വ്ലാദിമിർ പുടിൻ നാലാമതും റഷ്യൻ പ്രസിഡന്റ്
മോസ്കോ: ഞായറാഴ്ച നടന്ന റഷ്യൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിൻ നേടിയ വിജയം നേരത്തേ പ്രതീക്ഷിക്കപ്പെട്ടത്. ശക്തരായ എതിർസ്ഥാനാർഥികൾ ആരുംതന്നെ ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് നീതിപൂർവമല്ലെന്ന് വിവിധ കോണുകളിൽനിന്ന് ആരോപണമുയർന്നിരുന്നു. 76.7 ശതമാനം വോട്ടുകൾ നേടിയാണ് പ്രസിഡൻറ് പദത്തിലേക്ക് നാലാമതും പുടിൻ തെരഞ്ഞെടുക്കപ്പട്ടത്. അടുത്ത ആറു വർഷത്തേക്കുകൂടി അധികാരമുറപ്പാക്കിയതോടെ ജോസഫ് സ്റ്റാലിന് ശേഷം രണ്ടു പതിറ്റാണ്ട് പ്രസിഡൻറ് പദവിയിൽ തുടരുന്ന ആദ്യ നേതാവാകും പുടിൻ.
പകുതിയിലേറെ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി പാവൽ ഗ്രുദിനിൻ 12 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. നാഷനലിസ്റ്റ് പാർട്ടിയുടെ വ്ലാദിമിർ സിരിനോവ്സ്കി ആറു ശതമാനം പേരുടെ പിന്തുണ നേടി.
ഫലം പുറത്തുവന്നയുടൻ അനുയായികളെ അഭിമുഖീകരിച്ച് സംസാരിച്ച പുടിൻ വോട്ടർമാർക്ക് നന്ദിയറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ സങ്കീർണമായ സാഹചര്യത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽനിന്ന് ലഭിച്ച അംഗീകാരമാണ് വിജയമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടുതൽ മുന്നോട്ടുപോകുന്നതിന് രാജ്യത്തിെൻറ െഎക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, തെരഞ്ഞെടുപ്പ് നീതിപൂർവകമല്ലെന്നു ചൂണ്ടിക്കാട്ടി ബഹിഷ്കരണത്തിന് വിവിധ പാർട്ടികൾ ആഹ്വാനം ചെയ്തിരുന്നു. വഞ്ചനക്കുറ്റത്തിൽ അകപ്പെട്ട പ്രമുഖ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് കോടതി തടയുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് അലക്സി നേരത്തേ ആരോപിച്ചിരുന്നു.
വലിയ ജനസ്വാധീനമുള്ള ഇദ്ദേഹമടക്കമുള്ളവരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ, 60 ശതമാനം ആളുകൾ വോട്ടു രേഖപ്പെടുത്തിയതായാണ് കണക്ക്. ബഹിഷ്കരണം വിജയിക്കാതിരിക്കാൻ റഷ്യൻ സർക്കാർ കൈക്കൊണ്ട നടപടികൾ വിജയകരമായതാണ് ഇത് സൂചിപ്പിക്കുന്നത്.
11 കോടിയോളം വോട്ടർമാരുള്ള രാജ്യത്ത് ഒരു ലക്ഷം ബൂത്തുകളാണ് ഒരുക്കിയിരുന്നത്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന റഷ്യക്കാർക്കും വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, സൈനിക താവളങ്ങൾ എന്നിവിടങ്ങളിലും പോളിങ് ബൂത്തുകൾ ഒരുക്കിയിരുന്നു.
വ്ലാദിമിർ പുടിൻ: അധികാര വഴികൾ
- 1952: സോവിയറ്റ് യൂനിയനിലെ ലെനിൻഗ്രാഡിൽ ജനനം
- 1975: സെൻറ് പീറ്റേഴ്സ്ബർഗ് സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദം
- 1975: കെ.ജി.ബിയിൽ വിദേശ രഹസ്യാന്വേഷകനായി ജോലിയിൽ പ്രവേശിച്ചു
- 1991: ലഫ്. കേണൽ പദവിയിലിരിക്കെ ജോലിയിൽനിന്ന് വിരമിച്ചു
- 1991-1996: സെൻറ് പീറ്റേഴ്സ്ബർഗിൽ പല സർക്കാർ -രാഷ്ട്രീയ പദവികൾ വഹിച്ചു
- 1997: ഒൗർ ഹോം റഷ്യ പാർട്ടിയുടെ സെൻറ് പീറ്റേഴ്സ് ബർഗ് തലവനായി
- 1999 ആഗസ്റ്റ്: പ്രധാനമന്ത്രിയായി നിയമിതനായി
- 1999 ഡിസംബർ: പ്രസിഡൻറ് ബോറിസ് യെൽറ്റ്സിൻ രാജിവെച്ചതോടെ ആക്ടിങ് പ്രസിഡൻറ്
- 2000: തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡൻറായി
- 2004 -2008: രണ്ടാമതും പ്രസിഡൻറ് പദത്തിൽ
- 2008 -12: പ്രധാനമന്ത്രി പദത്തിൽ രണ്ടാമത്
- 2012 -17: മൂന്നാം തവണ പ്രസിഡൻറ് പദവി
- 2018: നാലാം തവണ പ്രസിഡൻറ് പദത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.