നൂറു ശതമാനം ക്ഷീരകർഷക; സാഗ സരോജിനിയുടെ കഥ

പശു നമുക്ക് പാൽ തരും. ആ പാൽ അമ്മ എനിക്ക് കാച്ചി തരും. ഞാൻ കുടിച്ചില്ലെങ്കിൽ അമ്മ കരയും. 50 വർഷം മുമ്പ് കൽപത്തൂർ എ .യു.പി.സ്​കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സരോജിനി കേട്ട പാഠഭാഗം.

ഇന്ന് കോഴിക്കോട് നന്മണ്ട ചെറുവോട് സാഗ സരോജിനി വേഷത്തിലും ഭാവത്തിലും നൂറ് ശതമാനം ക്ഷീരകർഷകയാണ്​. 13 പശുക്കളാണ് തൊഴുത്തിൽ. ജഴ്​സി ഇനം അഞ്ച് പശുക്കളും ഗീർ ഇനം ഒരെണ്ണവും ബാക്കി നാടൻ ഇനങ്ങളും. മേപ്പയൂർ കാരയാട് തേവർകണ്ടി കുടുംബാംഗമായ സരോജിനി ബാല്യത്തിൽ തന്നെ മാതാപിതാക്കളുടെ കൃഷിയും പശുവളർത്തലും കണ്ടുപഠിച്ചു. വിവാഹ ശേഷം നന്മണ്ടയിലെത്തിയപ്പോഴും കൃഷി മറന്നില്ല. ഭർതൃകുടുംബവും കർഷക കുടുംബമായതിനാൽ പ്രോത്സാഹനമേകി.

പുലർച്ചെ അഞ്ച് മണിയോടെ ആരംഭിക്കുന്ന ദിനചര്യ രാത്രി 11 മണിയോടെയാണ് അവസാനിക്കുന്നത്. കോഴിക്കോട് കോർപറേഷനിൽ നിന്നും ശുചീകരണ വിഭാഗത്തിൽ വിരമിച്ച കൃഷ്ണൻകുട്ടിയുടെ കരുതലും താങ്ങും വേണ്ടുവോളം ഈ ക്ഷീരകർഷകക്ക് ലഭിക്കുന്നു. തൊഴുത്തിലെ പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്ത് കഴുകി വൃത്തിയാക്കുന്നതും ഭർത്താവായ കൃഷ്ണൻകുട്ടി തന്നെ. പറമ്പിലെയും മലമുകളിലെയും പച്ചപുല്ല് ശേഖരിക്കാനിറങ്ങുന്നതും ഇരുവരുമാണ്.

പശു പരിപാലനത്തിനു പുറമെ വംശമറ്റു പോകുന്ന നാടൻ കോഴി വളർത്തലും പ്രധാന ഹോബിയാണ്. വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷിക്കും സമയം കണ്ടെത്തുന്നു. ഏറെ അധ്വാനവും ക്ഷമയും ആവശ്യമുള്ള ജോലിയാണ്​ പശു പരിപാലനമെന്നാണ്​ ഇവർ പറയുന്നത്. നാല് തവണ കൃഷിഭവന്‍റെയും പഞ്ചായത്തിന്‍റെയും മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് നേടി. ഇത്തവണയും മികച്ച ക്ഷീര കർഷകക്കുള്ള അവാർഡ് ലഭിച്ചു. 20 വർഷമായി എഴുകുളം ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്​ടർ കൂടിയാണ് സാഗ സരോജിനി.

Tags:    
News Summary - cow farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT