വെടിനിർത്തലിനിടെയും ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; വടക്കൻ മേഖലകളിൽ ഒഴിപ്പിക്കൽ ഉത്തരവ്

ബെയ്‌റൂത്ത്: ഹിസ്ബുല്ലയുമായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുന്നു. നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് പുറത്തുള്ള ഗ്രാമങ്ങളിലെ താമസക്കാരോട് ഉടൻ വീടൊഴിയാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഉത്തരവിട്ടു.

നബതിഹ് ജില്ലയിലെ ലിതാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളിലെ ജനങ്ങളോടാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സൈന്യം ആവശ്യപ്പെട്ടത്. വീടുകളിൽ നിന്ന് കുറഞ്ഞത് 1,000 മീറ്റർ (0.6 മൈൽ) അകലെയുള്ള തുറസ്സായ സ്ഥലങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം. ഇസ്രായേൽ സൈനിക വക്താവ് അവിചായ് അദ്രെയാണ് ഞായറാഴ്ച എക്സിലൂടെ മുന്നറിയിപ്പ് നൽകിയത്.

ഒഴിപ്പിക്കൽ ഉത്തരവിന് പിന്നാലെ തെക്കൻ ലബനാനിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ലിതാനി നദിയുടെ വടക്കൻ മേഖലകളിലേക്കും ആക്രമണം വ്യാപിക്കുന്നത് വെടിനിർത്തൽ കരാറിനെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഒഴിപ്പിക്കൽ ഉത്തരവിൽ ഉൾപ്പെടാത്ത ഗ്രാമങ്ങളിലും ആക്രമണം നടന്നതായി ലബനാന്റെ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 17ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ ഇപ്പോൾ പേരിനു മാത്രമായി മാറിയിരിക്കുകയാണ്. ലിതാനി നദിക്ക് വടക്ക് ഭാഗത്തുള്ള ഭീഷണികളും ഇല്ലാതാക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മാത്രം നടന്ന ആക്രമണങ്ങളിൽ ലെബനനിൽ 10 പേർ കൊല്ലപ്പെട്ടു. മാർച്ച് രണ്ടിന് ശേഷം ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിൽ മരിച്ചവരുടെ ആകെ എണ്ണം 2,659 ആയി ഉയർന്നു. 8,183 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ സൈന്യം വെടിനിർത്തൽ പൂർണമായി നടപ്പാക്കിയാൽ മാത്രമേ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ എന്ന് ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Israel intensifies attacks in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.