ലക്ഷം പച്ചക്കറിത്തൈകള്‍; കൃഷിപ്പെരുമയില്‍ ജോയി

ചാലക്കുടിയിലെയും പരിസരത്തെയും പച്ചക്കറി സമൃദ്ധിയിലേക്ക് ആനയിക്കുകയാണ് കോട്ടാറ്റിലെ പി.ജെ.ജോയിയുടെ നഴ്സറി . ഓരോ സീസണിലും കൃഷിഭവനുകളിലേക്ക് ആവശ്യമായ ഒരു ലക്ഷം ഗുണമേന്മയേറിയ പച്ചക്കറിത്തൈകളാണ് ജോയി ഒരുക്കുന്നത്. ചാലക്കുടി, കൊരട്ടി, മേലൂര്‍,പരിയാരം തുടങ്ങിയ കൃഷിഭവനുകളിലേക്കും വിവിധ സ്ഥലങ്ങളിലെ മറ്റ് സ്വകാര്യ നഴ്സറികളിലേക്കും വിതരണം ചെയ്യാന്‍  ലക്ഷ്യമിട്ട് പത്തോളം പച്ചക്കറി തൈ ഇനങ്ങള്‍ ജോയി ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. വെണ്ട, പയര്‍, രണ്ടു തരത്തിലുള്ള മുളക്, ചീര, പാവല്‍, പടവലം, വഴുതിന, തക്കാളി തുടങ്ങിയവയാണ് പ്രധാനം. 

ഇതില്‍ മുളക്, പടവലം, പാവലം, തക്കാളി എന്നിവയുടെ തൈകള്‍ക്ക് മൂന്നുരൂപ വീതവും മറ്റുള്ളവക്ക് രണ്ടു രൂപയുമാണുള്ളത്. ഇത്തവണത്തെ ഓണക്കാലത്തെ വിഭവസമൃദ്ധമാക്കാനുള്ള ജോയിയുടെ പച്ചക്കറിത്തൈകള്‍ കൃഷിഭവനുകളില്‍ വിറ്റഴിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷമായി ജോയി കാര്‍ഷിക രംഗത്ത് സജീവമാണ്. നിരവധി അംഗീകാരങ്ങള്‍ നേടിയ കോട്ടാറ്റ് പച്ചക്കറി ഗ്രാമത്തിന്‍െറ പ്രധാന ഭാരവാഹിയാണ്. പത്തേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ചേന, കൊള്ളി, മറ്റ് പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു. 

പി.ജെ.ജോയി സ്വന്തം നഴ്സറിയില്‍
 

പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ നഴ്സറി ആരംഭിച്ചിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളു. അഞ്ചു ലക്ഷം രൂപ ചെലവില്‍ 15 സെന്‍േറാളം സ്ഥലത്ത് പോളിഹൗസ് നിര്‍മിച്ചാണ് നഴ്സറി ആരംഭിച്ചത്. തുറന്ന അന്തരീക്ഷത്തില്‍ രോഗബാധക്ക് സാധ്യതയുള്ളതിനാല്‍ പച്ചക്കറി വിത്തുകള്‍ പോളിഹൗസുകളിലാണ്  പാകുന്നത്. മണ്ണുത്തി കര്‍ഷിക സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവരുന്ന ഗുണമേന്മയുള്ള വിത്തുകളാണിവ.  വളമിടല്‍ ജൈവരീതിയില്‍ തന്നെ.

വേനല്‍ക്കാലത്ത് പോളിഹൗസുകളില്‍ ചൂട് നിയന്ത്രണാതീതമായതിനാല്‍ തൈകള്‍ നശിക്കാനിടയുള്ളതിനാല്‍ മഴക്കാലമാണ് നഴ്സറിയില്‍ വിത്ത് പാകാന്‍ പറ്റിയ സമയം. വിത്ത് മുളയെടുത്താലും പണികള്‍ അവസാനിക്കുകയില്ല. ആഴ്ചയില്‍ ഓരോ തവണയെങ്കിലും സ്യൂഡോമോണാസ്, വേപ്പെണ്ണ എന്നിവ തളിക്കണം. കൃത്യമായ രീതിയില്‍ നനക്കണമെന്നതാണ് പ്രധാനം. വേനല്‍ വരും വരെ വിവിധ ബാച്ചുകളായി തൈകള്‍ ഉല്‍പാദിപ്പിക്കാം. നഴ്സറിയില്‍ ജോയിക്ക് സഹായികളായി വേറെയും മൂന്നുപേരുണ്ട്. ജൈവ പച്ചക്കറിയില്‍ സംസ്ഥാനത്തെ  സ്വയം പര്യാപ്തമാക്കാന്‍ വേണ്ടി ജോയിയും കൂട്ടരും തൈകള്‍ ഉല്‍പാദിപ്പിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT