കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമാക്കി വൻ വ്യോമാക്രമണവുമായി റഷ്യ. ആണവവാഹക ശേഷിയുള്ള അത്യാധുനിക പരീക്ഷണാത്മക ബാലിസ്റ്റിക് മിസൈലായ 'ഒറെഷ്നിക്' ഉൾപ്പെടെയുള്ള ഹൈപ്പർസോണിക് മിസൈലുകളുടെ വലിയൊരു നിരതന്നെ റഷ്യ ഈ ആക്രമണത്തിനായി ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. ആകെ 690 വ്യോമാക്രമണ ആയുധങ്ങളാണ് റഷ്യ ഒരൊറ്റ രാത്രികൊണ്ട് യുക്രെയ്നിലേക്ക് തൊടുത്തുവിട്ടത്.
റഷ്യൻ വ്യോമസേനയും നാവികസേനയും കരസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ആകെ 90 മിസൈലുകളും 600 ഡ്രോണുകളുമാണ് ഉപയോഗിച്ചത്.റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, ഇസ്‌കാൻഡർ, കിൻസാൽ, സിർക്കോൺ എന്നീ മിസൈലുകൾ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നു.ഇതിന്റെ കൃത്യമായ വിവരങ്ങൾ യുക്രെയ്ൻ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്.
യുക്രെയ്നിലെ സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമതാവളങ്ങൾ, പ്രതിരോധ വ്യവസായ ശാലകൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. തങ്ങളുടെ അതിർത്തിക്കുള്ളിൽ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും മോസ്കോ വ്യക്തമാക്കി.
എന്നാൽ യുക്രെയ്നിലെ ജനവാസ മേഖലകളിലാണ് വലിയ നാശനഷ്ടമുണ്ടായത്. രാജ്യത്തുടനീളമുള്ള 54 സ്ഥലങ്ങളിൽ മിസൈലുകളും ഡ്രോണുകളും പതിച്ചു. തലസ്ഥാനമായ കീവിലും പ്രാന്തപ്രദേശങ്ങളിലും നിരവധി പാർപ്പിട സമുച്ചയങ്ങൾ, ഒരു സ്കൂൾ, പൊതു വിപണി എന്നിവ തകർന്നു. ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും അൻപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം.
ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തിലൂടെ റഷ്യൻ ആക്രമണത്തിന്റെ വലിയൊരു ഭാഗം തടയാൻ യുക്രെയ്ന് കഴിഞ്ഞു. ആകെ വന്ന 690 ലക്ഷ്യങ്ങളിൽ 604 എണ്ണവും യുക്രെയ്ൻ പ്രതിരോധ സേന തകർത്തു . ഇതിൽ 44 ക്രൂയിസ് മിസൈലുകളും 11 ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈലുകളും 549 ഡ്രോണുകളും ഉൾപ്പെടുന്നു.
എന്നിരുന്നാലും, റഷ്യയുടെ അതിവേഗ ഹൈപ്പർസോണിക് മിസൈലുകളെയും ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലിനെയും തടുക്കാൻ തങ്ങളുടെ നിലവിലെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തുറന്നുപറഞ്ഞു.ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചതോടെ ആഗോള തലത്തിൽ ആശങ്ക ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.