തൃശൂർ: വയനാട് ജില്ലയിലെ ഇടവക ഗ്രാമപഞ്ചായത്തിൽ നിന്നുള്ള കർഷകനായ എൻ.എം. ഷാജി 'ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡ് 2021' ന് അർഹനായി. കേരളത്തിന്റെ 'ട്യൂബർ മാൻ ' എന്നറിയപ്പെടുന്ന അദ്ദേഹത്തിന് കൃഷി ചെയ്യപ്പെടുന്ന വിളകളുടെ സംരക്ഷണത്തിനായുള്ള വ്യക്തിഗത വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്.
ചേന, ചേമ്പ്, കാച്ചിൽ, കൂവ, മധുരക്കിഴങ്ങു, കപ്പ, കൂർക്ക തുടങ്ങി ഇരുന്നൂറിലേറെ കിഴങ്ങു വിളകളാണ് അദ്ദേഹം തന്റെ കൃഷിയിടത്തിൽ സംരക്ഷിച്ചു പോരുന്നത്. ഷാജിക്ക് ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡിനപേക്ഷിക്കുവാനുള്ള എല്ലാ പിന്തുണയും സഹായവും നൽകിയത് കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെൽ ആണ്. സെൽ മേധാവിയായി വിരമിച്ച ഡോ. സി.ആർ. എൽസിയാണ് മാർഗനിർദ്ദേശങ്ങൾ നൽകിവന്നത്.
2015ൽ പ്ലാന്റ് ജീനോം സേവിയർ അവാർഡിനും ഷാജി അർഹനായിട്ടുണ്ട്. ഉൾക്കാടുകളിലേക്കു പോലും സഞ്ചരിച്ചു പുതിയ കിഴങ്ങു വർഗങ്ങൾ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യാൻ പരിശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ആറു കാട്ടുകിഴങ്ങുകൾ ഉൾപ്പടെ ഒട്ടനവധി കിഴങ്ങിനങ്ങൾ സംരക്ഷിക്കപ്പെടുന്നു. നിരവധി അവാർഡുകൾക്ക് അർഹനായ ഷാജിയുടെ കിഴങ്ങിനങ്ങൾ ഇടവക ഗ്രാമപഞ്ചായത്തിന്റെ ജനങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്ററിൽ ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.