തീച്ചൂടിൽ കോഴികൾക്കും വേണം കരുതൽ

കോഴികൾ ചൂട്​ സഹിച്ചോളും എന്ന്​ കരുതിയാൽ തെറ്റി. മിണ്ടാപ്രാണിയാണെങ്കിലും അവ​ക്കും നല്ല കരുതൽവേണം. കോഴി വളർത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. അന്തരീക്ഷ ആർദ്രതയും 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ അന്തരീക്ഷ താപനിലയും ഉയരുന്നത് കോഴികളുടെ ശരീരതാപനിയന്ത്രണ സംവിധാനം തകരാറിലാക്കുന്നു.

ഉഷ്ണസമ്മർദം
കൂടുകളിൽ അടച്ചിട്ട് വളർത്തുന്ന പക്ഷികളാണ് ഡീപ്പ് ലിറ്റർ രീതിയിൽ വളർത്തുന്ന പക്ഷികളേക്കാൾ കൂടുതലായി ഉഷ്ണസമ്മർദത്തി​​​െൻറ ലക്ഷണങ്ങൾ കാട്ടുക. മുട്ടക്കോഴികളേക്കാൾ േബ്രായിലർ ഇറച്ചിക്കോഴികളെയാണ് ഉഷ്ണസമ്മർദം കൂടുതൽ ബാധിക്കുക. ഷെഡിലെ താപനില ക്രമാതീതമായി ഉയരുന്നതോടെ കോഴി തീറ്റ തിന്നുന്നതി​​​െൻറ അളവ് കുറയുകയും അമിതദാഹം കാട്ടുകയും ചെയ്യുന്നു. തീറ്റ കുറയുന്നതോടെ മുട്ടയും കുറയും. മുട്ടത്തോടിന് കട്ടികുറഞ്ഞ് എളുപ്പം പൊട്ടിപ്പോകും. ഇറച്ചിക്കോഴികളിൽ വളർച്ചനിരക്കും തീറ്റ പരിവർത്തനശേഷിയും കുറയുന്നു. നന്നായി തീറ്റയെടുത്ത കോഴികൾ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കും. ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കുക, തണലിടങ്ങളിൽ കൂട്ടമായി തൂങ്ങിനിൽക്കുക എന്നിവയും ഉഷ്ണസമ്മർദത്തി​​​െൻറ ലക്ഷണങ്ങളാണ്. കൂടുതൽ സമയം നിൽക്കാൻ പ്രവണത കാണിക്കുന്നതും ചിറകുകൾ ഉയർത്തിയും വിടർത്തിയിടുന്നതുമാണ് മറ്റു ലക്ഷണങ്ങൾ.

തീറ്റ ഒറ്റത്തവണയായി വേണ്ട
വേനൽക്കാലത്തെ തീറ്റയും തീറ്റക്രമവും ഏറെ പ്രധാനമാണ്. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും തീറ്റ നൽകണം. തീറ്റ ഒറ്റത്തവണ നൽകുന്നതിന് പകരം പലതവണകളായി വിഭജിച്ച് നൽകണം. മൂന്നിലൊന്ന് തീറ്റ പുലർച്ചേ 4-5 മണിക്കിടയിലും ബാക്കി തീറ്റ വൈകീട്ട് 3 മണിക്ക് ശേഷവും രാത്രിയും നൽകാം. അതിരാവിലെ ഷെഡിൽ വെളിച്ചം നൽകിയാൽ തീറ്റ നല്ലതുപോലെ തിന്നും. ചൂട് കൂടുന്നതോടെ കോഴികൾ തീറ്റയെടുക്കുന്നതി​​​െൻറ അളവ് കുറയുന്നതിനാൽ കൊടുക്കുന്ന തീറ്റ ഗുണമേന്മയുള്ളതാവണം. തീറ്റ അൽപം നനച്ചുനൽകാം. പെല്ലറ്റ് തീറ്റയാണ് നല്ലത്. മുട്ടക്കോഴികൾക്ക് കക്ക നൽകുന്നത് മുട്ടത്തോടിന് കട്ടികൂടാൻ നല്ലതാണ്.

തണുത്ത വെള്ളം
തണുത്ത വെള്ളം ലഭ്യമാക്കണം. ഐസ് കഷണങ്ങൾ ഇട്ടുകൊടുത്ത് വെള്ളം തണുപ്പിക്കാം. വാട്ടർ ടാങ്കിലെ വെള്ളം ചൂടാകാതിരിക്കാൻ ശ്രദ്ധിക്കണം. സാധാരണയേക്കാൾ ഇരട്ടി വെള്ളപ്പാത്രങ്ങളും 10 ശതമാനം കൂടുതൽ സ്ഥലവും ഷെഡിൽ ഒരുക്കണം.

കുടുതൽ സ്​ഥലം
ഒരു ഇറച്ചിക്കോഴിക്ക് സാധാരണ നൽകാറുള്ള ഒരു ചതുരശ്രയടിക്ക് പകരം 1.2 ചതുരശ്രയടി സ്ഥലം നൽകാം. പ്രതിരോധ കുത്തിവെപ്പുകൾ, മരുന്നുകൾ എന്നിവയും അതിരാവിലേയോ വൈകുന്നേരമോ നൽകാം. വിറ്റാമിനുകളും, ഇലക്േട്രാലൈറ്റുകളും അടങ്ങിയ ടോണിക്കുകൾ കുടിവെള്ളത്തിൽ ചേർത്ത് നൽകുന്നത് വേനലിൽ കുളിർമയേകും. 50 കോഴികൾക്ക് ഒരു കിലോ വരെ പച്ചപ്പുല്ല് അരിഞ്ഞ് തീറ്റയായി നൽകാം. ജലാംശം കൂടിയ ഇലകളും അസോളയടക്കമുള്ള തീറ്റവിളകളും കൊടുക്കാം.

ഇലക്േട്രാലൈറ്റ് ലായനി
ശുദ്ധജലം ഉറപ്പാക്കുന്നതോടൊപ്പം വിപണിയിൽ ലഭ്യമായ വിവിധ ഇലക്േട്രാലൈറ്റ് മിശ്രിതങ്ങൾ (ഇലക്േട്രാകെയർ, ഇലക്േട്രാലൈറ്റ് സി, ടോളോലൈറ്റ് തുടങ്ങിയ) ഒരു ലിറ്റർ കുടിവെള്ളത്തിൽ രണ്ട് ഗ്രാം എന്ന അളവിൽ ചേർത്ത് കോഴികൾക്ക് നൽകണം. ഒാരോ നാല് ലിറ്റർ വെള്ളത്തിലും അഞ്ച് ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും (ബേക്കിങ് സോഡ), ഉപ്പും, പൊട്ടാസ്യം ക്ലോറൈഡ് പൊടിയും ചേർത്ത് ഇലക്േട്രാലൈറ്റ് ലായനി തയാറാക്കിയും കൊടുക്കാം. പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ, സി, ഡി, ഇ അടക്കമുള്ള പോഷകങ്ങൾ അടങ്ങിയ വിറ്റാമിൻ ധാതുലവണ മിശ്രിതങ്ങൾ (േഗ്രാവിപ്ലക്സ് (Groviplex), വിമറാൽ (Vimeral)) തീറ്റയിൽ 20-30 ശതമാനം വരെ കൂടുതലായി ഉൾപ്പെടുത്തണം.

കാത്സ്യം 3-3.5 ശതമാനം വരെ മുട്ടക്കോഴികളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. കക്കയുടെ പുറന്തോട്, പൊടിച്ച തരികൾ ഇതിന് ഉപയോഗപ്പെടുത്താം. സോഡിയം സാലിസിലേറ്റ്, അമോണിയം ക്ലോറൈഡ്/നവസാരം (1), പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ബൈ കാർബണേറ്റ് തുടങ്ങിയ ഘടകങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ഒരു ശതമാനം വീതം എന്ന നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകാം. സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), 1 ശതമാനം എന്ന നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകുന്നത് മുട്ടയുടെ പുറംതോടി​​​െൻറ ഗുണവും മെച്ചപ്പെടുത്തും. യീസ്​റ്റ്​ അടങ്ങിയ തീറ്റ മിശ്രിതങ്ങൾ (ഫീഡ്അപ് യീസ്റ്റ്) തീറ്റയിൽ ഉൾപ്പെടുത്തിയാൽ ദഹനനവും തീറ്റയെടുപ്പും കാര്യക്ഷമമാവും.

ചൂട് കുറക്കാം
സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര നനക്കുന്നതും മേൽക്കൂരക്ക് മുകളിൽ ചണച്ചാക്കോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും വശങ്ങളിൽ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും ഫാമിലെ ചൂട് കുറക്കും. മേൽക്കൂരക്ക് കീഴെ ഓലയോ ഗ്രീൻ നെറ്റോ ഉപയോഗിച്ച് അടിക്കൂര ഒരുക്കുന്നതും ഉള്ളിലെ താപം കുറക്കും. നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വശങ്ങളിലും ചുമരുകളിലും വലക്കണ്ണികളിലും അടിഞ്ഞുകൂടിയ മാറാലയും തൂവൽ അവശിഷ്​ടങ്ങളുമെല്ലാം വൃത്തിയാക്കി വായുസഞ്ചാരം സുഗമമാക്കണം. ഇതിന് ഫാനുകളും ഘടിപ്പിക്കാം. നല്ല വായുസഞ്ചാരത്തിന് ഷെഡി​​​െൻറ മധ്യഭാഗത്ത് തറയിൽനിന്ന് മേൽക്കൂരയിലേക്ക് 3 മുതൽ 3.5 മീറ്റർവരെ ഉയരം വേണം. ഡീപ് ലിറ്റർ രീതിയിലാണ് വളർത്തുന്നതെങ്കിൽ പഴയ ലിറ്റർ മാറ്റി രണ്ട് ഇഞ്ച് കനത്തിൽ പുതിയ ലിറ്റർ വിരിക്കാനും ശ്രദ്ധിക്കണം. ചൂടു കുറഞ്ഞ സമയങ്ങളിൽ 2-3 തവണ തറ വിരിപ്പ് ഇളക്കി നൽകണം. തറവിരിപ്പൊരുക്കാൻ അറക്കപ്പൊടിയേക്കാൾ ഉത്തമം ചകിരിച്ചോറാണ്.

Tags:    
News Summary - poultry farming in summer season-Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.