‘ചൊവ്വാഴ്ച രാത്രി 8 മണി!’; ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് ട്രംപിന്റെ പുതിയ സമയപരിധി; നഷ്ടപരിഹാരമില്ലാതെ പിന്നോട്ടില്ലെന്ന് ഇറാൻ

വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് നൽകിയിരുന്ന സമയപരിധിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരിയ ഇളവ് അനുവദിച്ചു. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് പുതിയ സമയം നിശ്ചയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാനിരിക്കെ, “ചൊവ്വാഴ്ച രാത്രി 8:00 (ഈസ്റ്റേൺ ടൈം)!” എന്ന പുതിയ അന്ത്യശാസനമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ ഇറാൻ “നരകതുല്യമായ അവസ്ഥ” നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുദ്ധം മൂലം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇറാൻ. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന യുദ്ധക്കുറ്റമാണെന്ന് ഇറാൻ യു.എന്നിൽ ആരോപിച്ചു. ഹുർമുസിന് പുറമെ ചുവന്ന കടലിലെ പ്രധാന പാതയായ ബാബുൽ മന്ദബ് വഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തുമെന്ന് ഇറാൻ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ ആക്രമണങ്ങളിൽ വിവിധ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാനി​ലെ വൈദ്യുത നിലയങ്ങളും പാലങ്ങളും മുച്ചൂടും നശിപ്പിക്കുമെന്ന ഭീഷണിയുമായി ട്രൂത്ത് ​സോഷ്യലിൽ എഴുതിയ കുറിപ്പിൽ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. "ചൊവ്വാഴ്ച ഇറാനെ സംബന്ധിച്ചിടത്തോളം 'വൈദ്യുത നിലയങ്ങളുടെ ദിനവും' 'പാലങ്ങളുടെ ദിനവും' എല്ലാം ഒത്തുചേർന്ന ഒന്നായിരിക്കും. അതിനു തുല്യമായി മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല!!! ആ #@$%!& (തെറിവിളി) കടലിടുക്ക് അങ്ങ് തുറന്നു കൊടുത്തേക്ക്, ഭ്രാന്തൻ #@$%!& (തെറിവിളി); അല്ലെങ്കിൽ നിങ്ങൾ നരകത്തിലായിരിക്കും ജീവിക്കാൻ പോകുന്നത് - കണ്ടുതന്നെ അറിഞ്ഞോ! അല്ലാഹുവിന് സ്തുതി." -എന്നായിരുന്നു കുറിപ്പ്. നേരത്തെ മാർച്ച് 21നും ഏപ്രിൽ 6നും സമാനമായ രീതിയിൽ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

മുമ്പ് ഹുർമുസ് കടലിടുക്കിനെ അമേരിക്ക ആശ്രയിക്കുന്നില്ലെന്ന് പറഞ്ഞിരുന്ന ട്രംപ്, ഇപ്പോൾ കടുത്ത നിലപാടിലേക്ക് മാറിയത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ചൊവ്വാഴ്ചത്തെ സമയപരിധി കഴിയുന്നതോടെ ലോകം മറ്റൊരു വലിയ സൈനിക നീക്കത്തിന് സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കയിലാണ് ലോകം. 

Tags:    
News Summary - Trump sets new deadline for Iran to open Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.