'വയല്‍' വിശേഷം വീട്ടിലെത്താന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട്

 വയല്‍ വിശേഷങ്ങള്‍ വീട്ടകങ്ങളിലത്തെിച്ച ആകാശവാണിയുടെ ‘വയലും വീടും’ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. കര്‍ഷകര്‍ക്കുള്ള അറിയിപ്പുകളും മറ്റുമായി തുടങ്ങിയവ ഏകോപിപ്പിച്ച് ‘വയലും വീടും’  പരിപാടിയായി ആരംഭിച്ചത് 1966 ആഗസ്റ്റില്‍ തൃശൂര്‍ നിലയത്തില്‍നിന്നാണ്. ഇത് ശ്രോതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചതോടെ 1972ല്‍ കോഴിക്കോട്ടും ’88ല്‍ തിരുവനന്തപുരത്തും പ്രക്ഷേപണം തുടങ്ങി. കൃഷിയും ഗ്രാമവികസനവും കണ്ണിചേര്‍ന്ന പരിപാടി കേന്ദ്രസര്‍ക്കാറിന്‍െറ ‘ഗ്രോ മോര്‍ ഫുഡ്’ പദ്ധതിപ്രകാരമാണ് തുടങ്ങിയത്.  

മഹാകവി അക്കിത്തവും ജോസഫ് കൈമാപറമ്പനും ഉള്‍പ്പെടെയുള്ളവര്‍ ഇതിന്‍െറ പ്രൊഡ്യൂസര്‍മാരായിരുന്നു. റേഡിയോ സാധാരണക്കാരന്‍െറ ദിനചര്യകളിലേക്കും തൊഴിലിടങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതിന് ഉദാഹരണമായി വയലും വീടും വ്യാപിച്ചു. കൃഷിയറിവുകള്‍ കര്‍ഷകരെ പഠിപ്പിക്കാന്‍, അവരുടെ ആശങ്കയകറ്റാന്‍ വയല്‍വരമ്പില്‍ വരെയത്തെി ഈ പരിപാടി. ഇന്ത്യയിലെ പത്ത് നിലയങ്ങളില്‍ നിന്ന് ആരംഭിച്ച വയലും വീടും കേരളത്തില്‍ ആദ്യമായി പ്രക്ഷേപണം ചെയ്തത് തൃശൂര്‍ നിലയത്തില്‍ നിന്നാണ്. സാങ്കേതികത അധികം വളരാത്ത അന്ന് എരുമയൂരില്‍ നിന്നായിരുന്നു പ്രക്ഷേപണ തയാറെടുപ്പുകള്‍ നടത്തിയത്.

ജില്ലയിലെ കോള്‍ പടവുകള്‍, കുട്ടനാട്, പാലക്കാട് ജില്ലകളിലെ കൃഷി വിശേഷങ്ങള്‍ എന്നിവയായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. ഹരിതവിപ്ളവ കാലഘട്ടത്തില്‍ അതിന് ഊന്നല്‍ നല്‍കുന്നതായിരുന്നു പരിപാടി. ഐ.ആര്‍ എട്ട്  നെല്‍വിത്തിനത്തെ കുറിച്ച് കര്‍ഷകര്‍ അറിയുന്നത് ഈ പരിപാടിയിലൂടെയാണ്. റേഡിയോ വിത്തെന്ന് കര്‍ഷകര്‍ അതിനെ പേരിട്ട് വിളിച്ചിരുന്ന കാലഘട്ടമായിരുന്നു അത്-ഏറെക്കാലം ഇതിന്‍െറ പ്രോഗ്രാം എക്സിക്യൂട്ടിവായിരുന്ന മുരളീധരന്‍ തഴക്കര പറഞ്ഞു.

മാധ്യമ രംഗത്ത് ടെലിവിഷന്‍ അപ്രമാദിത്വം കൈവരിക്കുകയും കാഴ്ച തത്സമയത്തിലേക്ക് വഴിമാറുകയും ചെയ്തപ്പോഴും വൈകീട്ട് 6.50 ആകാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഇന്നും കുറവല്ല. ചിട്ടപ്പെടുത്തിയത് ആരെന്ന് രേഖപ്പെടുത്താത്ത വയലും വീടും പരിപാടിയുടെ സ്വാഗത ഈണം ചിലര്‍ക്ക് ഗൃഹാതുര സംഗീതം കൂടിയാണ്. പരമ്പരാഗത കൃഷി ഹൈടെക്കിലേക്ക് മാറിയപ്പോഴും വയലും വീടും ഇവയെ കോര്‍ത്തിണക്കിയ കണ്ണിയായി. നിരവധി കത്തുകള്‍ ഇന്നും പരിപാടിയിലേക്ക് എത്തുന്നതായി തൃശൂര്‍ നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് അനിത വര്‍മ പറഞ്ഞു. പ്രോഗ്രാം എക്സിക്യൂട്ടീവിന്‍െറ കീഴില്‍ അഞ്ചുപേര്‍ ഈ പരിപാടിക്കായുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT