ഒരു കൈയില്‍ പുസ്തകവും മറുകൈയില്‍ കൈക്കോട്ടും

പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ, പുത്തനൊരായുധമാണത് , പുസ്തകം കൈയിലെടുത്തോളൂ’ -ബര്‍ത്തോള്‍ഡ് ബ്രഹ്ത്തിന്‍െറ ഈ വാക്യമാണ് ചന്ദ്രശേഖരപിള്ളയുടെ ജീവിതം മാറ്റിയെഴുതിയത്.
കരീപ്ര തളവൂര്‍കോണം തോട്ടത്തില്‍ വീട്ടില്‍ നിത്യലക്ഷ്മിയില്‍ ബി. ചന്ദ്രശേഖരന്‍പിള്ളക്ക് (58) കൃഷി ജീവവായുവാണ്. 14 ഏക്കര്‍ പാടത്ത് നെല്‍കൃഷിയോടൊപ്പം ഒന്നര ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തുകയാണ് ഈ റിട്ട.അസി.കൃഷി ഓഫിസര്‍. 82 വയസ്സുകാരിയായ മാതാവ് ലക്ഷ്മിക്കുട്ടിയമ്മയാണ് കാര്‍ഷികവൃത്തിയില്‍ തനിക്ക് പ്രചോദനമെന്ന് ഇദ്ദേഹം പറയുന്നു. അധ്യാപകവൃത്തി നഷ്ടമായ ഭാര്യ വിജയകുമാരിയും ചന്ദ്രശേഖരപിള്ളക്ക് കൃഷിയിടത്തിലും ജീവിതയാത്രയിലും താങ്ങും തണലുമാണ്. ജില്ലയിലെ മികച്ച പാടശേഖരമായി കരീപ്ര പാട്ടുപുരയ്ക്കല്‍ ഏലായെ കഴിഞ്ഞ മൂന്നുവര്‍ഷമായി മികവിന്‍െറ പുരസ്കാരത്തിനര്‍ഹമാക്കിയതില്‍ പാടശേഖര സമിതി സെക്രട്ടറി കൂടിയായ ചന്ദ്രശേഖരപിള്ളയുടെ പങ്ക് ചെറുതല്ല. ജില്ലയില്‍ ഒരു തുണ്ട് വയല്‍പോലും തരിശിടാതെ ഇരുപ്പൂ കൃഷി ചെയ്യുന്ന ഏക ഏലായാണിത്. വെള്ളം കയറിയും വെയിലേറ്റും വിളനാശം വരുമ്പോഴും ഇവിടെയുള്ള കര്‍ഷകരെ കൃഷിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത് ചന്ദ്രശേഖരപിള്ളയുടെ നിശ്ചയദാര്‍ഢ്യമാണ്. നാലുതവണ പഞ്ചായത്തും ജില്ലയും മികച്ച കര്‍ഷകനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്വന്തം പുരയിടവും വയലും കൂടാതെ, മറ്റുള്ളവരുടെ പുരയിടവും വസ്തുവും ഏറ്റെടുത്താണ് കൃഷി. കരപ്പുരയിടത്തില്‍ മരച്ചീനി, കാച്ചില്‍, വാഴ, ഇഞ്ചി, മുതിര, പയര്‍, കുരുമുളക്, വെണ്ട, വഴുതന തുടങ്ങിയവയെല്ലാം വിളയിച്ചെടുക്കുന്നുണ്ട്. കൃഷിയിലുള്ള കമ്പം കൃഷിശാസ്ത്രം പഠിക്കാനും കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനാകാനും പ്രേരകമായി. മൂന്നുവര്‍ഷം മുമ്പ് ആലപ്പുഴയിലെ നൂറനാട് കൃഷിഭവനില്‍നിന്നാണ് അസി.കൃഷി ഓഫിസറായി വിരമിച്ചത്. ഒരു കൈയില്‍ പുസ്തകവും മറുകൈയില്‍ കൈക്കോട്ടുമായാണ് താന്‍ ഒരു കാലത്ത് നടന്നിരുന്നതെന്ന് പിള്ള ഓര്‍ക്കുന്നു. പരലല്‍ കോളജ് അധ്യാപകനായിരുന്നപ്പോഴും പിന്നീട് കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോഴും കൃഷിയെ കൈവിടാന്‍ താന്‍ ഒരുക്കമായിരുന്നില്ളെന്നും അദ്ദേഹം പറയുന്നു.

15 ഏക്കറില്‍ പൂര്‍ണ ജൈവരീതിയില്‍ സമ്പന്നമാണ് ഇദ്ദേഹത്തിന്‍െറ കൃഷിത്തോട്ടവും 40 ഓളം പശുക്കളടങ്ങിയ ഡെയറിഫാമും. പയര്‍, പാവല്‍, പടവലം, വെണ്ട, ചീര, വെള്ളരി, കാബേജ്, തക്കാളി തുടങ്ങിയ പച്ചക്കറികളെല്ലാം ഇദ്ദേഹത്തിന്‍െറ തോട്ടത്തിലുണ്ട്. കൂടാതെ വിവിധതരം വാഴകളും. കൂടാതെ, നാലുവര്‍ഷം ആധുനിക കൃഷിരീതിയായ പോളി ഹൗസും പരീക്ഷിച്ച് വിജയം നേടിയിട്ടുണ്ട്. നാടിന്‍െറ നാനാഭാഗത്തുനിന്ന് നിരവധി പേരാണ്  പയ്യലക്കാവ് ഡെയറിയില്‍ വന്ന് വിഷരഹിതമായ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. ഇവിടെ വിളയിക്കുന്നത് തികയാതായതോടെ ശാസ്താംകോട്ട, ഭരണിക്കാവ് പ്രദേശങ്ങളില്‍ സമാനരീതിയില്‍ വിഷരഹിത കാര്‍ഷികവിളകള്‍ ഉല്‍പാദിപ്പിക്കുന്നവരില്‍നിന്ന് വിളകള്‍ എത്തിക്കുന്നുണ്ട്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ വിറ്റ കര്‍ഷകനുള്ള അംഗീകാരം തേടിയത്തെിയ വിജയന്‍പിള്ളയുടെ ഫാമില്‍ വൃത്തിയായ അന്തരീക്ഷത്തിലാണ് കിടാരികളുടെയും വാസം. കര്‍ഷകര്‍ക്ക് പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനൊപ്പം സാമൂഹികപ്രതിബദ്ധത ഏറ്റെടുത്ത് കൃഷി നടത്തിയാല്‍ ജില്ലകള്‍ തോറുമുള്ള മെഡിക്കല്‍ കോളജ് പോലും വേണ്ടിവരില്ളെന്ന് വിജയന്‍പിള്ള അടിവരയിടുന്നു. കൃഷി ഒരു തൊഴിലായിരുന്നു ആദ്യമെങ്കില്‍ ഇന്ന് ആത്മസംതൃപ്തിയുടെ പാഠങ്ങളാണ് നേടുന്നതെന്ന് അദ്ദേഹം പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT