ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്

‘പ്രതിനിധി സംഘത്തിന്റെ വിശ്വാസം നേടിയെടുക്കാൻ യു.എസിനായില്ല’ - ഇറാൻ പാർലമെന്റ് സ്പീക്കർ

ഇസ് ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ നടന്ന നിർണായക ചർച്ചയിൽ അമേരിക്കൻ പക്ഷം ഇറാൻ പ്രതിനിധികളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്.

ഏറെ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയിരുന്ന ഇറാൻ-അമേരിക്കൻ ചർച്ച ഫലം കാണാതെ പിരിഞ്ഞതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്ലാമാബാദിൽ ഏപ്രിൽ 10, 11 തീയതികളിൽ നടന്ന ഉന്നതതല ചർച്ചകളാണ് കരാറിലെത്താതെ അവസാനിച്ചത്.

ചർച്ചകളിൽ ഇറാൻ പ്രതിനിധികൾ ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെങ്കിലും അമേരിക്കയുടെ നിലപാടുകൾ വിശ്വാസ്യതയുള്ളതായിരുന്നില്ലെന്ന് ഖാലിബാഫ് തന്റെ എക്സ് സന്ദേശത്തിലൂടെ പറഞ്ഞു. മുൻകാല യുദ്ധാനുഭവങ്ങൾ കണക്കിലെടുത്ത് അമേരിക്കയെ വിശ്വസിക്കാൻ ഇറാൻ തയാറല്ല. ഇറാന്റെ തത്വങ്ങളും യുക്തിയും യു.എസ് മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ കരാറിലെത്താൻ ആവശ്യമായ വിശ്വാസ്യത തെളിയിക്കാൻ അവർക്ക് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച ഖാലിബാഫ്, ഇറാനിലെ 9 കോടി ജനങ്ങൾ ഭരണകൂടത്തിന് പിന്നിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ഓർമിപ്പിച്ചു.

അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ആരോപിച്ചു. 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറില്ലെന്ന പ്രഖ്യാപനമുണ്ടായത്. ഒരു കരാറിലെത്താൻ സാധിച്ചില്ല എന്നത് ഇറാനാണ് വലിയ തിരിച്ചടിയാവുക. ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന ഉറപ്പാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് ജെ.ഡി വാൻസ് പറഞ്ഞു.

ആണവ പദ്ധതികൾക്ക് പുറമെ സമുദ്രവ്യാപാര പാതയായ ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇരുവിഭാഗവും തമ്മിൽ പ്രധാനമായും തർക്കം നിലനിന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഷിങ്ടണിന്റെ അമിതമായ ആവശ്യങ്ങളാണ് വിഘാതമായതെന്ന് തസ്നീം വാർത്ത ഏജൻസി കുറ്റപ്പെടുത്തി.

ഒറ്റ സെഷനിൽ തന്നെ വലിയൊരു ഉടമ്പടി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചത്. മേഖലയിലെ സഖ്യകക്ഷികളുമായും പാകിസ്താനുമായും ചർച്ചകൾ തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ തുടരുമോ എന്ന കാര്യത്തിൽ ഇരുപക്ഷത്തുനിന്നും വ്യക്തത വന്നിട്ടില്ല.

1979ലെ വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയും ഉയർന്ന തലത്തിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നത്. ഫെബ്രുവരി 28ന് ഇറാനുമേൽ ആരംഭിച്ച ഇസ്രായേൽ-അമേരിക്കൻ സംയുക്താക്രമണമാണ് കടുത്ത യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ നയിച്ചത്.

Tags:    
News Summary - US failed to gain the trust of the delegation - Iranian Parliament Speaker on the failure of the discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.