മുജ്തബ ഖാംനഈ


ട്രംപിന്റെ ഭീഷണിക്കിടയിലും സമാധാനനീക്കം; ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശവുമായി മുജ്തബ ഖാംനഈ

തെഹ്റാൻ: യുദ്ധം മൂലം തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ നിർദേശം നൽകിയതായി പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇറാൻ സന്നദ്ധമാണെന്നും എന്നാൽ സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന ഒരു പൊതുചടങ്ങിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സൈനിക സംഘർഷത്തിനും നയതന്ത്ര പ്രതിസന്ധിക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ് ഖാംനഈയുടെ നിർദേശം പുറത്തുവന്നിരിക്കുന്നത്. നിലവിലെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് പരമോന്നത നേതാവ് നിർദേശം നൽകിയതെന്ന് പെസഷ്കിയാൻ പറഞ്ഞു.

രാജ്യത്തിന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് ഇറാൻ തയാറാണ്. മാന്യമായ രീതിയിൽ ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ചർച്ചകളിലൂടെ രാജ്യത്തിന്റെ അവകാശങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെങ്കിൽ യുദ്ധം ഒഴിവാക്കുന്നതാണ് ഉചിതം. എന്നാൽ ബലപ്രയോഗത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

യു.എന്നിൽ നടത്തിയ പ്രസംഗത്തിലും നീതിയുടെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിച്ചിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തുമെന്ന് അടുത്തിടെ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ പുതിയ ആക്രമണങ്ങളുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അമേരിക്ക അംഗീകരിച്ചിട്ടില്ല. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുക, ചില സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, വ്യോമാക്രമണങ്ങൾ നിർത്തുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. ഇതിന് പകരമായി ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നു.

രണ്ടുദിവസത്തിനകം കരാറിലെത്തുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ യാഥാർഥ്യബോധമില്ലാത്തതാണെന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഞായറാഴ്ച പ്രതികരിച്ചത്. അതേസമയം, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും പ്രായോഗികമായ നിർദേശമാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖാഈ തിങ്കളാഴ്ച വ്യക്തമാക്കി.

പരമോന്നത നേതാവിന്റെ പുതിയ നിർദേശം നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

 
Tags:    
News Summary - Khamenei Directs End To Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.