പെരിനാടന്‍ കൃഷിക്കൂട്ടം

പെരിനാട് വിപ്ളവത്തിന് നൂറാണ്ട് തികയുമ്പോള്‍ ആ മണ്ണില്‍ വീണ്ടുമൊരു വിപ്ളവത്തിന് തുടക്കമായിരിക്കുന്നു, ‘പെരിനാടന്‍’ എന്ന ബ്രാന്‍ഡഡ് ജൈവപച്ചക്കറി ഉല്‍പാദനത്തിലൂടെ. പഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും സഹകരണത്തോടെയാണ് എം.ജി ശ്രീ സംഘകൃഷിയുടെ ജൈവപച്ചക്കറി ഉല്‍പാദനം. പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ തരിശുകിടന്ന പുരയിടങ്ങളാണ് കൂട്ടുകൃഷിക്ക് ഉടമകളുടെ സഹകരണത്തോടെ സമിതി ഏറ്റെടുക്കുന്നത്. പുതുവത്സരാരംഭത്തില്‍ സംഘകൃഷിയുടെ ഉദ്ഘാടനം എം.എ. ബേബി എം.എല്‍.എ നിര്‍വഹിച്ചു. തുടക്കത്തില്‍ 70 ഏക്കറിലെ കൃഷിയായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോഴത് 125 ഏക്കറിലേക്ക് വളര്‍ന്നു. പഞ്ചായത്തിലെ 286 കുടുംബശ്രീ യൂനിറ്റുകളും പ്രധാനകര്‍ഷകരും പഞ്ചായത്ത് അംഗങ്ങളുമാണ് ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചീര, വെണ്ട, മുളക്, തക്കാളി, പാവല്‍, പയര്‍, വഴുതന, കത്തിരി, പടവലം, കുമ്പളം, വെള്ളരി, മത്തന്‍, കാരറ്റ്, കാബേജ്, കോളിഫ്ളവര്‍, കോവല്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, പയര്‍, ബീറ്റുറൂട്ട്, അമര, വാഴ, മരച്ചീനി, ചുരക്ക തുടങ്ങി കപ്പലണ്ടി, മുന്തിരി, വെളുത്തുള്ളി, മൈസൂര്‍ മല്ലി, നിത്യവഴുതന തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. 
ആറിനം വിത്തുകളും ജൈവകീടനാശിനികളും മറ്റും കൃഷിഭവന്‍ നല്‍കും. ഓരോ അയല്‍ക്കൂട്ടങ്ങളും തങ്ങളുടെ കൃഷിയിടത്തില്‍ വ്യത്യസ്ത കൃഷികള്‍ പരീക്ഷിക്കുന്നുമുണ്ട്. കൃഷി തുടങ്ങി ഒരു മാസമായപ്പോള്‍ ചീരയുടെ ആദ്യ വിളവെടുപ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനില്‍, സെക്രട്ടറി എ. ബാബുരാജ്, കൃഷി ഓഫിസര്‍ ജി. ബൈജു, അസി.കൃഷി ഓഫിസര്‍ ടി. പ്രകാശ് എന്നിവരുടെ നേതൃത്വവും പദ്ധതിക്ക് മുതല്‍ക്കൂട്ടാകുന്നു. ജില്ലയില്‍ ഏറ്റവും അധികം പച്ചക്കറി കൃഷിചെയ്യുന്ന പഞ്ചായത്തെന്ന അംഗീകാരവും പെരിനാടന്‍ ബ്രാന്‍ഡ് നേടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT