രണ്ട് പശുക്കളുമായി തുടക്കം, അനുഭവസമ്പത്തില്ല; യുവ ദമ്പതികളുടെ കരുത്തിൽ വളർന്നത് രാജ്യം അറിയപ്പെടുന്ന ഒരു ഫാം ബ്രാൻഡ്

ജയ്പൂർ: കോർപറേറ്റ് ജോലിയുടെ സുരക്ഷിതത്വത്തിൽനിന്നും വ്യത്യസ്തമായി ഫാം കൃഷിയെ മുഖ്യധാരയാക്കി വിജയം കൊയ്തിരിക്കുകയാണ് ജയ്പൂരിലെ ഒരു യുവ ദമ്പതികൾ. കർഷക കുടുംബ പാരമ്പര്യമോ കാർഷിക അനുഭവസമ്പത്തോ ഇല്ലാതെയെത്തി, ഇന്ന് 2.4 കോടി രൂപ വാർഷിക വിറ്റുവരവുള്ള വൻകിട ഫാമിലേക്ക് വളർത്തിയിരിക്കുകയാണ് വിഭോർ ജൈനും ഭാര്യ ഇഷിത ജൈനും.

ബെംഗളൂരുവിൽനിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം നേടിയ വിഭോർ ജൈൻ, കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് 2018ൽ പശുവളർത്തലിലേക്ക് തിരിഞ്ഞത്. വാടകയ്‌ക്കെടുത്ത ഭൂമിയിൽ ഏതാനും ഗിർ പശുക്കളുമായി തുടങ്ങിയ സംരംഭം ഇന്ന് ജയ്പൂരിനടുത്ത് വിപുലമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഐ.ടി ബിരുദധാരിയും എച്ച്.ആർ എം.ബി.എക്കാരനുമായ ഇഷിത ജൈൻ കൂടി ഒപ്പം ചേർന്നതോടെ ഫാമിലെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്താർജ്ജിച്ചു. അതോടെ ഉയർന്നുവന്നത് 'കിനയ ഓർഗാനിക് ഫാം' എന്ന വലിയ ബ്രാൻഡ് ആയിരുന്നു.

നിലവിൽ ഈ ഫാമിൽ 100ലധികം ഗിർ പശുക്കളാണുള്ളത്. ദിവസേന 250 മുതൽ 300 ലിറ്റർ വരെ പാൽ ഉത്പാദിപ്പിക്കുന്നു. കൂടാതെ, പരമ്പരാഗത രീതിയിലുള്ള ബിലോന നെയ്യ് അടക്കം 25ലധികം മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നുണ്ട്. പാൽ, നെയ്യ് എന്നിവയ്ക്ക് പുറമെ തണുപ്പിച്ച് ഉണക്കിയ മധുരമുള്ള പാലുൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. നിലവിൽ പ്രതിമാസം 18 മുതൽ 20 ലക്ഷം രൂപ വരെയാണ് ഫാമിലെ വരുമാനം.

കൃഷിയെയും ഡയറിയെയും പരസ്പരം ബന്ധിപ്പിച്ചുള്ള 'ഇന്റഗ്രേറ്റഡ് ഫാമിങ്' മാതൃകയാണ് ഇവർ നടപ്പിലാക്കിയത്. പശുക്കളുടെ ചാണകം പാഴികളയാതെ ബയോഗ്യാസ് ഉത്പാദനത്തിനും, തുടർന്ന് കൃഷിക്കുള്ള ജൈവ വളമായും മാറ്റുന്നുണ്ട്. കൂടാതെ, 45 കിലോവാട്ടിന്റെ സൗരോർജ പ്ലാന്റ്, 50 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണി, തുള്ളിനന രീതി, ഫാമിലെ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.


ഫാമിൽ ഡയറിക്കൊപ്പം വനവൽക്കരണത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട് ഈ ദമ്പതികൾ. 40 ഇനങ്ങളിൽപ്പെട്ട 500ലധികം മാവുകൾ ഉൾപ്പെടെ 2,000ത്തിലധികം മരങ്ങളും, 300ലധികം വെളുത്ത ചന്ദനമരങ്ങളും ഇവിടെ വളർത്തുന്നുണ്ട്. പാഴ്‌വസ്തുക്കൾ മറ്റ് ആവശ്യങ്ങൾക്കുള്ള ഊർജവും വളവുമായി മാറുന്ന ഈ സുസ്ഥിര കാർഷിക മാതൃക ഇന്ന് രാജ്യത്തിന് തന്നെ വലിയൊരു പ്രചോദനമായിരിക്കുകയാണ്.

Tags:    
News Summary - From Corporate Jobs to a 2.4 Crore Organic Farm: The Inspiring Journey of a Jaipur Couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.