ക്രോർപതിയിൽ മത്സരിച്ച് 50 ലക്ഷം നേടി കർഷകൻ; 2018 മുതൽ ആരംഭിച്ച തയാറെടുപ്പ്...

മുംബൈ: വെള്ളപ്പൊക്കത്തിൽ താൻ വിയർപ്പൊഴുക്കി വളർത്തിയ കൃഷി അപ്പാടെ നശിച്ചു പോയ കർഷകന്‍റെ തലവര തെളിച്ച് കോൻ ബനേഗാ ക്രോർപതി. മഹാരാഷ്ട്രയിലെ പൈതൻ ഗ്രാമത്തിൽ നിന്നുള്ള കൈലാഷ് കുന്ദേവാർ എന്ന കർഷകനാണ് ഹിന്ദി റിയാലിറ്റി ഷോ ആയ ക്രോർപതിയിൽ നിന്ന് 50 ലക്ഷം രൂപ നേടിയത്. 14 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാണ് കൈലാഷ് ഈ നേട്ടം സ്വന്തമാക്കിയത്.

എളുപ്പമായിരുന്നില്ല കർഷകനിൽ നിന്ന് റിയാലിറ്റി ഷോയിലേക്കുള്ള യാത്ര. സ്വന്തമായുള്ള 2 ഏക്കർ ഭൂമിയിലാണ് കൈലാഷ് വർഷങ്ങളായി കൃഷി ചെയ്തിരുന്നത്. ഇടവിട്ട് വരുന്ന വരൾച്ചയും വെള്ളപ്പൊക്കവും വിളനാശവും മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട കൈലാഷ് സ്വന്തമായി ഭൂമി ഉണ്ടായിട്ടും മിക്കപ്പോഴും മറ്റ് കൃഷിയിടങ്ങളിൽ കൂലിപ്പണി ചെയ്യാൻ നിർബന്ധിതനായി. അങ്ങനെ പ്രയാസകരമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോഴാണ് അദ്ദേഹം ക്രോർപതി എന്ന റിയാലിറ്റി ഷോയെകുറിച്ചുള്ള ചിന്തയിലെത്തുന്നത്.

2015ൽ സ്വന്തമായി ഫോൺ വാങ്ങിയത് മുതൽ കൈലാഷ് കോൻ ബനേഗ ക്രോർപതിയിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. യൂട്യൂബിൽ പരിപാടി കാണുമ്പോൾ ഇതൊരു വിനോദ പരിപാടി മാത്രമാണെന്നാണ് ആദ്യം കരുതിയത്. ചോദ്യങ്ങൾക്കുത്തരം നൽകിയാൽ ആർക്കും പണം നേടാൻ കഴിയുമെന്ന് പിന്നെയാണ് കൈലാഷ് തിരിച്ചറിഞ്ഞത്.

2018ൽ ഹിംഗോളി ജില്ലയിൽ നിന്ന് ഷോയിൽ പങ്കെടുത്ത മത്സരാർഥിയെ ഫേസ്ബുക്കിൽ തിരഞ്ഞു കണ്ടു പിടിച്ച് സംസാരിക്കുമ്പോഴാണ് കൈലാഷ് ഈ സത്യം തിരിച്ചറിയുന്നത്. പിന്നീടുള്ള കാലം കൃഷിപ്പണി കഴിഞ്ഞ് വന്നയുടൻ എല്ലാ ദിവസവും പൊതുവിഞ്ജാന പരിപാടികൾ കാണാൻ തുടങ്ങി. ഈ ആത്മാർഥമായ പഠനമാണ് തന്നെ 50 ലക്ഷമെന്ന നേട്ടത്തിലെത്തിച്ചതെന്ന് കൈലാഷ് പറയുന്നു.

14 ചോദ്യങ്ങൾക്ക് എളുപ്പത്തിൽ ഉത്തരം പറഞ്ഞെങ്കിലും 15ാമത്തെ ചോദ്യം കൈലാഷിനെ കുഴക്കി. 50-50 ലൈഫ് ലൈൻ ഉപയോഗിച്ചെങ്കിലും ഉത്തരത്തിൽ സംശയമുണ്ടായതിനാൽ അദ്ദേഹം മത്സരത്തിൽ നിന്ന് 50 ലക്ഷവുമായി പിൻമാറുകയായിരുന്നു.

ലഭിച്ച പണം എന്തു ചെയ്യുമെന്ന ചോദ്യത്തിന്,  കുട്ടികളുടെ പഠനത്തിനാണ് ആദ്യ പരിഗണനയെന്നും ബാക്കി കാര്യങ്ങൾ പിന്നെ ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിൽ നിന്ന് 3000 രൂപ മാത്രമാണ് കൈലാഷിന് മാസം ലഭിച്ചു കൊണ്ടിരുന്നത്. രണ്ട് ആൺമക്കളെയും ക്രിക്കറ്റിലെത്തിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.

Tags:    
News Summary - kon banega crorepathi winner farmer's story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.