ആടുവിളന്താൻ കുടിയിലെ റാഗി കൃഷി

റാഗിയിൽ ആടുവിളന്താനെഴുതുന്നു അതിജീവനം

എന്നോ അന്യംനിന്നുപോയ റാഗി കൃഷിയെ പുനരുജ്ജീവിപ്പിച്ചാണ് ഇവർ പോരാട്ടത്തിനു തുടക്കമിട്ടത്. ഇനിയവർക്ക് ആരുടെയും കാരുണ്യത്തിനു കാത്തുനിൽക്കാതെ മൂന്നു നേരവും അവരുടെ ഇഷ്ടഭക്ഷണം കഴിക്കാം

മതികെട്ടാൻ മലനിരകളെ തഴുകുന്ന മേഘങ്ങൾക്കൊപ്പം തലയുയർത്തി നിൽക്കുന്ന ആടുവിളന്താൻ കുടിയിലെ റാഗി കൃഷിക്ക് പറയാനുള്ളത് വലിയൊരു ഉയിർത്തെഴുന്നേൽപിന്‍റെ കഥതന്നെയാണ്. കോവിഡ് കാലത്ത് ഒരു കിലോ അരിക്കു വേണ്ടി റേഷൻ കടയിൽ കാത്തുനിൽക്കേണ്ടി വന്ന ദുരിത ഓർമകളെ ആടുവിളന്താൻ കുടി ഇന്ന് അതിജീവിക്കുകയാണ്. ആ പട്ടിണിക്കാലം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് കുടിയിലെ കുടുംബങ്ങളുടെ നിശ്ചയദാർഢ്യം തെളിയിക്കുന്നു. കുടിയിൽനിന്ന് എന്നോ അന്യംനിന്നുപോയ റാഗി കൃഷിയെ പുനരുജ്ജീവിപ്പിച്ചാണ് ഇവർ പോരാട്ടത്തിന് തുടക്കമിട്ടത്. ഇനി ഒരിക്കലും മുട്ടില്ലാതെ, ആരുടെയും കാരുണ്യത്തിന് കാത്തിരിക്കാതെ അവർക്ക് മൂന്നു നേരവും അവരുടെ ഇഷ്ട ഭക്ഷണം കഴിക്കാം.

ആടു വിളന്താൻ മലനിരകൾ

കേരള-തമിഴ്നാട് അതിർത്തിയിലെ മതികെട്ടാൻചോലയുടെ താഴ്വരയിലെ ആടുവിളന്താൻ മലനിരകളിലാണ് വീണ്ടും റാഗി കൃഷി സജീവമായത്. കുടിയിലെ മുതുവാൻ വിഭാഗക്കാരാണ് പത്ത് ഏക്കറിൽ പരമ്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്യുന്നത്. കുടിക്കാരുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ് റാഗി. 300 വർഷത്തോളം പഴക്കമുള്ള കുടിയാണിത്. ഇവിടത്തെ പ്രധാന ഉപജീവനമാർഗവും കൃഷിതന്നെ. രണ്ട് പതിറ്റാണ്ട് മുമ്പുവരെ കുടിക്കാർ തങ്ങൾക്കാവശ്യമായ റാഗിയടക്കമുള്ളവയും മറ്റ് കാർഷിക വിളകളും യഥേഷ്ടം ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ, പല കാരണങ്ങൾകൊണ്ട് ഈ കൃഷി ഭൂമികൾ ഇല്ലാതായി. ചുരുങ്ങിയ ഇടങ്ങളിലേക്ക് കൃഷി കേന്ദ്രീകരിക്കപ്പെട്ടു. അങ്ങനെ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട റാഗികൃഷിയും പേരിന് മാത്രമായി.

അങ്ങനെയിരിക്കെയാണ് നാടിനെ ഒന്നാകെ വെള്ളത്തിലാക്കിയ പ്രളയം അവശേഷിച്ച കൃഷിയിടങ്ങളെയും കൂടി മുക്കിക്കളഞ്ഞത്. ഇതോടെ, പലരും കൃഷിയിൽനിന്ന് പിന്തിരിഞ്ഞു. തൊട്ടുപിന്നാലെ എത്തിയ കോവിഡും ആടുവിളന്താൻ കുടിയെ വീർപ്പുമുട്ടിച്ചു. പലപ്പോഴും വയറ് മുറുക്കി ഉടുക്കേണ്ട സാഹചര്യവും വന്നു. പണിയില്ലാതായതോടെ വിശപ്പ് മാറ്റാൻ റേഷനും മറ്റ് സാധനങ്ങൾക്കും വേണ്ടി കാത്തിരിക്കേണ്ടിവന്നു.

ആ കാത്തിരിപ്പ് ഒരു പാഠമായിരുന്നുവെന്നും അതിലൂടെയാണ് അന്യംനിന്നുപോയ റാഗി കൃഷി വീണ്ടും പുനരുജ്ജീവിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് കുടിയിലെ പതിന​േഞ്ചാളം വീട്ടുകാർ തീരുമാനിക്കുന്നതെന്നും കർഷകൻ എസ്.പി. വെങ്കിടാചലം പറയുന്നു. അന്ന് ഉറപ്പിച്ചു വീണ്ടും താഴ്ചവാരത്ത് കൃഷിയിറക്കാൻ. അങ്ങനെ കുടിയിലെ തങ്കരാജ്, വെങ്കിടാചലം, മല്ലിക, കൃഷ്ണൻ, സുന്ദര മാണിക്യൻ, തങ്കമണി, പ്രഭു, പഴനിയമ്മ, ചന്ദനകുമാരി, നന്ദകുമാർ, കവിത, ശക്തി എന്നിവർ ചേർന്ന് തങ്ങളുടെ കുടിയിൽ റാഗികൃഷിയുടെ വിളവിറക്കാൻ മുന്നിട്ടിറങ്ങി.

വിളഞ്ഞത് നൂറ​ുമേനി

റാഗി കൃഷി വിപ്ലവത്തിന് ശാന്തൻപാറ കൃഷി ഭവന്‍റെയും തൊഴിലുറപ്പ് പദ്ധതിയുടെയുമടക്കം സഹായവും ആടുവിളന്താൻ കുടിയിലെ കർഷകർക്ക് ലഭിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നിലമൊരുക്കി. ജൂണിൽ വിത്ത് വിതച്ചു. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുപ്പ് കാലം. നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി, ചങ്ങല തുടങ്ങി ഗോത്ര മേഖലയിലെ പ്രാദേശിക ഇനം വിത്തുകളാണ് നട്ടത്. മുമ്പ് ഇരുപതോളം ഇനം റാഗി വിത്തുകളുണ്ടായിരുന്നു.

വിളവെടുപ്പിൽ ഇത്തവണ ഏക്കറിന് 500 കിലോ റാഗി വരെ ലഭിച്ചു. ഈ വർഷം മുതൽ പത്തേക്കറിൽകൂടി കൃഷിചെയ്ത് വിളകൾ വാണിജ്യാടിസ്ഥാനത്തിൽ മറ്റിടങ്ങളിലേക്കും എത്തിക്കാൻ താൽപര്യമുണ്ടെന്ന് കർഷകർ പറയുന്നു. കൂടാതെ ഏലം, കാപ്പി, ബീന്‍സ് എന്നിവയും കൃഷിചെയ്തു വരുന്നു.

65 കുടുംബങ്ങളുണ്ട് ഇപ്പോൾ ആടുവിളന്താനിൽ. കോവിഡ് കാലത്താണ് തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണശീലങ്ങൾ മൺമറയുന്നുവെന്ന് ഇവിടത്തുകാർക്ക് മനസ്സിലായത്. പലപ്പോഴും പുറത്തുനിന്ന് റാഗി വാങ്ങി കഴിക്കേണ്ടിവന്നു. പലർക്കും അതിനുള്ള സാഹചര്യമില്ല, വലിയ വിലയും. പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കളെ ആശ്രയിച്ച് തുടങ്ങിയതോടെയാണ് തങ്ങൾ ജീവിതശൈലീരോഗങ്ങൾക്ക് ചികിത്സതേടി പോകേണ്ട സാഹചര്യത്തിലേക്കുകൂടി എത്തിയതെന്ന് കർഷകർ പറയുന്നു.

ഒരു കാലത്ത് കുടിയിൽ കേൾക്കാനില്ലാതിരുന്ന ഷുഗർ, പ്രഷർ അടക്കമുള്ള രോഗാവസ്ഥകളും കണ്ടുതുടങ്ങി. ഇതുകൂടിയാണ് ഒരു തിരിച്ചുപോക്കിന് കുടിക്കാരെ പ്രേരിപ്പിച്ചത്. ശക്തമായ മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും അതെല്ലാം മറികടന്ന് അവർ കൃഷിയിടങ്ങളിൽ തിരക്കിലാണ്.

Tags:    
News Summary - Ragi Cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.