?????????? ??????????????

കൃഷിയുടെ വല്യപ്പച്ചന്‍

എണ്‍പതാം വയസ്സിലും യുവാവിന്‍െറ പ്രസരിപ്പോടെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ് ഇടുക്കി ചെറുതോണി ഉപ്പുതോട് പുല്‍ക്കുന്നേല്‍ അപ്പച്ചന്‍. 60 വര്‍ഷമായി മണ്ണ് മാത്രമാണ് ഈ മാതൃകാ കര്‍ഷകന്‍െറ ജീവിതം. 1950കളുടെ മധ്യത്തില്‍ ഭാര്യ മറിയാമ്മയുടെ കൈപിടിച്ച് ഹൈറേഞ്ചിലത്തെി കൊടും കാട് വെട്ടിത്തെളിച്ച് കൃഷിക്കിറങ്ങിയ അപ്പച്ചന്‍െറ ജീവിതം പ്രതിസന്ധികളോടുള്ള പോരാട്ടത്തിന്‍െറ കഥകൂടിയാണ്.

രാവിലെ എട്ടിനുമുമ്പുതന്നെ തോളില്‍ തൂമ്പയുമായി അപ്പച്ചന്‍ പറമ്പിലിറങ്ങും. നേരമിരുട്ടുന്നതുവരെ അവിടെയുണ്ടാകും. വീടിനുചുറ്റുമുള്ള അഞ്ചേക്കര്‍ കൃഷിയിടത്തിലെ ഓരോ മണ്‍തരിയിലും അപ്പച്ചന്‍െറ വിയര്‍പ്പുണ്ട്. പറമ്പിലെങ്ങും സൂചികുത്താന്‍ ഇടമില്ല. ജാതിയും കൊക്കോയും കാപ്പിയും കമുകും തെങ്ങും എല്ലാമുണ്ട്. കാട്ടുമരത്തില്‍ കെട്ടിയ ഏറുമാടത്തില്‍ താമസിച്ചായിരുന്നു ആദ്യകാലങ്ങളിലെ കൃഷി. 

ആറ് ആണും മൂന്ന് പെണ്ണുമായി ഒമ്പത് മക്കള്‍. രണ്ടുപേര്‍ പട്ടാളത്തില്‍നിന്ന് വിരമിച്ചു. ഒരാള്‍ ഇപ്പോഴും സിയാച്ചിന്‍ മലനിരകളില്‍ അതിര്‍ത്തി കാക്കുന്നു. മൂന്ന് പെണ്‍മക്കള്‍ നഴ്സുമാരായി. മക്കളും പേരമക്കളുമായി 37പേരടങ്ങുന്ന കുടുംബത്തിന്‍െറ നാഥനാണ് അപ്പച്ചന്‍. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ‘മണ്ണിലെ അധ്വാനം തന്നെയാണ് കാരണം. മണ്ണ് ചതിക്കില്ല, ഒമ്പത് മക്കളെ പഠിപ്പിച്ച് നല്ല നിലയിലത്തെിക്കാന്‍ സഹായിച്ചത്  മണ്ണാണ്’ അപ്പച്ചന്‍ പറയുന്നു.

കുടിയേറിയ കാലത്ത് അല്‍പം കേരള കോണ്‍ഗ്രസ് രാഷ്ട്രീയമൊക്കെയുണ്ടായിരുന്നു. കെ.എം. ജോര്‍ജിന്‍െറ മരണത്തോടെ പാര്‍ട്ടി വിട്ടു. മൂന്നാമത്തെ മകന്‍ സണ്ണിയോടൊപ്പമാണ് താമസം. കൃഷിയില്‍ വല്യപ്പച്ചനെ സഹായിക്കാന്‍ പേരക്കുട്ടികളുമുണ്ട്. കര്‍ഷക അവാര്‍ഡുകളുടെ പിറകെയൊന്നും ഇദ്ദേഹം പോയിട്ടില്ല. ‘മണ്ണ് തരുന്ന സന്തോഷം. അതുതന്നെയാണ് ഏറ്റവും വലുത്’ അപ്പച്ചന്‍ നയം വ്യക്തമാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT