??? ?????????????? ????????????????????? ?????
കട്ടപ്പന അഞ്ചുമുക്കിലെ അഞ്ചര ഏക്കറില്‍ ജൈവകൃഷിയിലൂടെ പൊന്നുവിളയിച്ച യുവതിക്ക് സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ്. ഇടുക്കി വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍െറ ഭാര്യ മഞ്ജുവാണ് (35) സംസ്ഥാനത്തെ മികച്ച യുവകര്‍ഷകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹയായത്. മലമുകളില്‍ കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്ക് പ്രദേശത്തെ അഞ്ചര ഏക്കര്‍ പുരയിടം ജൈവകൃഷിയിലൂടെ ഹരിതാഭമാക്കിയതിനാണ് ഈ യുവകര്‍ഷകയെ തേടി അംഗീകാരമത്തെിയത്. 
ഭര്‍ത്താവ് മാത്യുവിന് കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കര്‍ സ്ഥലത്തും കഷ്ടപ്പെട്ട് കനകം വിളയിച്ചാണ് ഇവര്‍ കൃഷിയില്‍ മികവ് തെളിയിച്ചത്. രാസവളം വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ ചാണകവും പച്ചിലയും ഉപയോഗിച്ചായിരുന്നു ആദ്യം കൃഷി. 
ഇതിലൂടെ മികച്ച വിളവ് ലഭിച്ചതോടെ പൂര്‍ണമായും ജൈവകൃഷി പിന്തുടരുകയായിരുന്നു. പഞ്ചഗവ്യം ചേര്‍ത്തുണ്ടാക്കുന്ന ജീവാമൃതം, മീനെണ്ണ, മുട്ടക്കഷായം, ആട്ടിന്‍ കാഷ്ഠവും മൂത്രവും ചേര്‍ത്തുണ്ടാക്കുന്ന ആട്ടോടു തുടങ്ങിയ ജൈവവളങ്ങളാണ് ഇവരുടെ മണ്ണിനെ സമ്പുഷ്ടമാക്കുന്നത്. 
മാലിമുളക്, കാന്താരി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ എന്നിവ ഗോമൂത്രത്തില്‍ ലയിപ്പിച്ചുണ്ടാക്കുന്ന കീടനാശിനിയാണ് രോഗബാധക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നത്. 
രണ്ടര ഏക്കറില്‍ കുരുമുളക്, വാഴ, ചേന, മരച്ചീനി, തുടങ്ങിയ കാര്‍ഷിക വിളകളാണ്. കൃഷി വിജ്ഞാനകേന്ദ്രത്തിന്‍െറ സഹായത്തോടെ മഴമറ നിര്‍മിച്ച് പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ളവര്‍, ബ്രോക്കോളി, മാലിമുളക്, ബജി മുളക്, ക്യാപ്സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറി വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. രണ്ട് പശുക്കളെയും എട്ട് ആടിനെയും കോഴികളെയും വളര്‍ത്തുന്നുണ്ട്. മത്സ്യ കൃഷിക്കായി രണ്ട് വലിയ പടുതാക്കുളങ്ങള്‍ നിര്‍മിച്ച് രോഹു, ഗൗരാമി, ഗോള്‍ഡ് ഫിഷ്, സിലോപിയ തുടങ്ങിയ മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. 
ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി വിളകള്‍ കച്ചവടക്കാര്‍ കൃഷി സ്ഥലത്തുനിന്ന് നേരിട്ട് വാങ്ങുന്നതുകൊണ്ട് വില്‍പനക്ക് ബുദ്ധിമുട്ടില്ല. 
മുമ്പ് കുടിവെള്ളം പോലും കിട്ടാതിരുന്ന പ്രദേശത്ത് കുഴല്‍കിണറും പടുതാക്കുളവും നിര്‍മിച്ചാണ് ജലസേചന സൗകര്യം ഒരുക്കിയത്. കൃഷി വകുപ്പിന്‍െറ ആല്‍മ അവാര്‍ഡും കുടുംബശ്രീയുടെ അംഗീകാരവും മുമ്പ് ലഭിച്ചിട്ടുണ്ട്. ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയ ജൈവവളങ്ങള്‍ സ്വന്തമായി ഉല്‍പാദിപ്പിച്ച് കൃഷിക്ക് ഉപയോഗിക്കുന്നതോടൊപ്പം വില്‍ക്കുന്നുമുണ്ട്. 
മഴ മറക്കുള്ളില്‍ മിക്ക പച്ചക്കറിത്തൈകളും ഉല്‍പാദിപ്പിച്ചു ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. കൃഷിക്കാരായ മാതാപിതാക്കളുടെ വഴിയേയാണ് മക്കളായ അഞ്ചിത്, അഞ്ജു, ആല്‍ബിന്‍ എന്നിവരും. ക്ളാസ് കഴിഞ്ഞുകിട്ടുന്ന ഒഴിവുസമയങ്ങളില്‍  ഇവരും കൃഷിയിടത്തില്‍ സജീവമാണ്. സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ് മഞ്ജുവിനെ തേടി എത്തുമ്പോള്‍ അത് അഞ്ചുമുക്ക് എന്ന മലയോര പ്രദേശത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT