എവറസ്റ്റല്ല, ഏറ്റവും വലിയ കൊടുമുടി; ഗവേഷക ലോകത്ത് പുതിയ സംവാദം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എവറസ്റ്റാണെന്ന നമ്മുടെ ധാരണക്ക് ഗവേഷക ലോകത്തിന്‍െറ തിരുത്ത്.  എവറസ്റ്റിനെക്കാളും ഉയരമുള്ള കൊടുമുടികള്‍ ഭൂമിയിലുണ്ടെന്ന് ഒരു വിഭാഗം ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എക്വഡോറിലെ ഷിംബൊറാസോ മലനിരകള്‍ എവറസ്റ്റിനെക്കാളും ‘ഉയരത്തിലാണ’ത്രെ. അങ്ങനെ തോന്നണമെങ്കില്‍ നാം നമ്മുടെ പാരമ്പര്യ അളവുരീതികള്‍ മാറ്റണമെന്നു മാത്രം.സമുദ്രനിരപ്പില്‍നിന്ന് 9000 മീറ്റര്‍ ഉയരമുണ്ട് എവറസ്റ്റിന്. നിലവിലെ അളവുരീതിയനുസരിച്ച്, രണ്ടാമത്തെ കൊടുമുടി എവറസ്റ്റിനെക്കാള്‍ ആയിരം മീറ്ററെങ്കിലും ഉയരം കുറവാണ്. എന്നാല്‍, സമുദ്രനിരപ്പ് അടിസ്ഥാനമാക്കിയുള്ള അളവിനുപകരം, ശൂന്യാകാശത്തുനിന്നുള്ള കണക്കെടുത്താല്‍ ഷിംബൊറാസോ എവറസ്റ്റിനെ തോല്‍പിക്കും. ഭൂമിയുടെ പ്രത്യേകമായ ആകൃതിയാണ് ഇതിനുകാരണം.

ഭൂമി കൃത്യമായും ഗോളമല്ല.മുകളിലും താഴെയും അല്‍പം ‘പരന്നിട്ടു’മാണ്. ഇതുകാരണം, ഭൂമധ്യരേഖയോടടുത്തുള്ള മലനിരകള്‍ക്ക് സ്വാഭാവികമായും ഉയരം കൂടും. ഭൂമിയുടെ ആന്തരിക കേന്ദ്രത്തില്‍നിന്ന് (അകക്കാമ്പ്) തിട്ടപ്പെടുത്തിയാലും ഷിംബൊറാസോയുടെ ഉയരം എവറസ്റ്റിനെക്കാള്‍ കൂടുതല്‍ വരും. ഈ അളവ് രീതിയനുസരിച്ച് ആദ്യ 20 കൊടുമുടികളുടെ പട്ടികയിലും എവറസ്റ്റുണ്ടായില്ല. ഫ്രാന്‍സിലെ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്പ്മെന്‍റിലെ ഗവേഷകരാണ് പുതിയ അളവുരീതികളെക്കുറിച്ച ആശയം പുറത്തുവിട്ടത്. ഭൂമിയുടെ സവിശേഷ ആകൃതി കാരണം, സമുദ്രനിരപ്പിനെ അടിസ്ഥാനമാക്കിയുള്ള അളവുരീതി പൂര്‍ണമായും ശരിയാകില്ളെന്ന വാദമാണ് ഇവര്‍ക്കുള്ളത്. പരമ്പരാഗതമായ ഈ രീതിക്ക് വേറെയും ന്യൂനതകളുണ്ട്.

ചില പര്‍വതങ്ങളുടെ അടിഭാഗം കിടക്കുന്നത് സമുദ്രത്തിലാണ്. ഈ പര്‍വതങ്ങളുടെ ഉയരം കണക്കാക്കുന്നത് സമുദ്രനിരപ്പിനെ അടിസ്ഥാനമാക്കിയായാല്‍ അത് കൃത്യമാകില്ല. ഹവായിയിലെ മൗനാ കീ പര്‍വതനിരകള്‍ ഇതിന് മികച്ച ഉദാഹരണമാണ്. ഇവയുടെ  വലിയൊരു ഭാഗവും കടലിനടിയിലാണ്. എന്നാല്‍, ഇവയുടെ ഉയരം കണക്കാക്കിയിരിക്കുന്നത് സമുദ്രനിരപ്പുതൊട്ടുള്ള പര്‍വതഭാഗം മാത്രം പരിഗണിച്ചാണ്. പരമ്പരാഗത രീതിയില്‍നിന്ന് മാറിയാണ് ഉയരം കണക്കാക്കിയിരുന്നതെങ്കില്‍ മൗനാ കീയും എവറസ്റ്റിനെ തോല്‍പിച്ചേനെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.