യുദ്ധം അവസാനിപ്പിക്കുന്നതിൽ യു.എസും ഇസ്രായേലും രണ്ടുതട്ടിൽ; സൈനികനീക്കം തുടരുമെന്ന് നെതന്യാഹു

വാഷിങ്ടൺ: പ്രകോപനമൊന്നുമില്ലാതെ ഇറാനിൽ സംയുക്തആക്രമണം ആരംഭിച്ച ഇസ്രായേലും യു.എസും യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ രണ്ടുതട്ടിൽ. സൈനികനീക്കം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുമ്പോൾ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ഇറാനെ "ക്രമാനുഗതമായി തകർക്കുകയാണ്" എന്നുമായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രതികരണം.

ശത്രുക്കൾ വീണ്ടും ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയാൽ, യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യത്തിന് "ആവശ്യമായ ഇച്ഛാശക്തി" ഉണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ്, ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകൾ. എന്നാൽ സംയുക്തമായി ആക്രമണം തുടങ്ങിയ ട്രംപും നെതന്യാഹുവും യുദ്ധം അനസാനിപ്പിക്കുന്നതിൽ ഭിന്നാഭിപ്രായമാണ് പറഞ്ഞത്. സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ പിന്മാറുമെന്ന സൂചനയാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് നൽകിയത്. 'ഞങ്ങൾ ഉടൻ തന്നെ ഇറാനിൽ നിന്ന് മടങ്ങും. രണ്ടാഴ്ച, അല്ലെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം ഉണ്ടായേക്കാം,' ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഒരു നയതന്ത്ര കരാർ ഉണ്ടാക്കിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിർബന്ധം അമേരിക്കക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാന്റെ ആണവായുധ ശേഷി പൂർണ്ണമായും ഇല്ലാതാക്കിയതിന് ശേഷം മാത്രമേ പിന്മാറ്റം പൂർത്തിയാകൂ എന്ന് അദ്ദേഹം അറിയിച്ചു.

എന്നാൽ ഇറാനുമായുള്ള സംഘർഷത്തിൽ വിലയ നേട്ടമുണ്ടായെന്നും ആക്രണം തുടരുമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ഇറാനിൽ നേടിയ വലിയ നേട്ടങ്ങളുണ്ടാക്കിയെന്ന് പറഞ്ഞ നെതന്യാഹു അതിനെ പ്രശംസിക്കുകയും ചെയ്തു.ഇറാനിയൻ ഭരണകൂടം താമസിയാതെ അല്ലെങ്കിൽ പിന്നീട് തകരുമെന്ന് നെതന്യാഹു പെസഹാ പെരുന്നാളിന് മുമ്പ് ഹീബ്രുവിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ഉയർത്തുന്ന കൂട്ടായ ഭീഷണിയെ നേരിടാൻ ഇസ്രായേൽ "മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ" ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉടൻ തന്നെ, സുപ്രധാന സഖ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഇറാൻ വിഷയത്തിൽ നിർണായകമായ അപ്ഡേറ്റുകൾ പങ്കുവെക്കുന്നതിനായി ബുധനാഴ്ച രാത്രി 9 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 6:30) ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രിൽ ഒന്ന് മുതൽ ഗൂഗ്‌ൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ടെസ്‌ല തുടങ്ങി 18 പ്രമുഖ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണോ ട്രംപിന്‍റെ പിന്മാറ്റം എന്ന് വ്യക്തമല്ല.

ഇസ്രാൽ പ്രധാന മന്ത്രി നെതന്യാഹുവിന്‍റെ താൽപ്പര്യത്തിന് വഴങ്ങിയാണ് ട്രംപ് ഇറാനെ ആക്രമിക്കാൻ പുറപ്പെട്ടതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ ട്രംപിന് യു.എസിൽ നിന്നും ശക്തമായ എതിർപ്പ് നേരിടുന്നുണ്ട്.അതേസമയം സമാധാനത്തിനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞെങ്കിലും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇത് തള്ളിക്കളഞ്ഞു. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നില്ലെന്നും സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും അവയെ ചർച്ചകളായി കാണാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, ഹുർമുസ് കടലിടുക്ക് തുറന്നു നൽകുക തുടങ്ങിയ 15 നിർദ്ദേശങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാത്ത പക്ഷം സൈനിക നീക്കം ശക്തമാക്കുമെന്നും നേരത്തെ വാഷിങ്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ 15 നിർദേശങ്ങൾ തള്ളുകയും ഇറാൻ മുന്നോട്ട് വെച്ച അഞ്ച് നിർദേശങ്ങൾ അംഗീകരിക്കുകയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കാം എന്ന് ഇറാൻ അമേരിക്കയോട് വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഈ യുദ്ധം ആഗോള വിപണിയെയും ഊർജ്ജ മേഖലയെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    
News Summary - Iran war: Trump Ready To Leave Iran Without Deal, Israel Vows To "Crush Terror Regime"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.