ജൈവ കൃഷി ജനപ്രിയവും ലാഭകരവുമാക്കാന്‍ പുതുപദ്ധതി

തിരുവനന്തപുരം: ജൈവ കൃഷി സുസ്ഥിരവും ജനപ്രിയവും ലാഭകരവുമാക്കാന്‍ സര്‍ക്കാറിന്‍െറ പുതുപദ്ധതി. കാര്‍ഷികമേഖലക്ക് പുത്തനുണര്‍വിനായി കഴിഞ്ഞദിവസം അനുവദിച്ചത് 4.15 കോടി. ജൈവ കൃഷിക്ക് 2.61 കോടി, പോളിഹൗസിന് 80 ലക്ഷം, ആത്മക്ക് 74.43 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക. ജൈവ കൃഷിയില്‍ പുതിയ 152 ക്ളസ്റ്റേഴ്സ് രൂപവത്കരിക്കുന്നതിനായി ഒരെണ്ണത്തിന് 7500 രൂപ വീതം 1.14 കോടി ചെലവഴിക്കും. പാക്കിങ്ങിനും ലേബലിങ്ങിനുമായി 3.51 ലക്ഷം, സമ്പൂര്‍ണ ജൈവകേന്ദ്രത്തിനുള്ള അവാര്‍ഡിന് 18 ലക്ഷം, 10 ഇക്കോഷോപ്പുകള്‍ക്ക് 75 ലക്ഷം, കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുന്നതിന് 60 ഇക്കോഷോപ്പിന് 12 ലക്ഷം എന്നിങ്ങനെയാണ് തുക ചെലവഴിക്കുക. കര്‍ഷകര്‍ക്ക് ക്ളസ്റ്ററുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനുള്ള ചുമതല വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സിലാണ്. പോഷകമൂല്യമുള്ള വിഷരഹിതമായ ഭക്ഷണവിഭവങ്ങള്‍ ലഭിക്കുകയെന്നതാണ് ലക്ഷ്യം.

ഫാമിലെ ഉല്‍പാദന യൂനിറ്റുകള്‍ സുരക്ഷിതമായി ഭക്ഷണം ഒരുക്കണം. പി.ജി.എസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വെജിറ്റബ്ള്‍ കൗണ്‍സിലാണ്. ഉല്‍പാദകര്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള സഹായം നല്‍കാനാണ് തീരുമാനം. കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കുക, ഭക്ഷണത്തിലൂടെ പോഷഹാകാര സംരഷണം, പ്രാദേശികമായ ജൈവ നിഷേപങ്ങളെ ഉപയോഗപ്പെടുത്തുക, അവയെല്ലാം ഫാമിലെ ഉല്‍പാദനത്തിന് പ്രയോജനപ്പെടുത്തുക, പ്രത്യേക ലോഗോയും ബ്രാന്‍റ് പേരും ജൈവ വിഭവങ്ങള്‍ക്ക് നല്‍കുക എന്നിവയും ലക്ഷ്യങ്ങളാണ്. മികച്ച ജൈവ കൃഷി നടത്തുന്നവര്‍ക്ക് അവാര്‍ഡും നല്‍കും.

ഹൈടെക് കൃഷിക്ക് 80 ലക്ഷമാണ് നീക്കിവെക്കുന്നത്. ഇത് പോളിഹൗസിനുള്ള പ്രത്യേക സഹായമാണ്. പോളിത്തീന്‍ റൂഫ് ഷീറ്റ് മാറ്റുന്നതിന് 28.7 ലക്ഷം, പൊതുവായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 17.25 ലക്ഷം, പോളിഹൗസ് വികസിപ്പിക്കുന്നത് 12.5 ലക്ഷം, കൃഷി കൃത്രിമ മാധ്യമത്തിലാക്കുന്നതിന് 21.3 ലക്ഷം എന്നിങ്ങനെയാണ് തുക നല്‍കുന്നത്. കൃഷിയിടത്തില്‍ കര്‍ഷകന്‍െറ ആത്മാവെന്ന് വിശേഷിപ്പിക്കുന്ന അഗ്രികള്‍ചര്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സിക്ക് (ആത്മ) കേന്ദ്ര സര്‍ക്കാര്‍ 1.16 കോടി അനുവദിച്ചിരുന്നു. ആത്മയുടെ സംസ്ഥാന വിഹിതമായി 74.43 ലക്ഷമാണ് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ കാര്‍ഷികനയത്തിന്‍െറ ഭാഗമായി എല്ലാ സംസ്ഥാനങ്ങളും ആത്മ നടപ്പാക്കിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.