വനത്തില്‍ വിളഞ്ഞു കിടക്കുന്ന മൂട്ടില്‍ പഴങ്ങള്‍

മലയോരത്ത് ഇത് മൂട്ടില്‍ പഴങ്ങളുടെ കാലം

മലയോരത്ത് ഇത് മൂട്ടില്‍ പഴം വിളയുന്ന കാലമാണ്. വനത്തിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും നിറഞ്ഞു കായ്ച്ചുനില്‍ക്കുന്ന മൂട്ടില്‍ മരങ്ങള്‍ മനോഹര കാഴ്ചയാണ്. കാണാനെന്ന പോലെ തന്നെയാണ് കഴിക്കാനും ഈ പഴങ്ങള്‍. മലയോരത്തെ പഴയ തലമുറക്ക് നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നവയാണ് മൂട്ടില്‍ പഴങ്ങള്‍. മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പന്‍, കുറുക്കന്‍ തൂറി, മുട്ടിത്തൂറി, കുന്തപ്പഴം തുടങ്ങി പ്രദേശികമായി വ്യത്യസ്ത പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

എഴുപതുകളിലും എണ്‍പതുകളിലും മഴക്കാലമായാല്‍ വനത്തില്‍ നിന്ന് പറിച്ചെടുക്കുന്ന ഈ പഴങ്ങള്‍ വിദ്യാലയ പരിസരത്ത് വില്‍പന നടത്തിയിരുന്നു. ആപ്പിള്‍, ഓറഞ്ച് പോലുള്ള പഴങ്ങള്‍ നാട്ടിന്‍പുറത്തെ വിപണിയില്‍ പോലും ലഭ്യമാകാന്‍ തുടങ്ങിയപ്പോഴാണ് മൂട്ടില്‍ പഴങ്ങള്‍ പോലുള്ള കാട്ടുപഴങ്ങള്‍ക്ക് മലയോരത്ത് ആവശ്യക്കാരില്ലാതായത്.

ബക്കേറിയ കോര്‍ട്ടലെന്‍സിസ് എന്ന് ശാസ്ത്രീയ നാമമുള്ള മൂട്ടില്‍മരങ്ങള്‍ കിഴക്കന്‍ മലനിരകളില്‍ ധാരാളമായി വളരുന്നവയാണ്. മറ്റ് ഫലവൃക്ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ മരത്തിന്‍റെ ചുവട്ടിലാണ് കായ്കളുണ്ടാകുന്നത്. വേനലിലാണ് ഇവ പൂക്കാറുള്ളത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കായ്കള്‍ പഴുത്തു പാകമാകും. ചെറുനാരങ്ങയുടെ വലിപ്പമാണ് കായ്കള്‍ക്ക്. ചുവന്നുതുടുത്ത പഴങ്ങള്‍ കുലകളായി മരത്തിന്‍റെ തടിയോട് ചേര്‍ന്ന് പറ്റിപിടിച്ചു നില്‍ക്കുന്നത് മനോഹര കാഴ്ചയാണ്.

നേരിയ പുളിപ്പും മധുരവും കലര്‍ന്ന രുചിയാണ് ഇവക്കുള്ളത്. പ്രമേഹരോഗത്തിന് മികച്ച ഔഷധമായി കണക്കാക്കുന്ന ഇവയുടെ തോടുകള്‍ അച്ചാര്‍ ഉണ്ടാക്കാനും ഉത്തമമാണ്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയാനും ഈ പഴങ്ങള്‍ കഴിക്കുന്നത് നല്ലതെന്നാണ് പഴമക്കാര്‍ പറയുന്നത്.

ആദിവാസികള്‍ ഇവ കാട്ടില്‍ നിന്ന് ശേഖരിച്ച് ഭക്ഷിക്കുകയും നാട്ടിലെത്തിച്ച് വില്‍പന നടത്തുകയും ചെയ്യാറുണ്ട്. പഴുത്ത് പാകമായ മൂട്ടില്‍ പഴങ്ങള്‍ കുരങ്ങുകളുടെ ഇഷ്ടവിഭവമായതിനാല്‍ ആദിവാസികള്‍ക്ക് ഇവ വേണ്ടത്ര കിട്ടാറില്ല. ചൊക്കന, കാരിക്കടവ് വനത്തില്‍ പല ഭാഗങ്ങളിലും വര്‍ണക്കാഴ്ചയായി ഇപ്പോള്‍ മുട്ടില്‍പഴങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്.

മലയോര ഗ്രാമങ്ങളില്‍ പല വീടുകളിലും മൂട്ടില്‍ മരങ്ങളുടെ തൈക്കള്‍ വനത്തില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും കാട്ടില്‍ ഉണ്ടാകുന്നതു പോലെ സമൃദ്ധമായി കായ്ക്കാറില്ല.

Tags:    
News Summary - Moottil Pazham or Baccourea courtallensis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.