‘വിട്ടുവീഴ്ചയില്ല’; യു.എസ് തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാൻ നിലപാട് കടുപ്പിച്ചതായി വിലയിരുത്തൽ

വാഷിങ്ടൺ/തെഹ്‌റാൻ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് പിന്നാലെ ഇറാൻ അമേരിക്കയുമായുള്ള നയതന്ത്ര നിലപാടുകൾ കൂടുതൽ കടുപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണരീതിക്കെതിരെയുള്ള ജനവിരുദ്ധ വിധിയായാണ് തെരഞ്ഞെടുപ്പ് ഫലത്തെ തെഹ്‌റാൻ വിലയിരുത്തുന്നത്. അമേരിക്കയെ ചർച്ചാമേശയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി യുദ്ധം കൂടുതൽ വ്യാപിപ്പിക്കാൻ ഇറാൻ പുതിയ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായി ഹുർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം കടുപ്പിക്കാൻ സാധ്യതയുണ്ടെന്നും ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്, യൂറോപ്യൻ, ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഇറാൻ ട്രാൻസിറ്റ് ഫീസ് നൽകാത്ത കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കാനാണ് നീക്കം. കടലിടുക്ക് അടച്ചുപൂട്ടുന്നതിലൂടെ അമേരിക്കൻ വോട്ടർമാരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കാനുള്ള തന്ത്രം ഫലം കണ്ടതായി പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വാഷിങ്ടണിനെതിരെയുള്ള ഇറാന്റെ വിജയമായാണ് അവർ കാണുന്നത്. അതിനാൽ ചർച്ചകളിൽ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ പ്രതിരോധം ശക്തമാക്കാനാണ് അവരുടെ തീരുമാനം.

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തന്റെ വോട്ടർമാരുടെയും പാർട്ടിയുടെയും ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് ഇറാൻ കരുതുന്നു’- തെഹ്‌റാനിലെ രാഷ്ട്രീയ നിരീക്ഷകനായ പെയ്മാൻ സലേഹി ‘ന്യൂയോർക്ക് ടൈംസി’നോട് പറഞ്ഞു. അതുകൊണ്ടുതന്നെ അവർ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. കൂടുതൽ ശക്തരായ അവർ ഇപ്പോൾ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, അമേരിക്കയുടെയും യൂറോപ്പിന്റെയും നിലപാടുകൾ ഇതിൽ ഭിന്നമാണ്. ബില്യൺ കണക്കിന് ഡോളർ വരുന്ന മരവിപ്പിച്ച ആസ്തികൾ യുഎസ് ലഭ്യമാക്കുകയാണെങ്കിൽ കരാറിലെത്താൻ ഇറാൻ ഇപ്പോഴും തയ്യാറാണെന്നാണ് അമേരിക്കൻ-യൂറോപ്യൻ ഇന്റലിജൻസിന്റെ വിലയിരുത്തൽ. അതേസമയം, ഇന്ധന വിലയും മറ്റ് സാധനങ്ങളുടെ വിലയും വീണ്ടും കുതിച്ചുയരാൻ ഇടയാക്കുന്ന ആക്രമണ പദ്ധതികളാണ് ഇറാൻ ആസൂത്രണം ചെയ്യുന്നതെന്ന് മറ്റ് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കൻ രാഷ്ട്രീയത്തെ ഇറാനിയൻ നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് അടുത്ത വർഷം ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയുടെ അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കുന്ന ഡെമോക്രാറ്റ് കോൺഗ്രസ്മാൻ ജിം ഹിംസ് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം ഭരണകൂടത്തിന് വ്യക്തമാണ്. ട്രംപ് ഭരണകൂടത്തിന് മേൽ തങ്ങൾക്ക് വലിയ തന്ത്രപരമായ സ്വാധീനമുണ്ടെന്ന് അവർ കരുതുന്നു’-അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഉപരോധങ്ങളും സൈനിക സമ്മർദ്ദവും ഇറാനിലേക്കുള്ള ഇറക്കുമതി വൻതോതിൽ കുറക്കുകയും രാജ്യത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറിലെത്തുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഹുർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകാൻ അനുവദിക്കുന്നതിന് മുൻപ് തങ്ങൾക്ക് ഉപരോധങ്ങളിൽ ഇളവും അറബ് രാജ്യങ്ങളിൽനിന്ന് പണവും ലഭിക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാൽ കപ്പലുകൾക്ക് നേരെ ആക്രമണം നിർത്തിവെച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കുകയോ ഉപരോധം നീക്കുകയോ ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് യു.എസ്. ഈ തർക്കം കാരണം ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

തെഞ്ഞെടുപ്പ് ഫലം ഇറാനുണ്ടാക്കിയ ആത്മവിശ്വാസം വാഷിങ്ടണിൽ ആശങ്ക പരത്തിയിട്ടുണ്ട്. യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണമായെന്ന് വൈസ് പ്രസിഡന്റ് ജെഡി. വൻസ് പറഞ്ഞതിന് പിന്നാലെ, ട്രംപ് അദ്ദേഹത്തെ നയതന്ത്ര സംഘത്തിൽനിന്ന് ഒഴിവാക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വൈറ്റ് ഹൗസിലെ ആഴത്തിലുള്ള ഭിന്നതയുടെ തെളിവായിട്ടാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ഇതിനെ വ്യാഖ്യാനിച്ചത്.

പ്രസിഡന്റ് ട്രംപിന് മുന്നിൽ ഇപ്പോൾ പല വഴികളാണുള്ളത്. വീണ്ടും ഒരു കരാറിന് ശ്രമിക്കുക, ആക്രമണങ്ങൾ പുനരാരംഭിക്കുക, അല്ലെങ്കിൽ മേഖലയിൽ വിന്യസിച്ചിരിക്കുന്ന വൻ യുവസൈന്യത്തെ പിൻവലിക്കുക എന്നിവയാണവ. എങ്കിലും, ഇസ്രായേലിന്റെ ഏകപക്ഷീയമായ നീക്കമോ അമേരിക്കൻ താല്പര്യങ്ങൾക്ക് മേലുള്ള ഇറാന്റെ ആക്രമണമോ ട്രംപിനെ തിരിച്ചടിക്കാൻ നിർബന്ധിതനാക്കിയേക്കാം.

ഇറാനിയൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയുടെ വക്കിലെത്തിക്കാൻ ഊർജ്ജ അടിത്തറ ലക്ഷ്യമിട്ടുള്ള മറ്റൊരു സൈനിക ആക്രമണത്തിന് കഴിയുമെന്ന് ചില യു.എസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. അതേസമയം, പ്രാദേശിക രാജ്യങ്ങളുടെ മാധ്യസ്ഥതയിൽ അനൗദ്യോഗിക ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്.

Tags:    
News Summary - Iran hardens stance after US midterm setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.