സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിങ്ടൺ: സിറിയയെ 'ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ' പട്ടികയിൽ നിന്ന് ഔദ്യോഗികമായി ഒഴിവാക്കി അമേരിക്ക. പ്രസിഡന്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ.

പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ ഔദ്യോഗികമായി നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8-ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ തീരുമാനം കോൺഗ്രസിനെ അറിയിക്കുകയും, 45 ദിവസത്തെ കോൺഗ്രസ് അവലോകന കാലയളവ് പൂർത്തിയാവുകയും ചെയ്തതോടെയാണ് ഇത് നിലവിൽ വന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് സിറിയ പൂർണമായി അകലം പാലിക്കുമെന്ന് പ്രസിഡന്റ് അഹമ്മദ് അശ്ശറാ നൽകിയ ഉറപ്പുകളുടെയും പുതിയ നടപടികളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

അമേരിക്കയുടെ ഈ നടപടിയെ സിറിയൻ പ്രസിഡന്റ് അഹമ്മദ് അശ്ശറാ സോഷ്യൽ മീഡിയയിലൂടെ സ്വാഗതം ചെയ്തു. വേദന നിറഞ്ഞ പഴയ കാലം അവസാനിപ്പിച്ച് വികസനത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പുതിയൊരു ലോകത്തേക്ക് രാജ്യം കടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1979 മുതൽ യു.എസിന്റെ കറുത്ത പട്ടികയിലുണ്ടായിരുന്ന രാജ്യമാണ് സിറിയ. മുൻ പ്രസിഡന്റ് ഹാഫിസുൽ അസദിന്റെ കാലത്താണ് സിറിയക്കെതിരെ ഈ ആരോപണം ഉന്നയിക്കപ്പെട്ടത്. ശേഷം അദ്ദേഹത്തിന്റെ മകൻ ബശ്ശാറുൽ അസദിന്റെ ഭരണകാലത്തും ഈ നിയന്ത്രണങ്ങൾ തുടർന്നിരുന്നു. ഒടുവിൽ 2024 ഡിസംബറിലെ വിപ്ലവത്തിലൂടെ അശ്ശാറയു​ടെ നേതൃത്വത്തിലുള്ള വിമതർ ബശ്ശാറിന്റെ പുറത്താക്കുകയായിരുന്നു.

ഈ ഭീകരവാദ പട്ടിക കാരണം സിറിയക്ക് വിദേശ സഹായങ്ങളും പ്രതിരോധ കയറ്റുമതിയും സാമ്പത്തിക ഇടപാടുകളും വലിയ തോതിൽ തടസ്സപ്പെട്ടിരുന്നു. ഉപരോധങ്ങളിൽ ഇളവുകൾ വന്നതിനുശേഷവും ഈ പട്ടികയിലുള്ള പേര് കാരണം ബാങ്കുകളും നിക്ഷേപകരും സിറിയയിൽ പണം മുടക്കാൻ മടിച്ചിരുന്നു.

പുതിയ പ്രഖ്യാപനത്തോടൊപ്പം, അശ്ശാറയുടെ സംഘടനയെയും ആഗോള ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും സിറിയയിലെ യു.എസ് പ്രതിനിധി ടോം ബരാക്കും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. സിറിയയുടെ സാമ്പത്തിക വീണ്ടെടുപ്പിനും ആഗോള സാമ്പത്തിക വ്യവസ്ഥയുമായി വീണ്ടും ഇണങ്ങി ചേരുന്നതിനും ഈ തീരുമാനം വലിയൊരു വഴിത്തിരിവാകുമെന്ന് സിറിയൻ ധനമന്ത്രാലയവും സെൻട്രൽ ബാങ്ക് ഗവർണറും വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുന്നതിനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ ചരിത്രപരമായ നീക്കം ഏറെ സഹായിക്കുമെന്നാണ് സിറിയയുടെ പ്രതീക്ഷ.

Tags:    
News Summary - U.S. removes Syria from state sponsor of terrorism list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.