കുന്നിന്‍ചരിവുകളിലെ ഹരിതാഭ ശോഭ

പാറകള്‍ നിറഞ്ഞ കുന്നിന്‍ചരിവുകളില്‍ ഇടവിള കൃഷിയിറക്കി ഹരിതാഭമാക്കുകയാണ് നാവായിക്കുളം കുടവൂര്‍ ബി.എസ് കോട്ടേജില്‍ ഷൈലാ ബഷീര്‍ എന്ന വീട്ടമ്മ.  അര്‍ബുദത്തിന്‍െറ പീഡകള്‍ അനുഭവിക്കുമ്പോഴും നെല്‍കൃഷിയുള്‍പ്പെടെ  ഇടവിളകൃഷിയിലൂടെ ലഭിക്കുന്ന ആശ്വാസത്തിന് മറുപേര് വിളിക്കാനില്ളെന്ന്  ഷൈല. സംസ്ഥാന സര്‍ക്കാറിന്‍െറ ഈവര്‍ഷത്തെ കര്‍ഷകതിലകം അവാര്‍ഡ് ജേതാവാണ് ഇവര്‍.

മേഖലയിലെ പേരുകേട്ട കാര്‍ഷിക കുടുംബമായിരുന്നെങ്കിലും ഇടയ്ക്ക് നഷ്ടപ്പെട്ട കാര്‍ഷികപ്രതാപം വീണ്ടെടുക്കാനായി 50 സെന്‍റില്‍ ആരംഭിച്ച കരനെല്‍ കൃഷിയാണ് മൂന്നര ഏക്കര്‍ വരുന്ന കൃഷിഭൂമിയെ വിവിധ വിളകളാല്‍ ഹരിതാഭമാക്കിയത്. നെല്‍കൃഷി കൂടാതെ വിവിധയിനം വാഴകള്‍, ചേമ്പ്, ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, കൈതച്ചക്ക, മറ്റ് പച്ചക്കറിയിനങ്ങള്‍ കൂടാതെ കോഴി, താറാവ്, പശു, ആട്, മീന്‍, തേനീച്ച എന്നിവയും ഇവിടെ വളര്‍ത്തുന്നു. മുഴുസമയവും വിളകളെ പരിപാലിക്കുന്നതിനാല്‍ കട്ടിയുള്ള ജോലികള്‍ ചെയ്യാന്‍ ഒരാളെ മാത്രമാണ് കൂലിക്ക് നിര്‍ത്തിയിട്ടുള്ളത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷമായി ഷൈലയുടെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയും സഹായവുമായി കൂടെയുണ്ട്. 

പൂര്‍ണമായും ജൈവ കൃഷിരീതി അവലംബിച്ചതുകൊണ്ട് മണ്ണിര കമ്പോസ്റ്റ് യൂനിറ്റും കൃഷിസ്ഥലത്തുണ്ട്. കൃഷിയിടത്തിന്‍െറ ഒരുവശത്തെ പാറക്കിടയില്‍നിന്ന് ലഭിക്കുന്ന ശുദ്ധജലത്തിന്‍െറ ഉറവ കൃഷിക്ക് ആവശ്യമായ വെള്ളം സമൃദ്ധമായി നല്‍കുന്നു. നാവായിക്കുളം പഞ്ചായത്തിലെ ജൈവ കര്‍ഷക കൂട്ടായ്മയായ ആത്മ യൂനിറ്റിന് ആവശ്യമായ ജൈവവളവും ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുന്നു. 

നാവായിക്കുളം കൃഷിഭവന്‍െറ മികച്ച കര്‍ഷകക്കുള്ള അവാര്‍ഡ്, ജില്ലയിലെ ഏറ്റവും നല്ല ജൈവ കര്‍ഷകക്കുള്ള സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവയും ഷൈലയെ തേടിയത്തെിയിട്ടുണ്ട്. ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചും ജൈവകൃഷിയിലും വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ച നാവായിക്കുളം കൃഷി ഓഫിസര്‍ ഷിബുകുമാറിന്‍െറയും കൃഷി അധികൃതരുടെയും സഹായങ്ങളും ഷൈലാ ബഷീര്‍ ഓര്‍ക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.