ മേലൂട് പരേതനായ ശിവരാമന്‍ നായരുടെയും ഓമനയമ്മയുടെയും ഇളയ മകനായ എസ്. കൃഷ്ണകുമാര്‍ 15 വര്‍ഷം മുമ്പ് അഞ്ച് ആടുകളുമായി ആരംഭിച്ച ആടുവളര്‍ത്തല്‍ 'സെഞ്ചുറി'യടിച്ചിരിക്കുകയാണ്.

കുട്ടികള്‍ ഉള്‍പ്പെടെ നാടന്‍ ആട് 60 ഉം മലബാറി 40 ഉം ആണ് ഉള്ളത്. സ്‌ക്വയര്‍ ട്യൂബ് തൂണും അടിയില്‍ പലക നിരത്തിയും തയാറാക്കിയിരിക്കുന്ന ആട്ടിന്‍കൂട് വീട്ടുമുറ്റത്തു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പത്തടി താഴെയുള്ള പുരയിടത്തിലാണ് കൂടിന്റെ അടിത്തറ. ഒരാള്‍ക്ക് കയറി നിന്ന് ആടിന്റെ കാഷ്ഠം വാരാനും വൃത്തിയാക്കാനും സൗകര്യത്തോടെയാണ് കൂട് ഒരുക്കിയിരിക്കുന്നത്. ഒരു കൂട്ടില്‍ 25 വീതം ആടുകളെ താമസിപ്പിക്കത്തക്കവിധം അഞ്ച് കൂടാണ് പണിതിരിക്കുന്നത്. ആണാടിനെയും പെണ്ണാടിനെയും കുട്ടികളെയും വേവ്വേറെയാണ് കൂട്ടിലിട്ടിരിക്കുന്നത്.


കുട്ടികള്‍ 15 എണ്ണം ഉണ്ട്. ഉച്ചക്ക് 12ന് ആടിനെ അഴിച്ചു വിടും. ജഴ്‌സിപിണ്ണാക്കും ഗോതമ്പ് തവിടും കാലിത്തീറ്റയും കലര്‍ത്തി നല്‍കും. ഒരു മണിക്കൂര്‍ കഴിഞ്ഞ് പ്ലാവിലയും പച്ചവെള്ളവും കൂടിക്കൊടുത്ത് വൈകിട്ട്് നാലിന് കൂട്ടില്‍ കയറ്റും. ആറു മണിക്ക് പിണ്ണാക്കു കൊടുക്കും. ആണ്‍കുട്ടികള്‍ക്ക് പുളിയരിപ്പൊടി കലക്കി കൊടുക്കും. വിറ്റാമിന്‍ സിറപ്പ് ആഴ്ച്ചയില്‍ മൂന്നു ദിവസം കൊടുക്കും. വിരമരുന്ന് 45 ദിവസം കൂടുമ്പോള്‍ കൊടുക്കും. പുളിയരിപ്പൊടി പതിവായി നല്‍കിയാല്‍ ആടുകള്‍ക്ക് പനി വരുമെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

ആടുകളെ കെട്ടിയിടുകയില്ല. സ്വന്തം പറമ്പില്‍ മേയാന്‍ വിടും. കൃഷ്ണകുമാര്‍ വിളിച്ചാല്‍ ആട്ടിന്‍പറ്റം കൂട്ടത്തോടെ അരികിലേക്ക് വരുന്ന കാഴ്ച്ച മനോഹരമാണ്. ആടുകള്‍ക്ക്് പ്രത്യുത്പാദനത്തിനും നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തുടക്കത്തില്‍ വാങ്ങിയ ആടുകള്‍ പെറ്റുപെരുകിയാണ് എണ്ണം വര്‍ധിച്ചത്. ഇതുവരെ പുതിയ ആടുകളെ വാങ്ങുകയോ മാറ്റി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് കൃഷ്ണകുമാര്‍ 'മാധ്യമ'ത്തോടു പറഞ്ഞു.



ആടുകളെ കറവക്ക് ഉപയോഗിക്കുന്നില്ല. അമ്മയുടെ പാല്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാണ് എന്നതാണ് കൃഷ്ണകുമാറിന്റെ അഭിപ്രായം. മാത്രമല്ല കുട്ടികള്‍ പാല്‍ കുടിച്ച് പെട്ടന്ന് വളരുകയും ചെയ്യും. ആട്ടിന്‍കുട്ടികളെ അഞ്ച്-ആറ് മാസം പ്രായമാകുമ്പോള്‍ വില്‍ക്കും. ഒരെണ്ണത്തിന് 25-30 കിലോ കാണും. ഒരു കുട്ടിക്ക്് 10,000-12,000 രൂപ മതിപ്പുവില കിട്ടും. ആട്ടിന്‍ കാഷ്ഠവും വില്‍ക്കുന്നുണ്ട്. വാഴ, തെങ്ങ് കൃഷിക്കാര്‍ കാഷ്ഠം വാങ്ങും. ഒരു ലോഡിന് (പിക്കപ്പ് വാന്‍) 2000 രൂപക്കാണ് നല്‍കുന്നത്. ആടുകളുമായി സല്ലപിച്ച് ജീവിതവരുമാനം അവയിലൂടെ കണ്ടെത്തുന്ന കൃഷ്ണകുമാര്‍ അവിവാഹിതനാണ്. മാതാവ് ഓമനയമ്മയും സഹോദരന്‍ ജയകുമാറും ആടുവളര്‍ത്തലിന് പിന്തുണ നല്‍കുന്നുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.


Tags:    
News Summary - Goat farm of Krishnakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT