ട്രംപ് പറഞ്ഞിട്ടും യുക്രെയ്ൻ റഷ്യയോടത് ചെയ്തു; വെറുതെ വിടില്ലെന്ന് പുടിന്റെ ഭീഷണി
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനയും മുന്നറിയിപ്പുകളും അവഗണിച്ച് റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ യുക്രൈൻ ആക്രമണം തുടരുകയാണെന്ന് വ്ലാഡിമിർ പുടിൻ. എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് റഷ്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി അനിവാര്യമാണെന്നും ചൊവ്വാഴ്ച ക്രെംലിനിൽ ചേർന്ന യോഗത്തിൽ പുടിൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ശനിയാഴ്ച റഷ്യൻ കാർഗോ ഷിപ്പുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാധിത്വം യുക്രൈൻ ഏറ്റെടുത്തിട്ടുണ്ട്. ഫിൻലാന്റിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സ്പാർട്ട 2 എന്ന കപ്പൽ ആയുധങ്ങൾ വഹിച്ചു വരുന്നതിനാൽ തങ്ങളുടെ സൈന്യത്തിന് വെല്ലുവിളിയാണെന്നും അതിനാലാണ് ആക്രമിച്ചതെന്നുമാണ് വ്ലാദിമിർ സെലൻസ്കി പറഞ്ഞത്.
ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള അഭ്യർത്ഥനയും നിർദ്ദേശവും കീവ് ഭരണകൂടം അവഗണിക്കുകയാണ്. ഒക്ടോബറിൽ ട്രംപ് ഊർജ്ജ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമണങ്ങളിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും, മാസാവസാനം മുതൽ ആക്രമണങ്ങൾ വീണ്ടും ശക്തമായി. മോസ്കോ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും നിർത്തൂ എന്ന നിലപാടിലാണ് യുക്രൈൻ.
സർക്കാർ ഉദ്യോഗസ്ഥരും മുതിർന്ന എണ്ണ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പുടിൻ നിലപാട് കടുപ്പിച്ചത്. ഊർജ്ജ നിലയങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള അധിക നടപടികൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബർ അവസാനം മുതൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് റഷ്യൻ എണ്ണ ശുദ്ധീകരണശാലകളുടെ മൊത്തം ക്രൂഡ് ഓയിൽ സംസ്കരണ ശേഷിയിൽ 45 ശതമാനത്തോളം കുറവുണ്ടായതായി വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണങ്ങളെത്തുടർന്ന് റഷ്യയിലെ പല മേഖലകളിലും പെട്രോൾ, ഡീസൽ വിൽപ്പനക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ഇന്ധന വിപണിയിൽ പ്രതിസന്ധി തുടരുകയാണെങ്കിലും, ഒക്ടോബറിൽ ഉയർന്ന നിലയിലെത്തിയതിന് ശേഷം പെട്രോൾ വില ഇപ്പോൾ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.