കണ്ണൂര്‍ ജയിലിലെ പച്ചക്കറി കൃഷിയില്‍ നൂറുമേനി

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ അന്തേവാസികളുടെ നേതൃത്വത്തിലുള്ള പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. ജയിലിലെ ഭക്ഷണാവശ്യത്തിന് പുറമെ ജീവനക്കാര്‍ക്ക് വിപണിനിരക്കില്‍ ലഭ്യമാക്കാനും സാധിക്കുംവിധം കിലോക്കണക്കിന് പച്ചക്കറികളാണ് വിളവെടുക്കുന്നത്. 
പടവലം, പയര്‍, കാബേജ്, കോളിഫ്ളവര്‍, ചീര, വഴുതിന തുടങ്ങിയവയും കറിവേപ്പിലയും ജയില്‍വളപ്പില്‍ തഴച്ചുവളരുന്നു.  ജയിലില്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റ്, വെര്‍മി വാഷ്, ചാണകപ്പൊടി എന്നിവ ഉപയോഗിച്ച് സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷിയിലൂടെയാണ് കണ്ണൂര്‍ ജയില്‍ മാതൃകയാവുന്നത്. 
ജയിലില്‍ ഉല്‍പാദിപ്പിക്കുന്നതിന് പുറമെ തളിപ്പറമ്പ് കരിമ്പയിലെ വിത്തുല്‍പാദന കേന്ദ്രത്തില്‍നിന്ന് വിലക്കുവാങ്ങിയ വിത്തുകളും കൃഷിക്ക് ഉപയോഗിക്കുന്നു. 
പുഴാതി കൃഷിഭവനിലെ കൃഷി ഓഫിസര്‍ സീമ സഹദേവന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. രണ്ടായിരത്തോളം ഞാണിപ്പൂവന്‍ വാഴകളും റോബസ്റ്റ് വിഭാഗം ഗ്രാന്‍റ്-9 ഇനത്തിലുള്ള അഞ്ഞൂറോളം വാഴകളുമുണ്ട്. 
അന്തേവാസികളുടെ ഭക്ഷണത്തിനുള്ളതെടുത്ത് ബാക്കി പച്ചക്കറിയാണ് ജീവനക്കാര്‍ക്ക് വിപണിനിരക്കില്‍ നല്‍കുന്നത്. ജയിലിനകത്തെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ ചാണകത്തില്‍നിന്നും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ മണ്ണിര കമ്പോസ്റ്റ് യൂനിറ്റില്‍ നിന്നുമാണ് ജൈവവളം തയാറാക്കുന്നത്. 
ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ കാര്‍ഷികവൃത്തിയില്‍ താല്‍പര്യമുള്ള അന്തേവാസികളെ ഉപയോഗിച്ച് ദിവസം മൂന്നുനേരം കൃഷിക്കാവശ്യമായ പരിചരണമുണ്ട്. ഈ വര്‍ഷം തണുപ്പ് കുറവായതിനാല്‍ കോളിഫ്ളവര്‍ കൃഷിയില്‍ അല്‍പം തിരിച്ചടി നേരിട്ടതായി ജീവനക്കാരന്‍ അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജയിലിന്‍െറ അധീനതയിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് വര്‍ഷംതോറും കരനെല്‍കൃഷിയും നടത്തുന്നു. ആതിര നെല്‍വിത്ത് ഉപയോഗിച്ച് ഈ വര്‍ഷം നടത്തിയ കൃഷിയില്‍ ഒരു ക്വിന്‍റല്‍ നെല്ലാണ് ലഭിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.